ഇന്ത്യ മാത്രമല്ല, സൗദി അറേബ്യയും ഉണ്ട്; പുതിയ ഡാറ്റ പുറത്ത്, എങ്കിലും അമേരിക്ക തിരിയുന്നത്...
റഷ്യയുടെ എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഇരട്ട ചുങ്കം ചുമത്തിയത്. ബുധനാഴ്ച മുതല്‍ ഈ ചുങ്കം നിലവില്‍ വരികയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ചെലവേറിയതാകും എന്നതാണ് ഇതിന്റെ ഫലം. സ്വാഭാവികമായും കയറ്റുമതിക്കാര്‍ പിന്മാറുകയും ചെയ്യും.
ഇന്ത്യയ്‌ക്കെതിരായ നടപടി അമേരിക്ക ഏകപക്ഷീയമായി സ്വീകരിച്ചതാണ്. സമാനമായ നീക്കം നടത്തുന്ന ചൈന, സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യയുടേതിന് സമാനമായ ചുങ്കം അമേരിക്ക ചുമത്തിയിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ 50 ശതമാനമാണ് ചുങ്കം. ചൈനയ്‌ക്കെതിരെ അതിന്റെ പകുതിയേ വരുന്നുള്ളൂ. സൗദി അറേബ്യയ്ക്ക് വെറും പത്ത് ശതമാനവും. ഈ വേളയിലാണ് പുതിയ കണക്ക് പുറത്തുവന്നിരിക്കുന്നത്...

ജൂലൈ മാസത്തില്‍ റഷ്യയുടെ കടല്‍വഴിയുള്ള ഇന്ധന എണ്ണ കയറ്റുമതി കൂടുതലും സൗദി അറേബ്യയിലേക്കും ഇന്ത്യയിലേക്കും ആയിരുന്നു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ധന എണ്ണയ്ക്ക് പുറമെ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്ന വേളയില്‍ ലഭിക്കുന്ന വാക്വം ഗ്യാസോയിലും (വിജിഒ) കൂടുതല്‍ വന്നത് ഈ രണ്ട് രാജ്യങ്ങളിലേക്ക് ആണത്രെ.
എല്‍എസ്ഇജി ഡാറ്റയും വ്യാപാരികളില്‍ നിന്നുള്ള വിവരവും ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പന്നങ്ങള്‍ നേരത്തെ പ്രധാനമായും വാങ്ങിയിരുന്നത് യൂറോപ്യന്‍ യൂണിയന്‍ ആയിരുന്നു. 2023 ഫെബ്രുവരി മുതല്‍ ഈ ഇടപാട് ഇവര്‍ പൂര്‍ണമായും നിര്‍ത്തിയതോടെയാണ് മറ്റു രാജ്യങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത്.
സൗദി വാങ്ങിയത് 11 ലക്ഷം മെട്രിക് ടണ്‍
റഷ്യയുടെ തുറമുഖങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് 11 ലക്ഷം മെട്രിക് ടണ്‍ ഇന്ധന ഓയിലാണ് എത്തിയത്. ജൂണ്‍ മാസത്തിലും ഏതാണ്ട് ഇത്ര തന്നെയായിരുന്നു വന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത ചൂടായതിനാല്‍ വൈദ്യുതി ഉപയോഗം കൂടുതലാണ്. ഈ വേളയില്‍ അധികമായി വൈദ്യുതി ഉല്‍പ്പാദനം ആവശ്യമാണ്. ഇതിനു വേണ്ടിയാണ് ഇന്ധന എണ്ണ സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നത്.
ജൂണ്‍ മാസത്തേക്കാള്‍ 65 ശതമാനം കൂടുതല്‍ ഇന്ധന എണ്ണ ജൂലൈയില്‍ ഇന്ത്യയിലേക്ക് വന്നു എന്നാണ് എല്‍എസ്ഇജി ഡാറ്റ കാണിക്കുന്നത്. വില കുറവായതിനാലാണ് റഷ്യയുടെ ഈ ഇന്ധനം ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. എങ്കിലും ജൂലൈയില്‍ ഇളക്കുമതിയുടെ അളവ് കുറഞ്ഞിട്ടുണ്ട്.
ആഗസ്റ്റില്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയുടെ എണ്ണ വാങ്ങുന്നത് വീണ്ടും കുറച്ചു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മറ്റിടങ്ങളില്‍ വില കൂടുതലായതിനാല്‍ വീണ്ടും റഷ്യയുടെ എണ്ണ സ്വീകരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായി എന്നാണ് പുതിയ വിവരം. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം. എണ്ണ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications