ഷെരീഫ് പുറത്തായാല്‍ ആര്? പാകിസ്താനില്‍ വീണ്ടും കുടുംബാധിപത്യം... നവാസിന് പകരം അനുജന്‍ ഷഹബാസ്?
ഇസ്ലാമാബാദ്: പാനമ പേപ്പേഴ്‌സ് കേസില്‍ നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിക്കഴിഞ്ഞു. ആജീവനാന്ത കാലത്തേക്ക് ഷെരീഫിനെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കി എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചു.
പാകിസ്താനില്‍ വീണ്ടും കുടുംബ വാഴ്ചയുടെ കാലം വരുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച. പട്ടാള അട്ടിമറി എന്ന ഭയവും ഇതേ സമയം ഉയരുന്നുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രിയും പ്രസിഡന്റും ഒക്കെ ആയിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകളായി ബേനസീര്‍ ഭൂട്ടോ രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. ബേനസീറിന്റെ കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും ഭരണത്തിലെത്തി. സമാനമായ കാര്യങ്ങള്‍ ഇനിയും പാകിസ്താനില്‍ സംഭവിക്കുമോ എന്നാണ് ഏവരും നിരീക്ഷിക്കുന്നത്.
നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി ആയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഷഹബാസ്. അങ്ങനെ സംഭവിച്ചാല്‍ അധികാരം നവാസ് ഷെരീഫിന്റെ കൈയ്യില്‍ തന്നെ വീണ്ടും ഒതുങ്ങിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പേരും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇത് ഒരു സ്ഥിരം സംവിധാനം ആകാന്‍ ഇടയില്ല. ഷബബാസ് പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിക്കുന്നതുവരെയുള്ള സമയത്ത് മാത്രമാകും ഖ്വാജ ആസിഫ് പ്രധാനമന്ത്രിയാവുക എന്നും സൂചനയുണ്ട്.
എന്നാല്‍, പട്ടാള അട്ടിമറി എന്ന ഭയം ഇപ്പോഴും പാകിസ്താനെ വിട്ടുമാറിയിട്ടില്ല. പക്ഷേ, അത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടും ഇല്ല.












Click it and Unblock the Notifications