'കറാച്ചി തുറമുഖം ഇനി യുഎഇയുടെ കയ്യില്‍': പാകിസ്ഥാന്‍ നീക്കം പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍
ഇസ്ലാമാബാദ്: കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറാനൊരുങ്ങി പാകിസ്ഥാന്‍. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരമൊരു നീക്കം. അന്താരാഷ്ട്ര നാണയനിധിയിൽ നിന്നുള്ള (ഐഎംഎഫ്) ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്താനായി യുഎഇയുമായുള്ള കരാറിന് പാകിസ്ഥാന്‍ തയ്യാറാവുകയായിരുന്നു.
അന്തർദേശീയ വാണിജ്യ ഇടപാടുകൾ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് തുറമുഖ നടത്തിപ്പ് കൈമാറുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ സർക്കാരും തമ്മിലുള്ള വാണിജ്യ കരാർ ചർച്ച ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചുവെന്നാണ് പാക്കിസ്ഥാനിലെ 'എക്‌സ്പ്രസ് ട്രിബ്യൂൺ' പത്രം റിപ്പോർട്ട് ചെയ്യുന്നത്.

കറാച്ചി തുറമുഖ ടെർമിനലുകൾ കൈമാറുന്നതിനായി യുഎഇയുടെ നോമിനേറ്റഡ് ഏജൻസിയുമായി കരട് ഓപ്പറേഷൻ, മെയിന്റനൻസ്, നിക്ഷേപം, വികസന കരാർ എന്നീ കാര്യങ്ങൾക്ക് അന്തിമരൂപം നൽകാനും ചർച്ചാ കമ്മിറ്റിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. കരാറിന് അന്തിമരൂപം നൽകുന്നതിനായി രൂപീകരിച്ച ചർച്ചാ കമ്മിറ്റിക്ക് മാരിടൈം അഫയേഴ്സ് മന്ത്രി ഫൈസൽ സബ്സ്വാരിയായിരിക്കും നേതൃത്വം നൽകുക.
സാമ്പത്തിക, വിദേശകാര്യ അഡീഷണൽ സെക്രട്ടറിമാർ, പിഎം ജഹാൻസേബ് ഖാന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ്, കറാച്ചി പോർട്ട് ടെർമിനൽ (കെപിടി) ചെയർമാൻ, കെപിടിയുടെ ജനറൽ മാനേജർമാർ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പാകിസ്ഥാൻ ഇന്റർനാഷണൽ കണ്ടെയ്‌നേഴ്‌സ് ടെർമിനൽസിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖ ടെർമിനലുകൾ ഏറ്റെടുക്കാൻ യുഎഇ സർക്കാർ കഴിഞ്ഞ വർഷം തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
അടിയന്തര ഫണ്ട് സ്വരൂപിക്കുന്നതിനായി കഴിഞ്ഞ വർഷം നടപ്പാക്കിയ നിയമത്തിന് കീഴിലുള്ള ആദ്യത്തെ അന്തർ ദേശീയ ഇടപാടായും ഇതുമാറിയേക്കും. ഫണ്ട് സ്വരൂപിക്കുന്നതിനായി ദേശീയ ആസ്തികൾ അതിവേഗം വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് പാക്കിസ്ഥാൻ സഖ്യ സർക്കാർ ഇന്റർ ഗവൺമെന്റൽ കൊമേഴ്‌സ്യൽ ട്രാൻസാക്ഷൻസ് ആക്ട് നടപ്പിലാക്കിയത്.
അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള 6.5 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടിന്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ പാകിസ്ഥാന് അധിക പണത്തിന്റെ ആവശ്യകതയുണ്ട്. ഇതാണ് എത്രയും പെട്ടെന്ന് തുറമുഖം കൈമാറുന്ന നീക്കത്തിലേക്ക് നയിച്ചത്. 2019 ൽ ആദ്യമായി ഒപ്പുവച്ച ഐഎംഎഫുമായുള്ള കരാർ ഈ മാസം അവസാനത്തോടെ കഴികയും ചെയ്യും.












Click it and Unblock the Notifications