മരണാസന്നനായ ആള്‍ക്കൊപ്പമുള്ള പ്രമുഖ ഗായികയുടെ സെല്‍ഫി വിവാദമായി
ഇസ്ലാമാബാദ്: എവിടെ ചെന്നാലും സെല്‍ഫി എടുക്കുക എന്നത് ചിലരുടെ ഒരു വിനോദമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സന്തോഷകരമായ നിമിഷങ്ങള്‍ മാത്രമല്ല, ദു:ഖകരമായ അവസ്ഥയിലും സെല്‍ഫി ഭ്രമം ചിലരെ വിട്ടുമാറുകയില്ല. ഇത്തരത്തില്‍ പ്രമുഖ പാക്കിസ്ഥാനി ഗായിക കോമള്‍ റിസ്‌വിയുടെ ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനത്തിന് ഇടയായിരിക്കുകയാണ്.
മരണത്തോട് മല്ലിടുന്ന പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുള്‍ സത്താര്‍ എദ്ദിയെ കാണാനായി ചെന്നപ്പോഴായിരുന്നു റിസ്‌വിയുടെ സെല്‍ഫി. ക്ഷീണിച്ച് അവശനായി അബ്ദുള്‍ സത്താര്‍ കിടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ചിരിച്ച് പ്രസന്നമുഖത്തോടെ കോമള്‍ റിസ്‌വി സെല്‍ഫി എടുക്കുകയായിരുന്നു. ചിത്രം ഞെട്ടിക്കുന്നതാണെന്നാണ് പലരും സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്.

ചിത്രം തന്റെ ഫേസ്ബുക്കിലാണ് റിസ് വി പോസ്റ്റ് ചെയ്തത്. തന്റെ ജീവിതം മുഴുവന്‍ നിസ്വാര്‍ഥ സേവനങ്ങള്‍ക്കായി മാറ്റിവെച്ച് ഒരാള്‍ക്കൊപ്പമുള്ള അപൂര്‍വ നിമിഷമാണിതെന്നും ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ് എദ്ദിയെ സന്ദര്‍ശിച്ചതെന്നും റിസ്‌വി തന്റെ ഫേസ്ബുക്കില്‍ കറിച്ചിരുന്നു. എന്നാല്‍, ഫോട്ടോയ്ക്ക് താഴെ മോശം പ്രതികരണമാണ് ലഭിച്ചത്.
ചിത്രം പിന്നീട് റീ പോസ്റ്റ് ചെയ്ത റിസ്‌വി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ചു. ചിത്രമെടുക്കമ്പോള്‍ എദ്ദിയും ഭാര്യയും താനും ഏറെ സന്തോഷത്തിലായിരുന്നെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ തമാശ പറയുകയും പാട്ടു പാടുകയും ചെയ്തു. അത്തരമൊരു വേളയില്‍ എടുത്ത ചിത്രത്തിന് എന്താണ് മോശമായി കരുതുന്നതെന്നും പാക്കിസ്ഥാനിലെ ചിലര്‍ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ മാത്രമായാണ് ജീവിക്കുന്നതെന്നും കോമള്‍ റിസ്‌വി തിരിച്ചടിച്ചു.












Click it and Unblock the Notifications