ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട മോദിയുടെ ആവശ്യം; എല്ലാവരെയും വിട്ടുതരണം, കോടികള്‍ നഷ്ടം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിട്ട ഇന്ത്യാക്കാരെ ഉടന്‍ കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി മുങ്ങിയ നിരവധി പേര്‍ ബ്രിട്ടനില്‍ താമസിക്കുന്നുണ്ട്. 9000 കോടി രൂപയാണ് മദ്യരാജാവ് വിജയ് മല്യ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതെല്ലാം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി സൂചിപ്പിച്ചു. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയാണ് മോദി ബ്രിട്ടീഷ് പ്രധാമന്ത്രിയെ കണ്ടത്.

Vijay

ജര്‍മനിയിലെ ഹംബര്‍ഗിലാണ് ജി 20 ഉച്ചകോടി. വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യം രണ്ടാഴ്ച മുമ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. കേസില്‍ അടുത്ത വിചാരണ ഡിസംബര്‍ നാലിന് നടത്താന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.

മല്യക്കെതിരായ എല്ലാ തെളിവുകളും ഹാജരാക്കാന്‍ കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മല്യയ്ക്ക് ഡിസംബര്‍ നാല് വരെ സോപാധിക ജാമ്യം അനുവദിച്ചിരുന്നു. 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യയില്‍ നിന്നു മുങ്ങിയത്. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നു 7000 കോടി രൂപയുടെ വായ്പയാണ് കിങ്ഫിഷര്‍ വിമാനക്കമ്പനിക്ക് വേണ്ടി ഇയാള്‍ എടുത്തിട്ടുള്ളത്. അതിന്റെ പലിശ ഉള്‍പ്പെടെ 9000 കോടി രൂപയാണ് ഇപ്പോള്‍ തിരിച്ചടയ്ക്കാനുള്ളത്.

മല്യയെ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ച ഉടനെയാണ് മല്യ രാജ്യം വിട്ടത്. ലണ്ടനില്‍ ഇയാള്‍ ഏപ്രില്‍ 18ന് അറസ്റ്റിലായിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ തടവുകാരെ കൈമാറുന്ന കരാര്‍ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം മല്യ ഉള്‍പ്പെടെയുള്ളവരെ കൈമാറണമെന്നാണ് മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തെ സമ്പന്നരായ 19 രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂനിയന്റെയും കൂട്ടായ്മയാണ് ജി 20. ഭീകരത, വ്യവസായം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ജി 20 ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ചയായത്.

English summary
Prime Minister Narendra Modi on Saturday sought United Kingdom's cooperation for extradition of Indian economic offenders.
Please Wait while comments are loading...