സുശീല കർക്കിക്ക് മോദിയുടെ സന്ദേശം; 'നേപ്പാളിന്റെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധം'
ന്യൂഡൽഹി: കലാപബാധിതമായ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് സുശീല കർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുടെ പിന്തുണ അദ്ദേഹം ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്‌തു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അയൽ രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടക്കാല പ്രധാനമന്ത്രിക്ക് മോദി ആശംസകൾ നേർന്നത്.
'നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റതിന്, ബഹുമാനപ്പെട്ട ശ്രീമതി സുശീല കാർക്കിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നേപ്പാളിയിലെ നമ്മുടെ സഹോദരീ സഹോദരന്മാരുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണ്' എന്നായിരുന്നു മോദിയുടെ സന്ദേശത്തിൽ പറഞ്ഞത്.

മുൻ ചീഫ് ജസ്‌റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ നേപ്പാളിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനെ ഇന്ത്യൻ സർക്കാർ നേരത്തെ സ്വാഗതം ചെയ്‌തിരുന്നു. ഇത് അയൽരാജ്യത്ത് സമാധാനത്തിനും സ്ഥിരതയ്ക്കും കാരണമാകുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ആദ്യ പ്രതികരണം വന്നിരിക്കുന്നത്.
സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചതിനെ വിദേശകാര്യ മന്ത്രാലയവും സ്വാഗതം ചെയ്‌തിരുന്നു. 'ഒരു അടുത്ത അയൽക്കാർ, സഹ ജനാധിപത്യം, ദീർഘകാല വികസന പങ്കാളി എന്നീ നിലകളിൽ, നമ്മുടെ രണ്ട് ജനങ്ങളുടെയും രാജ്യങ്ങളുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യ നേപ്പാളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരും' എന്നായിരുന്നു മന്ത്രാലയം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം നേപ്പാളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിൽ മോദി അധ്യക്ഷത വഹിക്കുകയും അയൽരാജ്യത്ത് സമാധാനം സ്ഥാപിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. നേപ്പാളിലെ അക്രമത്തെ ഹൃദയഭേദകമെന്ന് വിശേഷിപ്പിച്ച അദ്ദേഹം നിരവധി യുവാക്കളുടെ മരണത്തിൽ താൻ ദുഃഖിതനാണെന്നും പറഞ്ഞിരുന്നു.
നേപ്പാളിലെ രാഷ്ട്രീയ സാഹചര്യം
സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സീ യുവാക്കളുടെ പ്രതിഷേധങ്ങൾ പിന്നീട് അഴിമതിയുടെയും ദുർഭരണത്തിന്റെയും പേരിൽ കെപി ഒലിയുടെ ഭരണകൂടത്തെ ലക്ഷ്യം വയ്ക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽ 20 ലധികം പേർ കൊല്ലപ്പെടുകയും, കൂടുതലും വിദ്യാർത്ഥികൾ, നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് കെപി ഒലി രാജിവയ്ക്കുകയായിരുന്നു.
ഒലിയുടെ രാജിക്ക് ശേഷവും രാജ്യത്ത് അക്രമം തുടർന്നു, കാഠ്‌മണ്ഡുവിലും നിരവധി നഗരങ്ങളിലും ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടു. പാർലമെന്റ് പോലുള്ള ഔദ്യോഗിക കെട്ടിടങ്ങളും രാഷ്ട്രീയ നേതാക്കളുടെ വീടുകളും കത്തിച്ചു. പിന്നാലെയാണ് ജെൻ സീ പ്രതിഷേധക്കാർ ചേർന്ന യോഗത്തിൽ സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാൻ ധാരണയയത്.
ആരാണ് സുശീല കർക്കി?
73 വയസുകാരിയായ സുശീല കർക്കി അവരുടെ സത്യസന്ധതയ്ക്കും കരുത്തിനും പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. 2016 നും 2017 നും ഇടയിൽ ചീഫ് ജസ്‌റ്റിസായിരുന്ന കാലത്ത്, അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചതിലൂടെ അവർ പ്രശസ്‌തി നേടിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു സമവായ സ്ഥാനാർത്ഥിയായാണ് അവർ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് അവരെ തന്നെ പ്രതിഷേധക്കാരും പിന്തുണച്ചത്.
നേപ്പാളിൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യത്തെ വനിതയാണ് സുശീല കർക്കി. നേപ്പാൾ പ്രസിഡന്റിന്റെ ഓഫീസായ ശീതൾ നിവാസിൽ നടന്ന ചടങ്ങിൽ നേപ്പാൾ പ്രസിഡന്റ് രാമചന്ദ്ര പൗഡൽ കർക്കിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ കലുഷിതമായ സാഹചര്യത്തിൽ സുശീല കർക്കിയ്ക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.












Click it and Unblock the Notifications