'ധാരാളം സ്നേഹ സന്ദേശങ്ങൾ ലഭിക്കുന്നു': രോഗാവസ്ഥയില്‍ ലോകത്തിന് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാർപ്പാപ്പ
ചികിത്സയില്‍ കഴിയുന്നതിനിടെ ലോകത്തിന് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാർപ്പാപ. ലഭിക്കുന്ന സ്നേഹത്തിനും പ്രാർത്ഥനകൾക്കും ലോകത്തിന് നന്ദി അറിയിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സില്‍ മാർപ്പാപ്പ കുറിച്ചത്. 'അടുത്തിടെ എനിക്ക് ധാരാളം സ്നേഹ സന്ദേശങ്ങൾ ലഭിച്ചു, കുട്ടികളിൽ നിന്നുള്ള കത്തുകളും ചിത്രങ്ങളും എന്നെ പ്രത്യേകിച്ച് ആകർഷിച്ചു. നിങ്ങളുടെ സാമീപ്യത്തിനും ലോകമെമ്പാടും നിന്ന് എനിക്ക് ലഭിച്ച ആശ്വാസകരമായ പ്രാർത്ഥനകൾക്കും നന്ദി' - മാർപ്പാപ്പ കുറിച്ചു.
"സന്തോഷത്തോടെ നിങ്ങളുടെ അപ്പസ്തോലത്വം തുടരാനും സുവിശേഷം നിർദ്ദേശിക്കുന്നതുപോലെ എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹത്തിന്റെ അടയാളമായിരിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നമുക്ക് തിന്മയെ നന്മയാക്കി മാറ്റാം, സാഹോദര്യപരമായ ഒരു ലോകം കെട്ടിപ്പടുക്കാം. സ്നേഹത്തിനായി സാഹസങ്ങൾ ഏറ്റെടുക്കാൻ ഭയപ്പെടരുത്' മറ്റൊരു പോസ്റ്റില്‍ മാർപ്പാപ്പ എഴുതി.

അതേസമയം ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാർപ്പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഒമ്പത് ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയിരുന്നു.
ആരോഗ്യനിലയില്‍ മാറ്റം ഉണ്ടായിട്ടില്ലെങ്കിലും മാർപാപ്പ മരണാസന്നമായ നിലയിലല്ല. അദ്ദേഹത്തിന് ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും. അതിന് ശേഷം വസതിയിലേക്ക് മടങ്ങാന്‍ സാധിക്കും. നിലവില്‍ കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. തന്റെ രോഗവിവരത്തെക്കുറിച്ചുള്ള ഒരു കാര്യങ്ങളും മറച്ച് വെക്കരുതെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും മാർപ്പാപ്പ സംസാരിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
റോമിലെ ജമേലി ആശുപത്രിയിൽ ഫെബ്രുവരി 14 നാണ് മാർപ്പാപ്പയെ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് മൂർച്ഛിച്ച മാർപ്പാപ്പയുടെ ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പോപ്പ് സ്ഥാനം രാജിവെക്കുമെന്ന തരത്തിലുള്ള വാർത്ത പരന്നിരുന്നുവെങ്കിലും വത്തിക്കാന്‍ ഇത് തള്ളി.
അതിനിടെ കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആശുപത്രിയിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. മാർപ്പാപ്പയെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications