പ്രതിഷേധം കനക്കുന്നു; ജീവൻ രക്ഷിക്കാൻ നാവിക താവളത്തിൽ അഭയം പ്രാപിച്ച് മഹിന്ദ രാജപക്‌സെയും കുടുംബവും
കൊളംമ്പോ; പ്രതിഷേധക്കാരെ ഭയന്ന് നാവിക താവളത്തിൽ അഭയം പ്രാപിച്ച് ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കുടുംബവും. ലങ്കയിലെ ട്രിങ്കോമാലി നേവൽ ബേസിൽ ആണ് ഇവർ അഭയം പ്രാപിച്ചിരിക്കുന്നത് എന്ന് ശ്രീലങ്കൻ വാർത്താ ഏജൻസിയായ ന്യൂസ് കട്ടർ റിപ്പോർട്ട് ചെയ്തു. അതേ സമയം പ്രതിഷേധക്കാർ നാവിക താവളത്തിന് മുന്നിലും പ്രതിഷേധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതിഷേധം കനക്കുമ്പോൾ എംപിമാർ രാജ്യം വിടുന്നത് തടയാൻ ബണ്ഡാരനായകെ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവേശന കവാടം പ്രതിഷേധക്കാർ തടഞ്ഞതായും ഒരു പ്രത്യേക റിപ്പോർട്ട് പറയുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം മഹിന്ദ രാജപക്‌സെ അണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇന്ന് പൊതു ജനങ്ങൾക്ക് ഭക്ഷണം, ഇന്ധനം, അവശ്യമരുന്നുകൾ എന്നിവയൊന്നും രാജ്യത്ത് ലഭ്യമല്ലാതെയാക്കിയെന്നും ഇവർ പറയുന്നു. മഹിന്ദ രാജപക്‌സെയുടെ രാജിക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ കുടുംബം ഒളിവിൽ പോയിരുന്നു.
പ്രതിഷേധങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് രാജപക്‌സെ രാജി സമർപ്പിച്ചത്. അദ്ദേഹത്തിന്റെ രാജിയെത്തുടർന്ന് മഹിന്ദയുടെ അനുയായികളും സർക്കാർ വിരുദ്ധ പ്രതിഷേധക്കാരും തമ്മിൽ കൊളംബോയിലുടനീളം സംഘർഷമുണ്ടാക്കി. ഭരണകക്ഷി അംഗങ്ങളുടെ 41-ലധികം വീടുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ 'മൈനഗോഗാമ'യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തുവെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു.
തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ 230 ലധികം ആളുകൾക്ക് പരിക്കേറ്റു. അതേ സമയം നിയമനിർമ്മാതാവ് അമരകീർത്തി അതുകോരള മൂന്ന് പ്രക്ഷോപകർക്ക് നേരെ പേരെ വെടിയുതിർത്തു. അവരിൽ ഒരാൾ മരണപ്പെട്ടു. ശേഷം അതുകോരള സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാനും സമാധാനപരമായി പ്രതിഷേധം തുടരാനും സജിത് പ്രേമദാസയും മറ്റ് പ്രതിപക്ഷ എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തിങ്കളാഴ്ച രാജപക്‌സെ അനുകൂലികളും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തും. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചത് രാജപക്‌സെ അനുകൂലികളാണെന്ന് എന്നാണ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സി ഡി വിക്രമരത്‌നെ പറഞ്ഞിരിക്കുന്നത്.