ഖത്തര്‍-ബഹ്‌റൈന്‍ വിമാന സര്‍വീസ് തുടങ്ങുന്നു; ഏഴ് വര്‍ഷത്തെ ഭിന്നത ഇനി ചരിത്രം
ദോഹ: ഖത്തറും ബഹ്‌റൈനും തമ്മിലുള്ള അകല്‍ച്ച കുറയുന്നു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച ശേഷം ബന്ധം ദൃഢമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഘട്ടങ്ങളായി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി വിമാന സര്‍വീസ് ഇരുരാജ്യങ്ങളും ആരംഭിക്കാന്‍ തീരുമാനിച്ചു. മെയ് 25ന് ഖത്തര്‍-ബഹ്‌റൈന്‍ വിമാന സര്‍വീസ് പുനരാംഭിക്കും.
ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഖ്യാപനം നടത്തി. ഇരുരാജ്യങ്ങളുടെയും പൗരന്മാരുടെയും അഭിലാഷങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം 12ന് ജിസിസി ആസ്ഥാനമായ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കാന്‍ ഇരുരാജ്യങ്ങളു ധാരണയിലെത്തിയിരുന്നു.

2017 ജൂണിലാണ് ഖത്തറിനെതിരെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നിവയായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. ജിസിസിയില്‍ ആഭ്യന്തര സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ഇറാനുമായി സഹകരിക്കുന്നു എന്നുമായിരുന്നു ഖത്തറിനെതിരായ പ്രധാന ആരോപണം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.
ഖത്തറിലുള്ളവരുടെ നിരവധി കുടുംബങ്ങള്‍ ബഹ്‌റൈനിലുണ്ട്. തിരിച്ചും നിരവധി പേര്‍ താമസിക്കുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ യാത്രാ മാര്‍ഗങ്ങള്‍ ഇല്ലാതായി. ഖത്തറിലേക്ക് വരണം എന്നാഗ്രഹിക്കുന്നവര്‍ കുവൈത്തിലോ ഒമാനിലോ പോയി മറ്റു വഴികളിലൂടെ എത്തണമായിരുന്നു. ഏക കരമാര്‍ഗം സൗദിയുമായിട്ടാണ്. സൗദി ഈ അതിര്‍ത്തി അടച്ചത് വലിയ പ്രതിസന്ധിയയായി. നാല് വര്‍ഷത്തോളം കഴിഞ്ഞു ഉപരോധം പിന്‍വലിക്കാന്‍.
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം 2021ല്‍ ബഹ്‌റൈന്‍ ഒഴികെയുള്ള മൂന്ന് രാജ്യങ്ങളും ഖത്തറുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. എങ്കിലും ഖത്തറും യുഎഇയും ഇതുവരെ എംബസികള്‍ തുറന്നിട്ടില്ല. കഴിഞ്ഞ മാസമാണ് ബഹ്‌റൈനുമായി സമവായത്തിലെത്തിയത്. ബഹ്‌റൈനും ഖത്തറും എംബസികള്‍ വൈകാതെ തുറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബഹ്‌റൈനും ഖത്തറും തമ്മില്‍ രണ്ട് വിഷയത്തിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഒന്ന് ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം തുടരുന്നു എന്നതായിരുന്നു. ഇരുരാജ്യങ്ങളുടെയും ജലാതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊന്ന്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മഞ്ഞുരുക്കത്തിന് ആക്കം കൂട്ടി. കഴിഞ്ഞ ജനുവരിയില്‍ ബഹ്‌റൈന്‍ കിരീടവകാശി ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.
ഇരുനേതാക്കള്‍ തര്‍ക്ക വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചു. അറബ് മേഖലയിലെ മറ്റു ഒട്ടേറെ പ്രശ്‌നങ്ങളിലും ഇപ്പോള്‍ സമവായമായിട്ടുണ്ട്. സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുത്തതും സൗദി-ഇറാന്‍ തര്‍ക്കം അവസാനിച്ചതുമെല്ലാം ഖത്തര്‍ ഉപരോധം അവസാനിച്ച ശേഷമുണ്ടായ മാറ്റങ്ങളാണ്. ചൈനയാണ് ഇതിന് വഴിയൊരുക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സൗദിയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു. അമേരിക്കയുടെ അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തിന് വഴിയൊരുക്കിയതും ഖത്തറാണ്. ഗള്‍ഫ് മേഖലയില്‍ ഐക്യം വേണം എന്നാണ് ഖത്തറിന്റെ നിലപാട്. അതേസമയം, ചൈന മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയാണ് ഒടുവില്‍ ഫലം കണ്ടത്. സൗദിയും ഇറാനും അംബാസഡര്‍മാരെ നിയമിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.












Click it and Unblock the Notifications