ഇസ്രായേലിനെ കയറൂരി വിടരുത്; കൂട്ടക്കൊല നോക്കി നില്‍ക്കുന്നത് നാണക്കേടെന്ന് ഖത്തര്‍ അമീര്‍
ദോഹ: ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഇസ്രായേലിനെ വീണ്ടും ചര്‍ച്ചയുടെ വഴിയിലേക്ക് കൊണ്ടുവരാന്‍ യുഎന്‍ രക്ഷാസമിതി സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദോഹയില്‍ ജിസിസി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ അമീര്‍.
15000ത്തിലധികം പലസ്തീന്‍കാര്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി ഒരാഴ്ച ആക്രമണം നിര്‍ത്തിയെങ്കിലും വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഖത്തറിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍. എല്ലാ പ്രതിനിധികളെയും ഇസ്രായേല്‍ തിരിച്ചുവിളിച്ചു. തൊട്ടുപിന്നാലെ ആക്രമണം പുനരാരംഭിച്ചിരിക്കെയാണ് ഖത്തര്‍ നിലപാട് കടുപ്പിച്ചത്.

ചര്‍ച്ചയുടെ വഴിയിലേക്ക് ഇസ്രായേലിനെ കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇടപെടണം. അധിനിവേശത്തിന്റെ കാലം കഴിഞ്ഞു. രണ്ട് മാസമായി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊലപ്പെടുത്തുന്നു. അന്താരാഷ്ട്ര സമൂഹം ഇത് നോക്കി നില്‍ക്കുന്നത് നാണക്കേടാണ്. ഒരിക്കലും ഇത്തരം ഹീന പ്രവൃത്തികള്‍ അനുവദിക്കരുതെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.
നേരത്തെ വടക്കന്‍ ഗാസയിലായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ച ശേഷം തെക്കന്‍ ഗാസയിലാണ് ആക്രമണം. വടക്കന്‍ ഗാസയില്‍ ആക്രമണം ശക്തമായ വേളയില്‍ പലസ്തീന്‍കാര്‍ കൂട്ടത്തോടെ തെക്കന്‍ ഗാസയിലേക്ക് പോയിരുന്നു. ഈ ജനങ്ങള്‍ക്ക് നേരെയാണ് നിലവിലെ ആക്രമണം. റഫാ അതിര്‍ത്തി, ഖാന്‍ യൂനുസ് എന്നിവിടങ്ങളില്‍ നിരവധി പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.
ഓരോ മണിക്കൂറിലും ഗാസയിലെ സാഹചര്യം മോശമായി വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ പലസ്തീന്‍ പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു. എല്ലായിടത്തും ബോംബാക്രമണം ശക്തമാണ്. തെക്കന്‍ ഗാസയില്‍ പോലും ഇപ്പോള്‍ നില്‍ക്കാന്‍ സാധിക്കുന്നില്ല. ഈജിപ്തിനോട് ചേര്‍ന്ന റഫാ അതിര്‍ത്തിയിലും ഇസ്രായേല്‍ ആക്രമണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രം പ്ലാനറ്റ് ലാബ്‌സ് പിബിസി പുറത്തുവിട്ടിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇനിയും ശ്രമം തുടരുമെന്ന് ഇസ്രായേല്‍ പിന്‍വാങ്ങിയ ശേഷവും ഖത്തര്‍ പറഞ്ഞിരുന്നു. ഈ വേളയില്‍ കൂടിയാണ് ഖത്തര്‍ അമീര്‍ കടുത്ത ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications