ഖത്തര്‍ മുന്നിട്ടിറങ്ങും, പിന്നാലെ സൗദി അറേബ്യ; മറ്റൊരു രാജ്യത്തെ ജീവനക്കാര്‍ക്ക് 400 ഇരട്ടി ശമ്പളം
ദോഹ: പുതിയ സിറിയയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. അമേരിക്ക ഉപരോധത്തില്‍ ഇളവ് പ്രഖ്യാപിച്ചതോടെ സഹായ ദൗത്യം വേഗത്തിലാക്കുകയാണ് എല്ലാവരും. 800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന രണ്ട് കപ്പലുകള്‍ സിറിയയിലേക്ക് അയക്കാന്‍ ഖത്തറും തുര്‍ക്കിയും തീരുമാനിച്ച പിന്നാലെ വിമാന സര്‍വീസ് ഖത്തര്‍ ആരംഭിച്ചു.
സിറിയയിലെ വിമതര്‍ക്ക് എക്കാലത്തും പിന്തുണ നല്‍കിയ രാജ്യമാണ് ഖത്തര്‍. ബശ്ശാറുല്‍ അസദ് സര്‍ക്കാരുമായി 2011ല്‍ ബന്ധം അവസാനിപ്പിച്ച ഖത്തര്‍ 13 വര്‍ഷത്തിന് ശേഷം വിമാന സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. ദമസ്‌കസില്‍ എംബസി വീണ്ടും തുറക്കുകയും ചെയ്തു. സിറിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഖത്തര്‍ ഏറ്റെടുത്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അറിയാം കൂടുതല്‍ വിവരങ്ങള്‍...

പുതിയ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സിറിയന്‍ പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എല്ലാ സഹായവും സൗദിയും ഖത്തറും യുഎഇയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സിറിയയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ആലോചിക്കുന്നതത്രെ. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇക്കാര്യത്തില്‍ സാമ്പത്തിക സഹായം ചെയ്യുമെന്നാണ് പ്രതീക്ഷ.
12.5 ലക്ഷം പേരാണ് സിറിയയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. 12 കോടി ഡോളര്‍ പ്രതിമാസം ശമ്പളമായി ഇവര്‍ക്ക് വേണ്ടി വരുമെന്നാണ് കരുതുന്നത്. ശമ്പളം 400 ശതമാനം വര്‍ധിപ്പിക്കാമെന്ന് പുതിയ സിറിയന്‍ ഭരണകൂടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ശമ്പളം ഖത്തര്‍ നല്‍കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നും പൊതുവായ സഹായ വാഗ്ദാനമാണ് കിട്ടിയതെന്നും സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
സിറിയയിലെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സഹായിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇക്കാര്യത്തില്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഖത്തര്‍ ഭരണകൂടം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും അമേരിക്ക ഇളവ് പ്രഖ്യാപിച്ചതോടെ നടപടി വേഗത്തിലാകുമെന്നാണ് സൂചന.
സിറിയന്‍ വിമതര്‍ക്ക് എക്കാലത്തും ഖത്തര്‍ പിന്തുണ നല്‍കിയിരുന്നു. വൈദ്യുതിക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ ഖത്തര്‍ മുന്നിലുണ്ട്. മാത്രമല്ല, അടിസ്ഥാന സൗകര്യ വികസനത്തിനും സഹായിക്കുമെന്നാണ് വിവരം. മാനുഷിക സഹായം എത്തിക്കാന്‍ ഖത്തറും സൗദിയും യുഎഇയും രംഗത്തുണ്ട്. ഖത്തര്‍ എംബസി വീണ്ടും തുറന്നത് ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. ദോഹ-ദമസ്‌കസ് വിമാന സര്‍വീസ് ആരംഭിച്ചത് ബന്ധം ശക്തിപ്പെടുന്ന സൂചനയാണ്.
ഉപരോധത്തില്‍ ആറ് മാസത്തേക്ക് അമേരിക്ക ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഖത്തര്‍ നടത്തിയ ശ്രമമാണ് അമേരിക്ക നിലപാട് മാറ്റാന്‍ കാരണമത്രെ. ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഖത്തര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് അറബ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications