കമ്യൂണിസം തുലയട്ടേ... ക്യൂബയിൽ വൻ പ്രതിഷേധം! വേണ്ടത് സ്വാതന്ത്ര്യം, ഭക്ഷണം, വാക്‌സിന്‍; പിന്നിൽ അമേരിക്ക
ഹവാന: ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ വിപ്ലവ ഭരണകൂടം അധികാരമേറ്റതിന് ശേഷം ക്യൂബയില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങളൊന്നും നടന്നിട്ടില്ല. പതിറ്റാണ്ടുകള്‍ നീണ്ട ക്യൂബയുടെ പോരാട്ടം ദാരിദ്രത്തോടും വിഭവ പരിമിതികളോടും മാത്രമായിരുന്നില്ല, അമേരിക്ക എന്ന സര്‍വ്വശക്തന്റെ കടുത്ത വിലക്കുകളോടും അട്ടിമറി നീക്കങ്ങളോടും കൂടിയായിരുന്നു.
ഇപ്പോഴിതാ, സമീപകാല ചരിത്രത്തില്‍ എങ്ങും കാണാത്ത വിധം ക്യൂബയില്‍ വലിയ ജനകീയ പ്രതിഷേങ്ങള്‍ നടക്കുന്നു എന്നാണ് വാര്‍ത്തകള്‍. കമ്യൂണിസ്റ്റ് ക്യൂബയില്‍ നടക്കാന്‍ സാധ്യതയില്ലാത്ത ഒന്നെന്ന അത്ഭുതമാണ് ലോകത്തിന് ഇക്കാര്യത്തില്‍. എന്നാല്‍ ഇപ്പോഴത്തെ ഈ പ്രതിഷേധങ്ങള്‍ സ്വയം പൊട്ടിമുളച്ചതാകാനുള്ള സാധ്യതയും വളരെ കുറവാണ്. പരിശോധിക്കാം...

ആയിരങ്ങള്‍ നിരത്തില്‍
കമ്യൂണിസ്റ്റ് ക്യൂബയില്‍ സ്വാതന്ത്ര്യമില്ലെന്ന ആക്ഷേപം ആ നാട്ടിലെ ജനതയേക്കാള്‍ ഏറ്റവും അധികം തവണ ഉയര്‍ത്തിയിട്ടുണ്ടാവുക അമേരിക്ക ആയിരിക്കും. ഇപ്പോഴത്തെ പ്രതിഷേധ സമരത്തിലേയും പ്രധാന ആവശ്യങ്ങളില്‍ ഒന്ന് സ്വാതന്ത്ര്യമാണ്. പിന്നെ ഭക്ഷണവും കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ വാക്‌സിനുകളും. എന്തായാലും ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

കമ്യൂണിസം തുലയട്ടേ
കമ്യൂണിസത്തിനെതിരേയും ചിലയിടങ്ങളില്‍ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏകാധിപത്യം തങ്ങള്‍ വേണ്ടെന്ന മുദ്രാവാക്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

പ്രതിസന്ധികളുണ്ട്
ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈ പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത് ദശാബ്ദങ്ങളായി അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളാണ്. ഈ വിലക്കുകള്‍ നീക്കാനുള്ള ഒരു സാധ്യതയും പുതിയ അമേരിക്കന്‍ ഭരണകൂടവും മുന്നോട്ട് വയ്ക്കുന്നില്ല.

പിന്നില്‍ അമേരിക്ക
ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിറകില്‍ അമേരിക്ക ആണെന്ന ആക്ഷേപമാണ് ക്യൂബ ഉന്നയിക്കുന്നത്. പ്രസിഡന്റ് മിയേല്‍ ഡയസ് കനേല്‍ തന്നെ ഈ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. പ്രതിവിപ്ലവത്തെ തടയണം എന്ന ആഹ്വാനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

ബാഹ്യ ശക്തികള്‍ തന്നെ
ക്യൂബയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നാണ് റഷ്യയുടേയും മെക്‌സിക്കോയുടേയും വിലയിരുത്തല്‍. അമരിക്കയുടെ പേര് പറയാതെയാണ് വിമര്‍ശനം. ഇക്കാര്യത്തില്‍ മുന്‍കരുതലെടുക്കണം എന്ന മുന്നറിയിപ്പും അവര്‍ ക്യൂബയ്ക്ക് നല്‍കുന്നുണ്ട്.

പ്രതിഷേധക്കാര്‍ക്ക് വേണ്ടി അമേരിക്ക
ഇതിനിടെ ക്യൂബയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് പിന്തുണയുമായി അമേരിക്ക രംഗത്ത് വരികയും ചെയ്തു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് സള്ളിവന്‍ ആണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങളെ അപലപിക്കുകയും ചെയ്തു.

കൊവിഡ് പ്രതിരോധത്തില്‍
സ്വന്തമായി അഞ്ച് കൊവിഡ്19 പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്ത രാജ്യമാണ് ക്യൂബ. ആരോഗ്യ രംഗത്ത് ലോകത്തിന് മുഴുവന്‍ മാതൃകയും സഹായവും ആണ് അവര്‍. എന്നാല്‍ കൊവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുകയും സാമ്പത്തിക സ്ഥിതി മോശമാവുകയും ചെയ്തതോടെ ചില പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications