റഷ്യ ആണവഭൂമിയായ ചെർണോബിലിൽ, യുക്രൈൻ സൈന്യവുമായി കടുത്ത പോരാട്ടം, ആശങ്കയിൽ ലോകം
കീവ്: യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ. ആണവദുരന്ത ഭൂമിയായ ചെര്‍ണോബിലില്‍ റഷ്യന്‍ സൈന്യം കടന്ന് കയറിയതായി യുക്രൈന്‍ പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യന്‍ സൈന്യവും യുക്രൈന്‍ സൈന്യവും തമ്മില്‍ ചെര്‍ണോബിലില്‍ കടുത്ത പോരാട്ടം തുടരുകയാണ് എന്നത് ലോകത്തെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീദിതമായ ആണവ ദുരന്തങ്ങളിലൊന്ന് 1986ല്‍ നടന്നത് ചെര്‍ണോബിലില്‍ ആണ്. ഇവിടെയുളള ആണവ റിയാക്ടര്‍ ഡീ കമ്മീഷന്‍ ചെയ്യാനുളള നടപടികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുകയാണ്. അതുകൊണ്ട് തന്നെ ഇവിടെ ആണവ മാലിന്യങ്ങളുണ്ട് എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ചെര്‍ണോബിലില്‍ നടക്കുന്ന പോരാട്ടത്തിനിടെ ഏതെങ്കിലും തരത്തില്‍ റേഡിയേഷന്‍ ലീക്ക് ഉണ്ടാകുമോ എന്നതാണ് ലോകം ഭയക്കുന്നത്.

1986ലെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളുടെ സൈനികര്‍ ജീവന്‍ പണയം വെച്ച് പൊരുകയാണ് എന്നും ചെര്‍ണോബിലിലെ ആക്രമണം യൂറോപ്പിന് എതിരെയുളള റഷ്യയുടെ യുദ്ധപ്രഖ്യാപനം ആണെന്നും പ്രസിഡണ്ട് വൊളോഡിമര്‍ സെലെന്‍സ്‌കി പ്രതികരിച്ചു.. അതേസമയം ചെര്‍ണോബില്‍ ആണവ പ്ലാന്റ് റഷ്യ പിടിച്ചടക്കിയതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പ്ലാന്റിലെ ജീവനക്കാരെയും സൈനികരേയും റഷ്യ തടവിലാക്കിയതായും സൂചനകളുണ്ട്. ആണവ നിലയത്തിന്റെ സുരക്ഷയെ കുറിച്ച് ഉറപ്പ് പറയാനാകില്ലെന്ന് യുക്രൈന്‍ പ്രസിഡണ്ടിന്റെ ഉപദേശകന്‍ മൈക്കായില പൊഡോളിയാക് പറഞ്ഞു. ഇത് വലിയ സുരക്ഷാ വെല്ലുവിളി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
കൂടാതെ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ സൈന്യം എത്തിയിരിക്കുകയാണ്. നീണ്ട പോരാട്ടത്തിനൊടുവില്‍ കീവിലെ എയര്‍ഫീല്‍ഡ് റഷ്യ പിടിച്ചെടുത്തതായി സെലന്‍സ്‌കി അറിയിച്ചു. ഇന്ന് 203 ആക്രമണങ്ങള്‍ റഷ്യ നടത്തിയതായി യുക്രൈന്‍ പറയുന്നു. നൂറ് കണക്കിന് മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.30തോട് കൂടിയാണ് യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചത്. നാറ്റോയുടെ അടക്കം സൈനിക പിന്തുണ യുക്രൈന് ലഭിച്ചിട്ടില്ല. അതേസമയം യുക്രൈന് മേലുളള ആക്രമണത്തെ റഷ്യ ന്യായീകരിക്കുകയാണ്. അധിനിവേശം അല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്നാണ് പുടിന്‍ പറയുന്നത്. ഇന്നത്തെ ദിവസം വിജയമാണെന്നും റഷ്യ പ്രതികരിച്ചു. കീഴടങ്ങാനും നിരായുധീകരണത്തിനും തയ്യാറാണെങ്കില്‍ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും റഷ്യ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications