റഷ്യന്‍ കോടീശ്വരന്‍ അബ്രമോവിച്ചിനും ഉക്രേനിയൻ ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റതായി സംശയം
ചെൽസി ഫുട്ബോൾ ക്ലബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിനും ഉക്രേനിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും വിഷ ബാധയേറ്റതായി സംശയം. ഏതെങ്കിലും തരത്തിലുള്ള രാസാക്രമണമാണോയിതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കീവിൽ മാർച്ച് മൂന്നിനു നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു.
ഉക്രൈൻ അധിനിവേശത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സമ്മർദ്ദത്തിലാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ അടുത്തിടെ ഉപരോധം ഏർപ്പെടുത്തിയ ശതകോടീശ്വരനായ അബ്രാമോവിച്ച് ചർച്ചകള്‍ക്കായി കീവിനും മോസ്കോയ്ക്കും ഇടയിലും നിരന്തരം സന്ദർശിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ട്. പുടിന്റെ അടുത്ത അനുഭാവിയായ അബ്രമോവിച്ചിന്റെ അക്കൗണ്ടുകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു.അബ്രമോവിച്ചും മറ്റു രണ്ടു പേരും രാത്രി 10 വരെ ചർച്ചകളിൽ പങ്കെടുത്തെതിന് ശേഷം കീവിലെ ഒരു ഹോട്ടല്‍ മുറിയിലായിരുന്നു താമസിച്ചത്.

രാവിലെ ആയപ്പോൾ ഇവർക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു. മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. പ്രത്യക്ഷത്തിൽ ആരാണ് ആക്രമണം നടത്തിയതെന്ന് കൃത്യമായി വ്യക്തമല്ല, എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ തടസ്സപ്പെടുത്താൻ മോസ്‌കോയിലെ കടുത്ത നിലപാടുകാർ ലക്ഷ്യമിടുന്നുവെന്നാണ് സൂചന.
അബ്രമോവിച്ചിന്റെയും രണ്ട് ഉദ്യോഗസ്ഥരുടേയും ആരോഗ്യനിലയില്‍ ഇപ്പോള്‍ ആശങ്കയില്ല. "ഇത് കൊല്ലാൻ ഉദ്ദേശിച്ചുള്ളതല്ല, ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു," ഓപ്പൺ സോഴ്‌സ് കൂട്ടായ ബെല്ലിംഗ്കാറ്റിന്റെ അന്വേഷകനായ ക്രിസ്റ്റോ ഗ്രോസെവ് സംഭവം പഠിച്ച ശേഷം വാഷിങ്ടണ്‍ ജേണലിൽ പറഞ്ഞു.












Click it and Unblock the Notifications