വീണ റഷ്യ അടുത്തെങ്ങും എഴുന്നേല്‍ക്കില്ല: ഇന്ത്യയില്‍ നിന്നും ലാഭമുണ്ടാക്കാന്‍ പോവുന്നത് സൗദി അറേബ്യ
ഡൽഹി: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. പൊതുമേഖലാ ശുദ്ധീകരണ കമ്പനികൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുത്തനെ കുറച്ചതോടെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഓഗസ്റ്റില്‍ 34 ശതമാനമായിട്ടാണ് ഇടിഞ്ഞത്. അതേസമയം ജൂലൈ മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വിഹിതം 42 ശതമാനമായിരുന്നു.
ഓഗസ്റ്റിൽ റഷ്യയിൽ നിന്നുള്ള സപ്ലൈസ് പ്രതിമാസം 23% കുറഞ്ഞ് പ്രതിദിനം 1.47 ദശലക്ഷം ബാരലായി (എംബിഡി). അതോടൊപ്പം തന്നെ ഇന്ത്യയുടെ മൊത്തത്തിലുള്ള ക്രൂഡ് ഇറക്കുമതി 5% ഇടിഞ്ഞ് 4.35 എംബിഡി ആയെന്നും എനർജി കാർഗോ ട്രാക്കർ വോർടെക്സ് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ചൈനയിലേക്കുള്ള റഷ്യയുടെ കടൽ വഴിയുള്ള ക്രൂഡ് കയറ്റുമതി ജൂലൈയിലെ 1.3 എംബിഡി ൽ നിന്ന് ഓഗസ്റ്റിൽ 1.4 എംബിഡി ആയി വർദ്ധിച്ചു.

ഇന്ത്യയുടെ പൊതുമേഖല റിഫൈനറിമാർ ഓഗസ്റ്റിൽ പ്രതിദിനം 852,000 ബാരൽ റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇത് ജൂലൈയെ അപേക്ഷിച്ച് 30% കുറവാണ്, അതേസമയം സ്വകാര്യ മേഖലയിലെ റിഫൈനറിമാർ പ്രതിദിനം 617,000 ബാരലുകൾ രാജ്യത്തേക്ക് എത്തിച്ചു. ഇതും ജൂലൈ മാസത്തേക്കാൾ 13% കുറവാണ്. ഇന്ത്യയിലെ ചില റിഫൈനറികളിലെ അറ്റകുറ്റപ്പണികളും റഷ്യൻ സപ്ലൈസിന്റെ ലഭ്യതയിലുണ്ടായ കുറവും കാരണം റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതായി വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ക്രൂഡ് ഉത്പാദനം കുറയ്ക്കുന്നതിലും വർദ്ധിച്ച ആഭ്യന്തര ഇന്ധന ആവശ്യം നിറവേറ്റുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ റഷ്യൻ കയറ്റുമതി ചുരുങ്ങുകയാണെന്നാണ് ഒരു വ്യവസായ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇന്ത്യയിലേക്കുള്ള റഷ്യൻ വിതരണത്തിലെ ഇടിവിന്റെ പ്രധാന ഗുണഭോക്താവ് സൗദി അറേബ്യയാണ്. ഓഗസ്റ്റിൽ ഇന്ത്യൻ റിഫൈനർമാർക്ക് പ്രതിദിനം 820,000 ബാരലുകളാണ് സൗദി അറേബ്യ കയറ്റുമതി ചെയ്തത്. അതായത് ജൂലൈയേക്കാൾ 70% കൂടുതല്‍.

റഷ്യന്‍ എണ്ണയുടെ വില വർധിച്ചതും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ഇന്ത്യ ഇറക്കുമതി ചെയ്ത റഷ്യൻ വിതരണത്തിന്റെ 73% ശതമാനവും മുൻനിര റഷ്യൻ ഗ്രേഡായ യുറലാണ്. ജൂലൈയിൽ ഇത് 83% ആയിരുന്നു. യുറലിന് 60 ഡോളറിന് താഴെയാണ് നേരത്തെ വ്യാപാരം നടന്നിരുന്നതെങ്കില്‍ നിലവില്‍ ബാരലിന് 69 ഡോളറാലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിലെ വിലയേക്കാള്‍ കുറവാണെങ്കിലും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ചിലവ് കൂടി പരിഗണിക്കുമ്പോന്‍ ഇന്ത്യന്‍ കമ്പനികളെ സമ്പന്ധിച്ച് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നഷ്ടമാണ്. നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇനിയും കുറയാനാണ് സാധ്യത. അതിലൂടെ സൌദി ഉള്‍പ്പെടേയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേട്ടമുണ്ടാക്കുന്നത് തുടരും.












Click it and Unblock the Notifications