സ്വീഡനിൽ ഖുർആൻ കത്തിച്ച ഇറാഖി പൗരൻ സൽവാൻ മോമിക വെടിയേറ്റ് മരിച്ചു; വിധി പറയുന്നത് മാറ്റി കോടതി
സ്‌റ്റോക്ക്ഹോം: 2023ൽ സ്വീഡനിൽ ഖുറാൻ കത്തിക്കുകയും മുസ്ലീം വിഭാഗത്തിൽ നിന്ന് കടുത്ത വിമർശനം കേൾക്കേണ്ടി വരികയും ചെയ്‌ത ഇറാഖി പൗരൻ വെടിയേറ്റ് മരിച്ചു. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഇറാഖി പൗരനായ സൽവാൻ മോമികയെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഖുർആൻ കത്തിച്ച സംഭവത്തിലെ കേസിൽ വിധി പറയാനിരിക്കെയാണ് അപ്രതീക്ഷിത സംഭവവികാസം ഉണ്ടായിരിക്കുന്നത്. സൽവാൻ പ്രതിയായ കേസിൽ സ്‌റ്റോക്ക്ഹോം ജില്ലാ കോടതി വിധി പറയുന്നത് മാറ്റിവച്ചു. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പറയുന്നത് കോടതി മാറ്റിയത്. സൽവാൻ വംശീയ വിദ്വേഷം വളർത്തിയതിന് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ബുധനാഴ്‌ച രാത്രി വൈകി സോഡർടാൽജെയിലെ ഹോവ്‌സ്‌ജോയിലെ വീട്ടിലാണ് സൽവാന്റെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ മുറിവുകൾ സൽവാൻ മോമികയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയതായി സ്വീഡിഷ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ആരാണ് സൽവാൻ മോമിക?
2023-ൽ സൽവാൻ മോമിക സ്വീഡനിൽ ഒന്നിലധികം തവണ ഖുർആൻ കത്തിക്കുകയും അതിനെ അവഹേളിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഇയാളുടെ പ്രവർത്തി ആഗോള ശ്രദ്ധ നേടുകയും നിരവധി മുസ്ലീം രാജ്യങ്ങളിൽ രോഷം ആളിക്കത്തിക്കുകയും കലാപങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്‌തിരുന്നു.
തന്റെ പ്രതിഷേധം മുസ്‌ലിങ്ങൾക്ക് എതിരല്ല, ഇസ്ലാം മതത്തിനെതിരെയാണെന്നും ഖുർആനിലെ സന്ദേശങ്ങളിൽ നിന്ന് സ്വീഡനിലെ ജനങ്ങളെ സംരക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോമിക കോടതിയിൽ വാദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി സ്വീഡിഷ് പോലീസ് അദ്ദേഹത്തിന്റെ പ്രതിഷേധം അനുവദിച്ചു, എങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു.
മോമികയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സ്വീഡിഷ് മൈഗ്രേഷൻ ഏജൻസി 2023ൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇറാഖിൽ അദ്ദേഹത്തിനെതിരായ ഭീഷണികൾ കാരണം, ഈ പുറത്താക്കൽ നടന്നില്ല, കൂടാതെ 2024 ഏപ്രിൽ വരെ സാധുതയുള്ള ഒരു പുതിയ താൽക്കാലിക താമസാനുമതി നൽകുകയും ചെയ്യുകയായിരുന്നു. ഇത് പിന്നീട് നീട്ടി നൽകുകയായിരുന്നു.
വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഖരാക്കോഷിലെ അൽ-ഹംദാനിയ ജില്ലയിൽ നിന്നുള്ള സൽവാൻ മോമിക ഒരു അസീറിയൻ കത്തോലിക്കനായാണ് വളർന്നത്. 2006-2008 ആഭ്യന്തര യുദ്ധകാലത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് ക്രിസ്ത്യാനികൾക്ക് നേരത്തെ നടത്തിയ പീഡനങ്ങൾക്ക് ഇടയിലും അദ്ദേഹം അസീറിയൻ പാട്രിയോട്ടിക് പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചിരുന്നു.












Click it and Unblock the Notifications