ആശങ്ക ഉയർത്തി കുതിച്ച ക്രൂഡ് ഓയില്‍ വില വീണു: കാരണക്കാർ സൗദി അറേബ്യയും റഷ്യയും തന്നെ
വലിയ തോതിലുള്ള കുതിപ്പിന് ശേഷം അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില താഴേക്ക്. ബാരലിന് 100 ഡോളറിനടുത്ത് കുതിച്ച ക്രൂഡോയില്‍ വിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ബാരലിന് കഴിഞ്ഞദിവസം 98 ഡോളര്‍ വരെത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്ന് രാവിലെ 95.18 ഡോളറിലാണ് വ്യാപാരം നടന്നത്. 95 ഡോളറിനടുത്തായിരുന്ന ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില 91.58 ഡോളറിലേക്കും താഴ്ന്നു.
ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടേയും സൗദി അറേബ്യയുടേയും തീരുമാനങ്ങളായിരുന്നു ആശങ്ക വിതയ്ക്കുന്ന തരത്തിലുള്ള വർധനവിന് ഇടയാക്കിയത്. പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ വീതം വെട്ടിക്കുറയ്ക്കുമെന്ന് സൗദി തീരുമാനിച്ചപ്പോള്‍ പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ വീതം വെട്ടിക്കുറയ്ക്കുമെന്നായിരുന്നു റഷ്യ അറിയിച്ചിരുന്നത്. ഇതോടെ വില മുകളിലേക്ക് കുതിക്കുകയായിരുന്നു.

അമേരിക്കയുടെ ക്രൂഡോയില്‍ ശേഖരം ഏതാണ്ട് 40 ലക്ഷം ബാരലില്‍ നിന്ന് 22 ലക്ഷം ബാരലിലേക്ക് ഇടിഞ്ഞതും വില വർധിക്കാന്‍ ഇടയാക്കി. ലോകത്ത് ഏറ്റവുമധികം ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് സൗദിയും റഷ്യയും. വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച ഉത്പാദനത്തിന്റെ തോത് സൗദി അറേബ്യയുടെ ദേശീയ എണ്ണ ഉത്പാദനക്കമ്പനിയായ സൗദി ആരാംകോ താഴ്ത്തിയേക്കുമെന്ന സൂചനയുണ്ട്. ഇതാണ് എണ്ണ വിലയിലെ ഇടിവിന് കാരണമായിരിക്കുന്നത്.
ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഒക്ടോബര്‍ നാലിന് യോഗം ചേരുന്നുണ്ട്. ഇതേ യോഗത്തില്‍ സൗദി അറേബ്യയോടൊപ്പം റഷ്യയും ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ പുനഃരാലോചനയ്ക്ക് തയ്യാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീസല്‍ കയറ്റുമതി നിരോധിച്ചതില്‍ ഇളവ് വരുത്താനും റഷ്യ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതും എണ്ണ വില ഇടിവിന് കാരണമായി.
ഇന്ധന വലിയിലെ ഇടിവ് ഇന്ത്യയിലും പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ അടുക്കുന്നതിനാല്‍ രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ വർധനവോട് രാജ്യത്ത് വില കുറച്ചേക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്. ക്രൂഡ് വില 100 ഡോളറിനു മുകളിൽ തുടർന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ധന വില വർധന പോലും പ്രതീക്ഷിക്കാമെന്നായിരുന്നു സാഹചര്യം.
ചൈനയില്‍ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നത് വൈകാതെ ക്രൂഡ് ഡിമാന്‍ഡ് ഉയരാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ സംബന്ധിച്ച് ലോകത്തെ മൂന്നാമത്തെ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നിലവില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ത്യ റഷ്യന്‍ എണ്ണയാണ് കൂടുതലും വാങ്ങുന്നത്. വില വർധിച്ചതോടെ ഇന്ത്യക്കുള്ള എണ്ണയിലും റഷ്യ വർധനവ് വരുത്തിയിരുന്നു.
ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നത് ഇന്ത്യക്കുള്ള കിഴിവ് പഴയ നിലയിലേക്ക് എത്തിക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചേക്കും. കഴിഞ്ഞ ജൂണിൽ 74 ഡോളറിലായിരുന്ന വിലയാണ് ഇപ്പോള്‍ 90 ഡോളറിന് മുകളിലേക്ക് എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications