ഖത്തര്‍ അമീര്‍ 'ഉടക്കി'... സൗദി അറേബ്യയിലെ ഉച്ചകോടിയില്‍ നിന്ന് മടങ്ങി... കാരണം ഇതാണ്
റിയാദ്: ഖത്തറും സൗദി അറേബ്യയും സൗഹൃദം പുനഃസ്ഥാപിച്ചിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. ഭിന്നതകള്‍ മാറ്റിവച്ചാണ് ഇരുരാജ്യങ്ങളും ഐക്യപ്പെട്ട് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോഴും പല കാര്യങ്ങളിലും വ്യത്യസ്തമായ നിലപാടുകള്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ജിദ്ദയില്‍ നിന്നുള്ള പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ അറബ് ലീഗ് ഉച്ചകോടി നടക്കുകയാണ്. 20ലധികം അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. ജിസിസിയിലെ എല്ലാ രാജ്യങ്ങളും ഇതില്‍ അംഗങ്ങളാണ്. ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിയത് അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ അല്‍ത്താനിയുടെ നേതൃത്വത്തിലാണ്. എന്നാല്‍ അമീറും സംഘവും വേഗം മടങ്ങി.

സൗദിയുമായുള്ള അസ്വാരസ്യത്തിന്റെ ഭാഗമായല്ല ഖത്തര്‍ അമീര്‍ വേഗത്തില്‍ മടങ്ങിയത്. സിറിയയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പശ്ചിമേഷ്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയുടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് അറബ് ലീഗ് ഉച്ചകോടിക്ക് എത്തിയിരുന്നു. അസദ് ഭരണകൂടത്തിന് എതിരാണ് ഖത്തര്‍. സിറിയയിലെ വിമതരെയാണ് ഖത്തര്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത്.
ബശ്ശാറുല്‍ അസദ് പ്രസംഗിക്കുന്നതിന് മുന്നോടിയായിട്ടാണ് ഖത്തര്‍ അമീറും സംഘവും ജിദ്ദ വിട്ടത് എന്നാണ് വാര്‍ത്തകള്‍. ഖത്തര്‍ ദിവാന്റെ പ്രസ്താവനയില്‍ അമീര്‍ ജിദ്ദ വിട്ട കാര്യം വ്യക്തമാക്കുന്നു. എന്നാല്‍ അസദ് സംസാരിക്കുന്നതിന് മുന്നോടിയായിട്ടോ എന്ന് പറയുന്നില്ല. ദിവാന്റെ പ്രസ്താവന ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്.
സൗദി രാജാവ്, കിരീടവകാശി എന്നിവര്‍ക്ക് പ്രത്യേക സന്ദേശം കൈമാറിയ ശേഷമാണ് ഖത്തര്‍ അമീര്‍ ജിദ്ദയില്‍ നിന്ന് പോന്നതത്രെ. അറബ് മേഖലയുടെ ഐക്യത്തിനും ശാക്തീകരണത്തിനും സാധ്യമാകുന്ന തീരുമാനങ്ങള്‍ അറബ് ഉച്ചകോടിയിലുണ്ടാകുമെന്ന പ്രതീക്ഷയും ഖത്തര്‍ അമീര്‍ സന്ദേശത്തില്‍ പങ്കുവച്ചു. ഉച്ചകോടിയില്‍ അമീര്‍ സംസാരിച്ചില്ല എന്നാണ് വിവരം.
സിറിയയുമായി ബന്ധം ശക്തമാക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് അസദിനെ അറബ് ലീഗ് ഉച്ചകോടിക്ക് ക്ഷണിച്ചത്. എംബസി സേവനം പുനഃസ്ഥാപിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അസദ് ഭരണകൂടവുമായി യോജിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സിറിയയിലെ കൂട്ടക്കൊലകളില്‍ ശാശ്വതമായ നടപടികളാാണ് ആദ്യം വേണ്ടതെന്നും ഖത്തര്‍ പറയുന്നു.
അസദ് ഭരണകൂടവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച ഖത്തര്‍ എംബസി അടച്ചിരുന്നു. സിറിയയിലെ വിമതര്‍ക്ക് വേണ്ടി ഖത്തറില്‍ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഒരു ദശാബ്ദത്തിന് ശേഷമാണ് സിറിയന്‍ പ്രസിഡന്റ് അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അസദ് ചര്‍ച്ച നടത്തുകയും ചെയ്തു.
വീണ്ടും അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അസദ് സന്തോഷം പ്രകടിപ്പിച്ചു. അറബ് നേതാക്കളുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മേഖലയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് പറഞ്ഞു. മാത്രമല്ല, ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ഉച്ചകോടിയില്‍ പങ്കെടുത്തു. അറബ് രാജ്യങ്ങളുടെ പിന്തുണ വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications