പാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനം
റിയാദ്: സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷമുണ്ടായ അപ്രതീക്ഷിത പ്രളയമാണ് ആ രാജ്യത്തെ തളര്‍ത്തിയത്. പ്രളയം കാരണം പാകിസ്താന്റെ വികസനക്കുതിപ്പില്‍ പകുതി ഇടിവ് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു. സൗഹൃദ രാജ്യങ്ങളുടെ സഹായത്തോടെയാണ് പാകിസ്താന്‍ മുന്നോട്ട് പോകുന്നത്.
ഇമ്രാന്‍ ഖാന്‍ മാറി ഷഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയായിട്ടും സാമ്പത്തിക നില തീരെ മെച്ചപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീര്‍ സൗദിയിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടത്. പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗള്‍ഫ് രാജ്യങ്ങളെ ഗൗനിക്കാതെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രയാണം. അതുകൊണ്ടുതന്നെ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഹായം പാകിസ്താന് നിലച്ചുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. പിന്നീട് അന്നത്തെ സേനാ മേധാവി ജനറല്‍ ബജ്‌വ സൗദിയിലെത്തി സഹായം അഭ്യര്‍ഥിച്ചതും വാര്‍ത്തയായി. സൗദി ചില ഇളവുകള്‍ പാകിസ്താന് നല്‍കുകയും ചെയ്തു. യുഎഇയും സഹായം വാഗ്ദാനം നല്‍കി.

ഇപ്പോള്‍ പാകിസ്താനിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി മാറിയിരിക്കുന്നു. ഇമ്രാന്‍ ഖാന്‍ പുറത്തായി. പകരം പ്രതിപക്ഷത്തിന്റെ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തി. നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയായി. ഗള്‍ഫ് രാജ്യങ്ങളുമായി ഐക്യത്തോടെ നീങ്ങണമെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് ഷഹ്ബാസ്. അദ്ദേഹം ആദ്യം വിദേശയാത്ര പോയത് സൗദിയിലേക്കായിരുന്നു.

സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെത്തി സഹായം അഭ്യര്‍ഥിച്ച ഷഹ്ബാസിന്റെ ആദ്യ നീക്കം വിജയമായിരുന്നു. എന്നാല്‍ പാകിസ്താന് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ആ സഹായങ്ങള്‍ മതിയാകുമായിരുന്നില്ല. അതിനിടെയാണ് സേനാ മേധാവി ബജ്‌വയുടെ കാലാവധി കഴിഞ്ഞതും അസിം മുനീര്‍ പുതിയ സേനാ മേധാവിയായി ചുമതലയേറ്റതും.

സൗദിയിലെ പുരാതന നഗരമായ അല്‍ ഉലയിലെ ശൈത്യകാല ടെന്റിലായിരുന്നു കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സേനാ മേധാവിയുമായി ചര്‍ച്ചയ്ക്കുള്ള വേദി തിരഞ്ഞെടുത്തത്. ഇരുവരും ടെന്റിലിരുന്ന് ചര്‍ച്ച നടത്തുന്ന ചിത്രങ്ങള്‍ സൗദി മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സാധാരണ റിയാദിലെയും ജിദ്ദയിലെയും കൊട്ടാരത്തിലാണ് പ്രമുഖരുടെ ചര്‍ച്ച നടക്കാറ്. എന്നാല്‍ വേറിട്ട രീതിയിലായിരുന്നു പാക് സേനാ മേധാവിയുമായുള്ള ചര്‍ച്ച.

പാകിസ്താനെ സഹായിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പാകിസ്താനിലെ ബാങ്കുകളില്‍ 300 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ സൗദി വികസന ഫണ്ട് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് 500 കോടി ഡോളറാക്കി ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍ സൗദി അറേബ്യ. കൂടാതെ പാകിസ്താനില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്താനും സൗദി പദ്ധതി തയ്യാറാക്കുന്നുണ്ട്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ സഹായം നിലച്ചതാണ് പാകിസ്താനെ വെട്ടിലാക്കിയത്. രാജ്യത്തെ കരുതല്‍ ധനം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കരുതല്‍ ധനമാണ് പാകിസ്താന്റെ കൈവശമുള്ളത്. അതുകൊണ്ടുതന്നെ പാകിസ്താന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. അവശ്യ വസ്തുക്കളുടെ വില കുത്തനെ കയറി. ജനം വലിയ പ്രതിസന്ധിയിലാണ്.

സൗദി അറേബ്യ നേരത്തെ 300 കോടി ഡോളര്‍ വായ്പ പാകിസ്താന് അനുവദിച്ചിരുന്നു. ഇനിയും സഹായിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ചൈനയാണ് പാകിസ്താനെ സഹായിക്കുന്ന മറ്റൊരു രാജ്യം. 210 കോടി ഡോളര്‍ ചൈന വായ്പ നല്‍കിയിട്ടുണ്ട്. ഇതിന്റെ കാലാവധി മാര്‍ച്ചില്‍ തീരുകയാണ്. പാകിസ്താന്റെ വിദേശകടത്തില്‍ 30 ശതമാനം തിരിച്ചുനല്‍കാനുള്ളത് ചൈനയ്ക്കാണ് എന്നതും എടുത്തുപറയേണ്ടതാണ്.












Click it and Unblock the Notifications