റിയാലിന് രണ്ട് മൂല്യം; ഇതെന്ത് നാട്!! സൗദി അറേബ്യ 100 കോടി ഡോളര്‍ നല്‍കി, രക്ഷപ്പെടില്ല
9 വര്‍ഷം നീണ്ട യുദ്ധം യമനെ തളര്‍ത്തിയിട്ടുണ്ട്. സൗദിയും യുഎഇയും അടവ് മാറ്റിയാണ് ഇപ്പോള്‍ യമനില്‍ ഇടപെടുന്നത്

റിയാദ്: അറബ് ലോകത്തെ പ്രധാന രാജ്യമാണ് സൗദി അറേബ്യ. എണ്ണ വരുമാനമാണ് സൗദിയുടെ അടിത്തറ. സൗദിയില്‍ നിന്നുള്ള ചരക്കുകള്‍ പ്രധാനമായും ജലമാര്‍ഗമാണ് പുറംലോകത്തേക്ക് എത്തുന്നത്. യമനിലെ ഏദന്‍ കടലിടുക്ക് വഴിയും ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടലിടുക്ക് വഴിയും. രണ്ടിടത്തും ലോകത്തെ പ്രധാന രാജ്യങ്ങളുടെ സൈനിക നിരീക്ഷണമുണ്ടെങ്കിലും ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ പതിവാണ്.
സൗദിയും ഇറാനും തമ്മിലുള്ള പോരാണ് ഇതിന് കാരണം എന്നാണ് പറയാറ്. യമനിലെ ഹൂത്തികള്‍ സൗദിക്കെതിരെ നിരന്തരം ആക്രമണം നടത്തിയിരുന്നു. സൗദി സൈന്യം യമനില്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഈ മിസൈല്‍ വര്‍ഷം. ഒടുവില്‍ സൗദി അറേബ്യ കോടികള്‍ നല്‍കി യമനെ സഹായിച്ചിരിക്കുകയാണിപ്പോള്‍. അതിന് പിന്നില്‍ മറ്റുചില കാരണങ്ങളുമുണ്ട്....

സാംസ്‌കാരിക സമ്പന്നം
സാംസ്‌കാരികമായി നൂറ്റാണ്ടുകളുടെ കഥ പറയാന്‍ ശേഷിയുള്ള രാജ്യമാണ് യമന്‍. ഇന്ന് ഈ രാജ്യം കൊടിയ ദാരിദ്ര്യത്തിലും സംഘര്‍ഷത്തിലുമാണ്. അതിന് പിന്നിലാകട്ടെ വംശീയവും മതപരവുമായ കാരണങ്ങളും. വലിയ ഭൂപ്രദേശം ഷിയാ വിഭാഗത്തില്‍പ്പെടുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവരെ ലോക രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല.

വിപ്ലവവും പലായനവും
സന്‍ആ ആണ് യമന്റെ തലസ്ഥാനം. ഇവിടം കേന്ദ്രമായി അലി അബ്ദുല്ലാ സാലിഹ് എന്ന ഏകാധിപതി നടത്തിയിരുന്ന ഭരണത്തിനെതിരെ 2011ല്‍ വിപ്ലവമുണ്ടായി. വിപ്ലവം അടിച്ചമര്‍ത്താനുള്ള ശ്രമം ആഭ്യന്തര യുദ്ധത്തിന് വഴിമാറി. ഇതിനിടെയാണ് ഹൂത്തികള്‍ സന്‍ആ പിടിക്കാന്‍ ശ്രമിച്ചത്. 2014ല്‍ സന്‍ആ വീണു. സാലിഹ് സൗദിയിലേക്ക് പലായനം ചെയ്തു.

രണ്ടാമനും രാജ്യംവിട്ടു
വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ഭരണം ഏല്‍പ്പിച്ചാണ് സാലിഹ് രാജ്യം വിട്ടത്. മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സാലിഹ് ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സായുധ വിഭാഗത്തിന് നേതൃത്വം നല്‍കി പോരാട്ടം തുടര്‍ന്നെങ്കിലും പിന്നീടുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ ഹാദിയും സൗദിയിലേക്ക് പലായനം ചെയ്തു.

സൗദിയുടെ വരവും പ്രതിസന്ധിയും
അപ്പോഴേക്കും സന്‍ആയുടെ നിയന്ത്രണം പൂര്‍ണമായി ഹൂത്തികള്‍ പിടിച്ചിരുന്നു. ഇതോടെ ഹാദിയുടെ ഭരണം ഏദന്‍ നഗരം കേന്ദ്രമായി ചുരുങ്ങി. ഇവര്‍ക്കാണ് സൗദിയുടെ പിന്തുണ. ഈ സര്‍ക്കാരിനെ രക്ഷിക്കാനെന്ന പേരില്‍ 2015ല്‍ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേനയെത്തി. ഇത് യമനെ കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്തത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. കൊടിയ ദാരിദ്ര്യത്തിലേക്ക് രാജ്യം നീങ്ങി.

പിന്മാറാന്‍ നോക്കുന്ന സൗദി
കഴിഞ്ഞ വര്‍ഷം ഹൂത്തികളും ഏദനിലെ സര്‍ക്കാരും ചര്‍ച്ച നടത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും ലംഘിക്കപ്പെട്ടു. സൗദിയുടെയും യുഎഇയുടെയും സൈനികര്‍ ഏകദേശം യമനില്‍ നിന്ന് പിന്മാറുന്ന മട്ടിലെത്തിയിട്ടുണ്ട്. സാമ്പത്തികമായി തളര്‍ന്ന യമന് സഹായം ചെയ്യാമെന്ന് സൗദി സഖ്യം ഉറപ്പ് നല്‍കി. ഇതിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

കോടികള്‍ മറിയുന്നു
ഏദന്‍ കേന്ദ്രമായുള്ള യമന്റെ കേന്ദ്ര ബാങ്കിന് 100 കോടി ഡോളര്‍ സഹായമാണ് സൗദി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയര്‍ന്നിരിക്കുകയാണ് യമനില്‍. അവശ്യ വസ്തുക്കളുടെ വിലയും കുതിച്ചിരിക്കുന്നു. ഒമ്പത് വര്‍ഷത്തെ യുദ്ധം ഈ രാജ്യത്തെ പൂര്‍ണമായും തളര്‍ത്തി എന്ന് പറയാം. സൗദിയും യുഎഇയും നേരത്തെ 300 കോടി ഡോളര്‍ യമന് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ നല്‍കിയ പണം ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു.

റിയാലിന് രണ്ട് മൂല്യം
യമന്‍ സമാധാനമായിരുന്നാല്‍ മാത്രമേ സൗദിയുടെ ചരക്ക് കടത്ത് സുഗമമാകൂ എന്നതാണ് പ്രധാനം. യമന്റെ റിയാലും ഡോളറും തമ്മിലുള്ള മൂല്യത്തില്‍ വലിയ അന്തരം വന്നിട്ടുണ്ട്. കൂടുതല്‍ നോട്ട് അച്ചടിക്കാന്‍ യമന്‍ തീരുമാനിച്ചു. എന്നാല്‍ ഈ നോട്ടുകള്‍ക്ക് ഹൂത്തികളുടെ ഭരണമുള്ളിടത്ത് അംഗീകാരമില്ല. ഏദനില്‍ യുഎസ് ഡോളറിന് 1225 റിയാലാണ് മൂല്യം. ഹൂത്തികള്‍ക്ക് നിയന്ത്രണമുള്ളിടത്ത് 600 റിയാലും.












Click it and Unblock the Notifications