കളംമാറ്റി ഇന്ത്യ; സൗദി അറേബ്യയും യുഎഇയും ഇറാഖും നേട്ടം കൊയ്യുന്നു, റഷ്യ വീണ്ടും വീണു
ദുബായ്: ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സൗദി അറേബ്യയും യുഎഇയും ഇറാഖും ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വീണ്ടും മേല്‍ക്കൈ ലഭിക്കുന്നു. ഏറെ കാലമായി തുടരുന്ന റഷ്യയുടെ മേധാവിത്വം കുറഞ്ഞുവരുന്നു എന്ന് പുതിയ വിവരം. നവംബറിലെ എണ്ണ ഇറക്കുമതി കണക്ക് പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഒമ്പതുമാസത്തിനിടെ ഇത്രയും ഉയര്‍ന്ന അളവില്‍ ഇന്ത്യ പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ ഇറക്കുന്നത് ആദ്യമാണ് എന്ന് കപ്പല്‍ ട്രാക്കിങ് ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒമ്പതു മാസത്തിനിടയില്‍ റഷ്യയില്‍ നിന്നു ഇത്രയും കുറഞ്ഞ അളവില്‍ എണ്ണ ഇറക്കുന്നതും ആദ്യമാണ്. ഇന്ത്യ എന്ന ലോകത്തെ മൂന്നാം എണ്ണ വിപണി റഷ്യയ്ക്ക് നഷ്ടമാകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ നവംബറില്‍ 13 ശതമാനം റഷ്യന്‍ എണ്ണ ഇന്ത്യ കുറച്ചിട്ടുണ്ട്. ഒക്ടോബറില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ 10.8 ശതമാനം ഉയര്‍ത്തിയിരുന്നു. നവംബറില്‍ വീണ്ടും ഉയര്‍ത്തി എന്നത് റഷ്യയ്ക്ക് തിരിച്ചടി നല്‍കുന്ന കണക്കാണ്. ഇന്ത്യയിലെ ചില എണ്ണ കമ്പനികളുടെ ശുദ്ധീകരണ പ്ലാന്റുകളില്‍ അറ്റക്കുറ്റപണി നടക്കുന്നതാണ് റഷ്യയില്‍ നിന്ന് എണ്ണ കുറയ്ക്കാന്‍ കാരണം എന്നും സൂചനയുണ്ട്.
അതേസമയം, റഷ്യയിലെ പ്രാദേശിക എണ്ണ ശുദ്ധീകരണ കമ്പനികള്‍ അധികമായി സംഭരിച്ചതാണ് നവംബറിലെ റഷ്യയുടെ എണ്ണ കയറ്റുമതി കുറയാന്‍ കാരണമെന്നും പറയപ്പെടുന്നു. നേരത്തെ ഈ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളില്‍ അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ അവര്‍ കുറച്ചു മാത്രമേ വാങ്ങിയിരുന്നുള്ളൂ. ഈ വേളയില്‍ അധികമായി സംഭരിച്ച എണ്ണ റഷ്യ വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നു. നവംബറില്‍ സാഹചര്യം മാറിമറിഞ്ഞിട്ടുണ്ട്.
റഷ്യയും ഒപെക് രാജ്യങ്ങളും വര്‍ഷാവസാനം മുതല്‍ എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും സന്തുലിതത്വം പാലിക്കാന്‍ ധാരണയായിട്ടുണ്ട്. നേരത്തെ വന്‍തോതില്‍ കയറ്റുമതി ചെയ്ത റഷ്യയ്ക്ക് ഇനി അത്രയും അളവില്‍ കയറ്റി അയക്കാന്‍ സാധിക്കില്ല. ഈ തീരുമാനം റഷ്യയുടെ എണ്ണ കയറ്റുമതി കുറയാനുള്ള മറ്റൊരു കാരണമാണ്. അതേസമയം, ഇന്ത്യ നവംബറില്‍ എണ്ണ ഇറക്കുമതി കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.
ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ഇന്ത്യയാണ് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം. ഒക്ടോബറില്‍ ഇറക്കുമതി ചെയ്തതിനേക്കാള്‍ 2.5 ശതമാനം ഇന്ത്യ നവംബറില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ 5 ശതമാനം കൂടുതലുമാണ്. എങ്കിലും ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോഴും റഷ്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇറാഖും സൗദിയും യുഎഇയും അമേരിക്കയും കുവൈത്തും തുടര്‍ സ്ഥാനങ്ങളിലാണ്.
പശ്ചിമേഷ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് കൂട്ടുകയും അതേസമയം, റഷ്യയുടെയും അയല്‍രാജ്യങ്ങളുടെയും എണ്ണ കുറയ്ക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. റഷ്യ, കസാഖിസ്താന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന എണ്ണയാണ് ഇന്ത്യ കുറച്ചിട്ടുള്ളത്. ഒക്ടോബറില്‍ 40 ശതമാനമായിട്ടാണ് ഇറക്കുമതി കുറച്ചതെങ്കില്‍ നവംബറില്‍ 35 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications