സൗദിയും കുവൈത്തും ഒരു ഭാഗത്ത്; മറുഭാഗത്ത് ഇറാന്‍... ഗള്‍ഫില്‍ വീണ്ടും പോര്, സംഭവം ഇങ്ങനെ
റിയാദ്: മൂന്ന് വര്‍ഷം മുമ്പ് തര്‍ക്കങ്ങള്‍ക്ക് നടുവിലായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തര്‍ ഒരു ഭാഗത്തും സൗദി-ബഹ്‌റൈന്‍-യുഎഇ എന്നീ രാജ്യങ്ങള്‍ മറുഭാഗത്തുമായിട്ടായിരുന്നു പോര്. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഖത്തര്‍ ഇടപെടുന്നു, പ്രശ്‌നങ്ങളുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് സൗദി സഖ്യം ഉന്നയിച്ചിരുന്നത്. ആ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഏറെനാള്‍ കഴിയുംമുമ്പ് വീണ്ടും തര്‍ക്കം തുടങ്ങി.
ഖത്തറിനെതിരെ ഉപരോധം ചുമത്തുന്ന വേളയില്‍ സൗദി സഖ്യം ആരോപിച്ചിരുന്ന ഒരു കാര്യം ഖത്തറിന് ഇറാനുമായി ബന്ധമുണ്ടെന്നും അത് അവസാനിപ്പിക്കണം എന്നുമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇറാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും സൗദി ചര്‍ച്ചയിലൂടെ പരിഹരിച്ചു. ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ നീക്കങ്ങളുടെ വിജയമായിരുന്നു ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാന കരാര്‍.

നിലവില്‍ ജിസിസിയിലെ ആറ് രാജ്യങ്ങളും സൗഹാര്‍ദത്തിലാണ്. മേഖലയിലെ പ്രധാന രാജ്യമായ ഇറാനുമായും ജിസിസി രാജ്യങ്ങള്‍ക്ക് അകല്‍ച്ചയില്ല. കരാറിന്റെ അടിസ്ഥാനത്തില്‍ സൗദിയും ഇറാനും പരസ്പരം എംബസികള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ഏഴ് വര്‍ഷത്തിന് ശേഷം സൗദിയിലേക്ക് ഇത്തവണ ഹജ്ജ് സംഘമെത്തി.... കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
സൗദിയും കുവൈത്തും ഇറാനും അതിര്‍ത്തി പങ്കിടുന്ന ജലമേഖലയിലാണ് തര്‍ക്കം. അറാഷ് എന്നാണ് ഈ പ്രദേശത്തെ ഇറാന്‍ വിളിക്കുന്നത്. ദുര്‍റാ എന്ന് കുവൈത്തും സൗദി അറേബ്യയും വിളിക്കുന്നു. പ്രകൃതി വിഭവ സമ്പന്നമാണ് ഈ ജലമേഖല. പ്രകൃതി വാതകത്തിന്റെ വന്‍ ശേഖരം ഇവിടെയുണ്ട്. ഇത് ഖനനം ചെയ്യാനുള്ള ആലോചനയിലാണ് കുവൈത്തും സൗദിയും.
നേരത്തെ ഈ പ്രദേശത്തെ ചൊല്ലി കുവൈത്തും സൗദിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 2001ല്‍ ഇരുരാജ്യങ്ങളും പ്രദേശത്തെ വിഭവങ്ങള്‍ തുല്യമായി പങ്കിടുന്ന കരാറിലെത്തി. കുവൈത്തിനും തങ്ങള്‍ക്കും മേഖലയില്‍ എല്ലാ അവകാശങ്ങളുമുണ്ട് എന്ന് സൗദി അറേബ്യ വ്യക്തമാക്കി. എന്നാല്‍ ഇരുരാജ്യങ്ങളുടെയും നീക്കം ഇറാന്‍ അംഗീകരിക്കുന്നില്ല.
മേഖല സൗദിക്കും കുവൈത്തിനും കിഴിലാണ് വരിക. ഇവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം രണ്ട് രാജ്യങ്ങള്‍ക്കുമാണ് എന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മേഖലയിലെ ഏതൊരു ഇടപെടലും നിയമവിരുദ്ധമാണെന്നും അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
1970കളില്‍ തുടങ്ങിയതാണ് ഇറാനും കുവൈത്തും തമ്മിലുള്ള ജലാതിര്‍ത്തി തര്‍ക്കം. പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. പുതിയ ചര്‍ച്ചയ്ക്ക് കുവൈത്ത് ഭരണകൂടം ഇറാനെ ക്ഷണിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
220 ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം ഈ മേഖലയിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഖനനം ചെയ്യാന്‍ തര്‍ക്കം കാരണം സാധ്യമായിട്ടില്ല. കുവൈത്തും സൗദിയും യോജിച്ച് ഖനനം നടത്താന്‍ കഴിഞ്ഞ വര്‍ഷം കരാറുണ്ടാക്കിയിരുന്നു. ഇറാന്റെ എതിര്‍പ്പ് അവഗണിച്ചാണ് കരാറുണ്ടാക്കിയത്. മേഖലയില്‍ തങ്ങള്‍ ഖനനം നടത്താന്‍ പോകുന്നുവെന്ന് ഇറാന്‍ കഴിഞ്ഞാഴ്ച അറിയിച്ചു. മധ്യസ്ഥ ചര്‍ച്ച നടന്നില്ലെങ്കില്‍ ബന്ധം വഷളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications