സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി; കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് പരാതി
റിയാദ്: സൗദി അറേബ്യയില്‍ സ്വവര്‍ഗ രതിക്കെതിരെ കടുത്ത നടപടികളുമായി ഭരണകൂടം. മഴവില്‍ നിറത്തിലുള്ള കളിപ്പാട്ടങ്ങളെല്ലാം പിടിച്ചെടുക്കുകയാണ്. ഇതേ നിറത്തിലുള്ള വസ്ത്രങ്ങളും പിടിച്ചെടുക്കുന്നുണ്ട്. സ്‌കേര്‍ട്ടുകള്‍, തൊപ്പികള്‍, പെന്‍സില്‍ കേസുകള്‍ എന്നിവയെല്ലാം നടപടിയുടെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. കടുത്ത നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ചെറിയ കുട്ടികള്‍ക്കായി നിര്‍മിച്ച വസ്തുക്കളാണ് പിടിച്ചെടുത്തവയില്‍ കൂടുതല്‍. നേരത്തെ തന്നെ സ്വവര്‍ഗരതിക്കെതിരാണ് തങ്ങളെന്ന് സൗദി അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍ മുമ്പൊന്നും കേട്ടിട്ടില്ലാത്ത വിധമാണ്.

തലസ്ഥാന നഗരിയാകെ സൗദി അധികൃതര്‍ അരിച്ച് പെറുക്കുകയാണ്. ഇസ്ലാമിക വിശ്വാസത്തിനും പൊതുമൂല്യങ്ങളും എതിരായ കാര്യങ്ങളൊന്നും വെച്ച് പൊറുപ്പിക്കില്ലെന്ന് അധികൃതര്‍ പറയുന്നു. സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട നിറങ്ങളൊന്നും വേണ്ട. പ്രത്യേകിച്ച് അത് യുവതലമുറയെ മുന്നില്‍ കണ്ടാണ് വരുന്നതെന്നും വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്വവര്‍ഗരതിക്കെതിരെ ക്യാമ്പയിന്‍ തന്നെ നടത്തുകയാണ് സൗദി ഭരണകൂടം. സ്വവര്‍ഗരതിയുടെ പതാക റിയാദിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കും. ഈ നിറങ്ങള്‍ കുട്ടികള്‍ക്ക് വിഷാംശമുള്ള സന്ദേശമാണ് നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വവര്‍ഗാനുരാഗം സൗദി അറേബ്യയില്‍ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇസ്ലാമിക ശരിയ നിയമം അതിശക്തമായി നടപ്പാക്കുന്ന രാജ്യം കൂടിയാണ് സൗദി. നിയമസംവിധാനം തന്നെ ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ്. നേരത്തെ പല സിനിമകളും സ്വവര്‍രതിയുടെ പേരില്‍ സൗദി നിരോധിച്ചിരുന്നു. ഏപ്രിലില്‍ ഡിസ്‌നിയുടെ മാര്‍വല്‍ ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ചും സൗദിയില്‍ നിരോധിച്ചിരുന്നു. ഡിസ്‌നിയോട് എല്‍ജിബിടിക്യൂവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് സൗദി ആവശ്യപ്പെട്ടത്. ഡിസ്‌നി പറ്റില്ലെന്ന് അറിയിച്ചതോടെയാണ് വിലക്ക് വീണത്. സൗദിയുടെ നിയമത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ കഴിയില്ലെന്നായിരുന്നു മാര്‍വലിന്റെയും നിലപാട്.
ഡിസ്‌നയുടെ പുതിയ ആനിമേഷന്‍ ചിത്രം ലൈറ്റിഇയറും ഇതേ പോലെ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഇതില്‍ സ്വവര്‍രതിക്കാര്‍ തമ്മിലുള്ള ചുംബന രംഗമുണ്ട്. ഒരു ഡസനോളം ഇസ്ലാമിക രാജ്യങ്ങളില്‍ ഈ ചിത്രം നിരോധിച്ചിട്ടുണ്ട്. ഡോക്ടര്‍ സ്‌ട്രേഞ്ചിലെ സ്റ്റില്ലുകള്‍ എല്‍ അക്ബറിയ റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു. കുട്ടികള്‍ മഴവില്‍ നിറത്തിലുള്ള പതാകകള്‍ വീശുന്നതും ഇതിലുണ്ടായിരുന്നു. എന്നാല്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് അറിയില്ല. ഇക്കാര്യത്തില്‍ സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications