തുര്‍ക്കിയില്‍ വാറണ്ട്; അറസ്റ്റ് ഫ്രാന്‍സില്‍... വിമാനയാത്രയ്ക്കിടെ ഖാലിദ് പിടിയില്‍, സൗദിയെ വിടാതെ 'ഖഷോഗി'
പാരിസ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ ഒരാള്‍ അറസ്റ്റില്‍. ഖാലിദ് ഐദുല്‍ ഉതൈബിയാണ് സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കെ പാരിസ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇയാള്‍ക്കെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട് നിവലിവിലുണ്ട്. 2018ല്‍ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗദി അറേബ്യ ചിലര്‍ക്കെതിരെ വിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഖാലിദിന്റെ അറസ്റ്റ്.
ഇയാള്‍ സൗദിയുടെ സുരക്ഷാ സേനയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് കരുതുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും കരിമ്പട്ടികയിലുള്ള വ്യക്തിയാണ് ഖാലിദ്. ഇയാള്‍ക്ക് ഖഷോഗി വധത്തില്‍ പങ്കുണ്ടെന്നാണ് തുര്‍ക്കി അന്വേഷണ സംഘം കരുതുന്നത്. എന്നാല്‍ പാരിസിലെ സൗദി എംബസി പറയുന്നത് മറ്റൊന്നാണ്. ഖഷോഗി വധവുമായി യാതൊരു പങ്കുമില്ലാത്ത വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് എംബസി അറിയിച്ചു. ഇയാളെ എത്രയും വേഗം വിട്ടയക്കുമെന്നാണ് കരുതുന്നതെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു.

വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ഖഷോഗി സൗദി ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പല നയങ്ങളെയും അദ്ദേഹം എതിര്‍ത്തു. അതുകൊണ്ടുതന്നെ ബിന്‍ സല്‍മാന് ഖഷോഗിയുടെ മരണത്തില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നില്ല. 2018 ഒക്ടോബര്‍ 2നാണ് ഖഷോഗി ഇസ്താംബൂറിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മരിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകള്‍ ശരിയാക്കുന്നതിന് പ്രതിശ്രുത വധുവിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിയോ... കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
ഖഷോഗി മാത്രമാണ് കോണ്‍സുലേറ്റിന് അകത്തേക്ക് പോയത്. എന്നാല്‍ പിന്നീട് പുറത്തുവന്നില്ല. ശേഷം ഖഷോഗിയെ ആരും കണ്ടിട്ടുമില്ല. രഹസ്യമായി കൊലപ്പെടുത്തി എന്നാണ് കരുതുന്നത്. തുര്‍ക്കി അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സുപ്രധാന വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസ് തുര്‍ക്കിയില്‍ ഇപ്പോഴും നടക്കുന്നുണ്ട്. തുര്‍ക്കിയില്‍ 2019 മുതല്‍ വാറണ്ടുള്ള വ്യക്തിയാണ് ഖാലിദ്.
ഖഷോഗിയുടെ മരണത്തില്‍ സൗദി കിരീടവകാശിക്ക് ബന്ധമുണ്ട് എന്ന ചില വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. ഖഷോഗി വധവുമായി ബന്ധപ്പെട്ട് 8 പേരെ സൗദി കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 20 വര്‍ഷം വരെ തടവാണ് ശിക്ഷ വിധിച്ചത്. ആരൊക്കെയാണ് ശിക്ഷിച്ചത് എന്ന കാര്യം വ്യക്തമല്ല. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പുറത്ത് വിലസുന്നു എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആക്ഷേപം.












Click it and Unblock the Notifications