നടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്, മരിച്ചത് 9 മാസം മുൻപ്, ആരും അറിഞ്ഞില്ല, കണ്ടെത്തിയത് ഒരാഴ്ച മുൻപ്!
ഇസ്ലാമാബാദ്: പാക് നടി ഹുമൈറ അസ്ഗര്‍ അലിയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ആഴ്ചയാണ് ഹുമൈറയുടെ മൃതദേഹം കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ദ്രവിച്ച നിലയില്‍ കണ്ടെത്തിയത്. ഹുമൈറ മരണപ്പെട്ടിട്ട് 9 മാസമായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ശാസ്ത്രീയ പരിശോധനകളിലൂടെ വ്യക്തമായിരിക്കുന്നത്. 2024 ഒക്ടോബറില്‍ മരണപ്പെട്ട ഹുമൈറയുടെ മൃതദേഹം 9 മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് കണ്ടെടുത്തിരിക്കുന്നത്.
കറാച്ചി പോലീസ് സര്‍ജന്‍ ഡോ. സുമയ്യ സായിദ് ആണ് ഹുമൈറയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വളരെ അധികം ദ്രവിച്ച നിലയിലാണ് മൃതദേഹം ഉളളതെന്ന് ഡോക്ടര്‍ പറയുന്നു. ഹുമൈറയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിരിക്കുന്നത് അവര്‍ അവസാനമായി ഒരു കോള്‍ വിളിച്ചിരിക്കുന്നത് 2024 ഒക്ടോബറില്‍ ആണെന്നാണ്.
ഹുമൈറ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അയല്‍ക്കാര്‍ നടിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലോ ഒക്ടോബറിലോ കണ്ടിട്ടുളളതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹുമൈറ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുളള നിലയില്‍ മറ്റൊരു ഫ്‌ളാറ്റ് മാത്രമാണ് ഉളളത്. ഇവിടെയാണെങ്കില്‍ ആള്‍ താമസവും ഇല്ല. അതുകൊണ്ടാണ് മൃതദേഹം ദ്രവിച്ചിട്ടും അയല്‍ക്കാര്‍ക്ക് ദുര്‍ഗന്ധമൊന്നും അനുഭവപ്പെടാതിരുന്നത് എന്നാണ് പോലീസ് പറയുന്നത്.

ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഒക്ടോബറില്‍ ഹുമൈറയുടെ അപ്പാര്‍ട്ട്‌മെന്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. മാത്രമല്ല നടിയുടെ ഫ്‌ളാറ്റിലെ ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം കാലാവധി കഴിഞ്ഞ നശിച്ച് തുടങ്ങിയ അവസ്ഥയില്‍ ആയിരുന്നു. പല ജാറുകളും തുരുമ്പിച്ചും പൊടി പിടിച്ചുമായിരുന്നു കിടന്നിരുന്നതെന്ന് പോലീസ് പറയുന്നു.
32കാരിയായ ഹുമൈറയുടെ മൃതദേഹം ജൂലൈ 8ന് ആണ് വീട്ടില്‍ കണ്ടെത്തിയത്. നാളുകളായി ഹുമൈറ വാടക കൊടുക്കാത്തത് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമ നടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതിയാണ് നടിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്താന്‍ ഗിര്‍സി പോലീസിനോട് ഉത്തരവിട്ടത്. വൈകിട്ട് മൂന്ന് മണിയോടെ ഫ്‌ളാറ്റിലെത്തിയ പോലീസ് വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. അപ്പോള്‍ തന്നെ അകത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് നടിയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിന്റെ മുന്‍വാതിലും ബാല്‍ക്കണിയിലേക്കുളള വാതിലും അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നുവെന്ന് സൗത്ത് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയിദ് ആസാദ് റാസ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ വീടിനുളളില്‍ എന്തെങ്കിലും അസ്വാഭാവികമായി നടന്നതായി കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
ഹുമൈറ രണ്ടാഴ്ച മുന്‍പ് മരണപ്പെട്ടതാവാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. തമാശ ഘര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയാണ് ഹുമൈറ. മാത്രമല്ല നടിയും മോഡലും പെയിന്ററുമാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ 7 ലക്ഷത്തിന് മുകളില്‍ ഇവര്‍ക്ക് ഫോളോവേഴ്‌സ് ഉണ്ട്. കുടുംബവുമായി ഒരു ബന്ധവും ഇല്ലാതെയായിരുന്നു ഹുമൈറയുടെ ജീവിതം. മരണശേഷം ഹുമൈറയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം.












Click it and Unblock the Notifications