രണ്ട് വര്‍ഷത്തിനിടെ ആറ് സര്‍ക്കാര്‍; കുവൈത്തിലെ പ്രതിസന്ധിക്ക് കാരണമെന്ത്...?
കഴിഞ്ഞ തവണ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത നിലനില്‍ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കം തുടരുകയായിരുന്നു.

കുവൈത്ത് സിറ്റി: ശൈഖ് അഹമ്മദ് നവാഫ് അല്‍ സബാഹിനെ കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി കിരീടവകാശി വീണ്ടും നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ശൈഖ് അഹമ്മദ് നവാഫ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രിയാകുന്നത്.
മാത്രമല്ല കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് ആറാമത്തെ സര്‍ക്കാരാണ് കുവൈത്തില്‍ അധികാരമേല്‍ക്കുന്നത്. എന്താണ് കുവൈത്തിനെ വിടാതെ പിന്തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി, ഇടക്കിടെ സര്‍ക്കാരിനെ മാറ്റി നിയമിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന് നമുക്ക് നോക്കാം.
ഗള്‍ഫിലെ സമ്പന്ന എണ്ണ എമിറേറ്റുകളില്‍ ഒന്നാണ് കുവൈത്ത്. ഭരണ കുടുംബമാണ് കുവൈത്തില്‍ സര്‍ക്കാരിനെ നിയോഗിക്കുന്നത്. പാര്‍ലമെന്റിലേക്കുള്ള പ്രതിനിധികളെ ഈ ഭരണകൂടം ആണ് തീരുമാനിക്കുന്നത്. രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന് അനുവാദമില്ല.
എന്നാല്‍ വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റില്‍ എത്താം. ഫലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എത്തുന്നവര്‍ പ്രതിപക്ഷത്തായിരിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സര്‍ക്കാരിനേക്കാള്‍ പാര്‍ലമെന്റിന് സ്വാധീനമുള്ള രാജ്യമാണ് കുവൈത്ത്.
കിരീടവകാശിയായ അമീര്‍ ആണ് സര്‍ക്കാരിനെ നിയോഗിക്കുന്നത്. അമീറിന്റെയും സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാന്‍ കഴിവുള്ള, വളരെ സജീവവും ചലനാത്മകവുമായ പാര്‍ലമെന്റാണ് കുവൈത്തിലേത്. എന്നാല്‍ ഭരണകൂടവും പാര്‍ലമെന്റും തമ്മിലെ അസ്വാരസ്യങ്ങളാണ് കുവൈത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാകാത്തതിന് കാരണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുക പാര്‍ലമെന്റായിരിക്കും. സാമ്പത്തിക മേഖലയില്‍ അടക്കം പുതിയ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. എന്നാല്‍ പലപ്പോഴും സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിപക്ഷം എതിര്‍ക്കുകയാണ് ചെയ്യുക.
ഇത്തരത്തില്‍ സ്വര്‍ച്ചേര്‍ച്ചയില്ലായ്മ മൂര്‍ച്ഛിക്കുമ്പോള്‍ ഭരണകൂടം സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്യും. ഇതാണ് കുവൈത്തിനെ വിടാതെ പിന്തുടരുന്ന ഭരണ പ്രതിസന്ധിക്ക് കാരണമാകുന്നത്. ഭരണകുടുംബവുമായി അടുപ്പമുള്ള ജനപ്രതിനിധികളും പരിഷ്‌കരണവാദികളായ ജനപ്രതിനിധികളും തമ്മില്‍ പാര്‍ലമെന്റില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ പലപ്പോഴായി ഇവിടെ ഭരണ പതിസന്ധി ഉടലെടുക്കും.
നിലവില്‍ പാര്‍ലമെന്റിനുള്ളിലെ ഭിന്നതകള്‍ ഭരണകുടുംബത്തിലെ തന്നെ ആഭ്യന്തര കലഹങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രാദേശികമായ ചില വിശകലന വിദഗ്ധര്‍ പറയുന്നുണ്ട്. അതേസമയം പുതിയ സര്‍ക്കാരിലെ മന്ത്രിമാര്‍ ഈ ആഴ്ച തന്നെ അധികാരമേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക. കഴിഞ്ഞ തവണയും പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത നിലനില്‍ക്കുമെന്ന പൊതുവായ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കം തുടര്‍ന്നതോടെ സര്‍ക്കാര്‍ രാജി വെക്കുകയായിരുന്നു.
സര്‍ക്കാര്‍ അഴിമതിയും കെടുകാര്യസ്ഥതയിലും മുങ്ങി നില്‍ക്കുകയാണ് എന്നും പൊതു ഫണ്ട് തെറ്റായി വിനിയോഗിക്കുന്നു എന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോകത്തിലെ അറിയപ്പെടുന്ന ആറാമത്തെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് കുവൈത്ത്.












Click it and Unblock the Notifications