രണ്ടു വിമാനം ജിദ്ദയില്‍; കപ്പല്‍ സുഡാനില്‍... സുഡാന്‍ രക്ഷാ ദൗത്യം വേഗത കൂട്ടി ഇന്ത്യ
ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം നടക്കുന്ന ആഫ്രക്കന്‍ രാജ്യമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യം ത്വരിതപ്പെടുത്തി. രണ്ട് വ്യോമ സേനാ വിമാനങ്ങള്‍ ജിദ്ദയിലെത്തി. ഒരു നാവിക സേനാ കപ്പല്‍ സുഡാന്‍ തീരത്തുമെത്തി. നിരവധി ഇന്ത്യക്കാര്‍ സുഡാനില്‍ കുടങ്ങി കിടക്കുകയാണ്. ഇതില്‍ മലയാളികളും ഉള്‍പ്പെടും.
കേന്ദ്ര സര്‍ക്കാര്‍ സൗദിയുടെയും യുഎഇയുടെയും ഈജിപ്തിന്റെയും സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ഥിച്ചാണ് ബന്ധപ്പെട്ടത്. മൂന്ന് രാജ്യങ്ങളും സഹായം ഉറപ്പ് നല്‍കി. പിന്നീട് സൗദി അറേബ്യ രക്ഷപ്പെടുത്തിയവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന വിവരം ലഭിച്ചു. ഇവരെ സൗദിയിലേക്ക് എത്തിച്ചിട്ടുണ്ട്.

വ്യോമസേനയുടെ സി-130ജെ വിമാനങ്ങളും നാവിക സേനയുടെ ഐഎന്‍എസ് സുമേധ കപ്പലുമാണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമായിരിക്കുന്നത്. കപ്പല്‍ സുഡാന്‍ തുറമുഖത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും മന്ത്രാലയം അറിയിക്കുന്നു.
സുഡാനിലെ ഇന്ത്യന്‍ എംബസി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ട്. കൂടാതെ യുഎന്‍, സൗദി, യുഎഇ, ഈജിപ്ത്, അമേരിക്ക എന്നീ സര്‍ക്കാരുകളുമായും ഇന്ത്യ ബന്ധപ്പെട്ടു. 150 പേരെയാണ് ശനിയാഴ്ച സൗദി അറേബ്യ രക്ഷപ്പെടുത്തിയത്. ഇതില്‍ 91 സൗദിക്കാരും 66 വിദേശികളുമാണുള്ളത്. ഇന്ത്യക്കാരും ഇതില്‍പ്പെടും. നാവിക സേനയുടെ കപ്പല്‍ വഴിയാണ് ഇവരെ രക്ഷിച്ചത്.
സുഡാനിലെ സാഹചര്യം പരിശോധിച്ച് കൂടുതല്‍ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നേരത്തെ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ സുഡാനില്‍ കൊല്ലപ്പെട്ടിരുന്നു. സുഡാനിലെ വ്യോമ പാതകള്‍ അടച്ചിരിക്കുകയാണ്.
കരാതിര്‍ത്തി വഴിയാണ് രക്ഷാപ്രവര്‍ത്തനം സാധ്യമാകുകയുള്ളൂ. എന്നാല്‍ അതീവ ദുഷ്‌കരമായ വഴിയാണിത്. പൗരന്മാരെ തീരത്തെത്തിച്ച് കപ്പല്‍ വഴി ജിദ്ദയിലെത്തിച്ചാണ് നാട്ടിലേക്ക് കൊണ്ടുവരിക. അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് പൗരന്മാര്‍ക്ക് ഇന്ത്യ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏറെ നാള്‍ വീടിനകത്ത് കഴിയാന്‍ സാധിക്കാത്ത സാഹചര്യവുമാണ്.
അടുത്തിടെ സൗദി വിമാനത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് വ്യോമാതിര്‍ത്തി അടച്ചത്. ഇതോടെ വിമാന സര്‍വീസ് സുഡാനില്‍ നടക്കുന്നില്ല. വിമാനം പറക്കുന്നത് കണ്ടാല്‍ ആക്രമിക്കപ്പെടും. നൂറിലധികം പേരാണ് ഇതുവരെ സുഡാന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിലേറെ പേര്‍ക്ക് പരിക്കുണ്ട്. ശനിയാഴ്ചയും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.
അര്‍ധ സൈനിക വിഭാഗമായ ആര്‍എസ്എഫ് സുഡാന്റെ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആഭ്യന്തര യുദ്ധത്തിന് കാരണം. സേനാ മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സേനാ വിഭാഗം കമാന്ററുമായ മുഹമ്മദ് ഹംദാന്‍ ദഗ്ലോയും തമ്മിലാണ് പോര്. സൈനിക നിയന്ത്രണത്തിലാണ് സുഡാന്‍. സിവിലയന്‍ നിയന്ത്രണത്തിലേക്ക് മാറ്റുന്നതിനുള്ള നിബന്ധനകള്‍ നടപ്പാക്കുന്നതിനിടെയാണ് സംഘര്‍ഷം.












Click it and Unblock the Notifications