പ്രവാസി പുരുഷന്റെ മക്കള്‍ക്ക് സൗദിയില്‍ പൗരത്വം കിട്ടും; പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി ഭരണകൂടം
റിയാദ്: പൗരത്വം ലോകം ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇന്ത്യയില്‍ കൊവിഡ് വ്യാപിക്കുന്നതിന് മുമ്പ് വലിയ പ്രതിഷേധം നടന്നത് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയത് കാരണമാണ്. പലരും ഇഷ്ടമുള്ള രാജ്യത്തേക്ക് കുടിയേറുകയും ആ രാജ്യത്ത് പൗരത്വം നേടുകയും ചെയ്യാറുണ്ട്. കാനഡിയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമെല്ലാം പൗരത്വം നേടിയ എത്രയോ മലയാളികളുണ്ട്.
മ്യാന്‍മര്‍, യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിലും പൗരത്വം വലിയ ചര്‍ച്ചയാണ്. എന്നാല്‍ സൗദി അറേബ്യ ആ രാജ്യത്തിന്റെ പൗരത്വ നിയമത്തില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

സൗദി അറേബ്യയില്‍ ഒരു വ്യക്തിക്ക് പൗരത്വം ലഭിക്കുക നാല് വിധത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വിശദമായി പ്രതിപാദിക്കുന്ന നിയമം സൗദിയിലുണ്ട്. ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സൗദി ഭരണകൂടം. ആര്‍ട്ടിക്കിള്‍ എട്ടില്‍ ആണ് മാറ്റം. ഈ മാറ്റത്തിന് സൗദി ഭരണകൂടം അനുമതി നല്‍കിയിരിക്കുകയാണ്. ഇതോടെ വിദേശിയായ പുരുഷന്റെ മക്കള്‍ക്ക് സൗദിയില്‍ പൗരത്വം കിട്ടും.

മാതാവ് സൗദി അറേബ്യയില്‍ നിന്നുള്ള വ്യക്തിയും പിതാവ് വിദേശിയും ആയ ദമ്പതികളുടെ മക്കള്‍ക്ക് സൗദി അറേബ്യയില്‍ ഇനി മുതല്‍ പൗരത്വം ലഭിക്കും. ഇതിന് ചില ഉപാധികളുണ്ട്. ഇത്തരത്തിലുള്ള ദമ്പതികള്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക് 18 വയസ് തികഞ്ഞാല്‍ പൗരത്വത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഭേദഗതിയില്‍ പറയുന്നു. പ്രധാനമന്ത്രിയാകും അപേക്ഷയില്‍ തീരുമാനം എടുക്കുക. നാല് നിബന്ധനകളാണ് ഇക്കാര്യത്തിലുള്ളത്.

പിതാവ് വിദേശിയും മാതാവ് സ്വദേശിയും ആയ ദമ്പതികളുടെ മക്കള്‍ക്ക് 18 വയസ് തികഞ്ഞാല്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാം. അവര്‍ക്ക് അറബി ഭാഷ എഴുതാനും വായിക്കാനും ഭംഗിയായി സംസാരിക്കാനും അറിഞ്ഞിരിക്കണം. നല്ല സ്വഭാവത്തിന് ഉടമയാകണം. ഏതെങ്കിലും കേസില്‍ പ്രതിയായി ആറ് മാസത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പാടില്ല എന്നിവയാണ് ഇത്തരക്കാര്‍ക്ക് പൗരത്വം ലഭിക്കാനുള്ള നിബന്ധന.

സൗദി അറേബ്യയില്‍ നാല് രീതിയിലാണ് പൗരത്വം ലഭിക്കുക. ജന്മനാല്‍ പൗരത്വം ലഭിക്കുന്ന സ്വാഭാവിക പൗരത്വമാണ് ഒന്ന്. പാരമ്പര്യം കാരണം പൗരത്വം ലഭിക്കും. വിവാഹത്തിലൂടെയും പൗരത്വം ലഭിക്കും. കൂടാതെ പ്രത്യേകം അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പൗരത്വം ലഭിക്കും. സൗദിക്കാരനായ പുരുഷന് വിദേശിയായ സ്ത്രീയിലുണ്ടാകുന്ന മക്കള്‍ക്ക് പാരമ്പര്യം വഴിയാണ് പൗരത്വം ലഭിക്കുക.

ശിഷ്ടകാലം സൗദിയില്‍ താമസിക്കണം എന്ന ആഗ്രഹമുള്ളവര്‍ക്ക് ചില നിബന്ധനകള്‍ പാലിച്ചാല്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. തുടര്‍ച്ചയായി പത്ത് വര്‍ഷം സൗദിയില്‍ താമസിച്ചിരിക്കണം. അറബി ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. ജീവിക്കാനുള്ള നിയമപരമായ വരുമാന മാര്‍ഗം ഉണ്ടായിരിക്കണം എന്നിവയാണ് നിബന്ധന. ഇത്തരക്കാര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ രാജാവ് ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.

സൗദി ഭരണകൂടം പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത സൗദി ഗസറ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശിയായ പിതാവിന് ജനിച്ച കുട്ടികള്‍ 18 വയസ് തികഞ്ഞാല്‍ പൗരത്വത്തിന് നല്‍കുന്ന അപേക്ഷ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധിക്കുക. സൗദിയുടെ പുതിയ പ്രധാനമന്ത്രി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്.












Click it and Unblock the Notifications