സൗദിയുടെത് കൈവിട്ട കളി; ഇസ്രായേല്‍ വെറുതെയിരിക്കുമോ... ഹമാസ്-ഫതഹ് നേതാക്കള്‍ റിയാദില്‍
റിയാദ്: വേറിട്ട പാതയില്‍ സഞ്ചരിക്കുകയാണ് സൗദി അറേബ്യ. ആഭ്യന്തരമായി നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന രാജ്യം വിദേശ നയത്തിലും കാതലായ മാറ്റം വരുത്തുകയാണ്. അകന്ന് നിന്നിരുന്ന എല്ലാ രാജ്യങ്ങളെയും ചേര്‍ത്ത് പിടിക്കാനാണ് പുതിയ തീരുമാനം. ഇതാകട്ടെ, മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
വര്‍ഷങ്ങളായി തുടരുന്ന യമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ സൗദി തീരുമാനിച്ചു. ഹൂത്തികളുമായി ചര്‍ച്ച നടത്തി തടവുകാരെ മോചിപ്പിക്കാന്‍ തുടങ്ങി. ആയിരക്കണക്കിന് ഹൂത്തി വിമതരാണ് സൗദിയുടെ തടവില്‍ നിന്ന് മോചിതരാകുന്നത്. സൗദിക്കാരെ ഹൂത്തികളും വിട്ടയക്കുകയാണ്. സൗദി അറേബ്യ ഇറാനുമായി അടുക്കാന്‍ തീരുമാനിച്ചതോടെയാണ് ഈ മാറ്റം.

ഇറാനുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരിക്കുന്നു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ സൗദിയിലെ സല്‍മാന്‍ രാജാവ് സൗദിയിലേക്ക് ക്ഷണിച്ചു. സല്‍മാന്‍ രാജാവിനെ ഇബ്രാഹീം റെയ്‌സി ഇറാനിലേക്കും ക്ഷണിച്ചു. ഇതൊക്കെ നടക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് വരെ പ്രതീക്ഷിച്ചതല്ല. 7 വര്‍ഷം മുമ്പ് വിച്ഛേദിക്കപ്പെട്ട ബന്ധം സൗദി പുനഃസ്ഥാപിച്ചിരിക്കുകയാണ്.
സിറിയയിലെ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി സൗദി അടുക്കുകയാണ്. പത്ത് വര്‍ഷത്തിലേറെയായി സൗദിയുമായി അകല്‍ച്ചയിയാണ് അസദ്. സിറിയയിലെ വിമതരെയാണ് ഇതുവരെ സൗദി പിന്തുണച്ചിരുന്നത്. ഇപ്പോള്‍ നിലപാട് മാറ്റി. അറബ് ലീഗ് സമ്മേളനത്തിലേക്ക് അസദിനെയും ക്ഷണിക്കുമെന്നാണ് പുതിയ വിവരം. മാത്രമല്ല, ഇപ്പോള്‍ ഹമാസിനെയും സൗദിയിലേക്ക് ക്ഷണിച്ചിരിക്കുന്നു.
പശ്ചിമേഷ്യയിലെ പ്രധാന പ്രശ്‌നമാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം. ഗള്‍ഫ് രാജ്യങ്ങള്‍ പലസ്തീനൊപ്പമാണ് നില്‍ക്കുന്നതെങ്കിലും ഇസ്രായേലുമായി ഉടക്കാറില്ല. എന്നാല്‍, ഇസ്രായേല്‍ ഉപരോധം പ്രഖ്യാപിച്ച ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ സൗദി റിയാദിലേക്ക് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. അദ്ദേഹവും ഹമാസിന്റെ മുതിര്‍ന്ന നേതാക്കളുടെ സംഘവും റിയാദിലെത്തി.
മാത്രമല്ല, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും സൗദിയിലെത്തിയിട്ടുണ്ട്. ഹമാസിന്റെ പോളിറ്റ് ബ്യൂറോ നേതാവാണ് ഹനിയ്യ. ഹനിയ്യയും അബ്ബാസും നേരിട്ട് ചര്‍ച്ച നടക്കില്ല എന്നാണ് വിവരം. അതേസമയം, പലസ്തീന്‍കാര്‍ക്കിടയില്‍ ഐക്യം കൊണ്ടുവരികയാണ് സൗദിയുടെ ലക്ഷ്യം. ആദ്യ ഘട്ടമെന്നോളം വേര്‍ത്തിരിഞ്ഞുള്ള ചര്‍ച്ചയാണ് നടക്കുക. മറ്റൊരു ഘട്ടത്തില്‍ ഇരുനേതാക്കളെയും ഒരുമിച്ചിരുത്തുമത്രെ.
ഇതിന് മുമ്പ് അബ്ബാസും ഹനിയ്യയും നേരില്‍ കണ്ടത് 2022 ജൂലൈയില്‍ അല്‍ജീരിയയില്‍ വച്ചാണ്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. പലസ്തീനിലെ ഗസ ഭരിക്കുന്നത് ഹമാസും വെസ്റ്റ് ബാങ്ക് ഭരിക്കുന്നത് അബ്ബാസിന്റെ ഫതഹുമാണ്. ജറുസലേം ഉള്‍പ്പെടെയുള്ള പലസ്തീന്‍ പ്രദേശങ്ങള്‍ നിലവില്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്.

സൗദി രാജാവിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് പലസ്തീന്‍ നേതാക്കള്‍ സൗദിയിലെത്തിയിരിക്കുന്നത്. ഇന്നാണ് സുപ്രധാന ചര്‍ച്ചകള്‍. സൗദിയുടെ പുതിയ നീക്കം ഇസ്രായേലിനെ ചൊടിപ്പിക്കുന്നതാണ്. അമേരിക്കക്കും സൗദിയുടെ പുതിയ നീക്കങ്ങള്‍ തീരെ പിടിക്കാന്‍ സാധ്യതയില്ല. കാരണം സൗദി നടത്തുന്ന പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ കരങ്ങളുണ്ടെന്ന് അവര്‍ സംശയിക്കുന്നു.
ഇറാനുമായി സൗദി അടുക്കാന്‍ കാരണം ചൈനയാണ്. ഇതോടെ മേഖലയിലെ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയാണ്. റഷ്യ, ഖത്തര്‍, ഇറാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളുമായെല്ലാം സൗദി മികച്ച ബന്ധമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ റഷ്യയുമായും പലസ്തീനുമായും ഇറാനുമായും സൗദി അടുക്കുന്നത് ഇസ്രായേലിനെ പ്രകോപിപ്പിക്കുന്ന നീക്കവുമാണ്.












Click it and Unblock the Notifications