ഫ്രാന്‍സ്: ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി, 84 മരണം
പാരീസ്: ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന ബാസ്റ്റില്ലെ ദിനത്തില്‍ ഫ്രാന്‍സില്‍ തീവ്രവാദി ആക്രമണം. തെക്കന്‍ ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ ദിനാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്ന ആള്‍കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഫ്രാന്‍സിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 84 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.ട്രക്ക് ഡ്രൈവറെ പോലിസ് വെടിവെച്ചുകൊന്നു. വാഹനത്തിനുള്ളില്‍ ഗ്രനേഡുകളടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു.
തക്ബീര്‍ മുഴക്കിയാണ് ഇയാള്‍ ട്രക്ക് ആളുകള്‍ക്ക് മുകളിലൂടെ ഓടിച്ചുകയറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അതേ സമയം, നൈസ് ആക്രമണത്തിനു പിറകില്‍ ഐസിസ് ആണെന്ന് സംശയിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ 'യുദ്ധമന്ത്രി' അബു ഒമര്‍ അല്‍ ശിഷാനി ഇറാഖില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായുള്ള ആക്രമണമാണിതെന്ന രീതിയില്‍ ചില ട്വിറ്റര്‍ പോസ്റ്റുകള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 14 നും ഫ്രാൻസിൽ ഭീകരാക്രമണം നടന്നിരുന്നു. ഏഴ് സ്ഥലങ്ങളിലാണ് അന്ന് ഭീകരർ താണ്ഡവമാടിയത്. 140 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻറെ ഉത്തരവാദിത്തം അന്ന് ഐസിസ് ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications