'ഇപ്പോള്‍ പോകണം': 30 ദിവസത്തിൽ കൂടുതലായി യുഎസില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാർ രാജ്യം വിടണമെന്ന നിർദേശവുമായി അമേരിക്കന്‍ ഭരണകൂടം. അമേരിക്കയിൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കാണ് മുന്നറിയിപ്പ്. നിർദേശം പാലിക്കാത്തവർ നിർബന്ധിത നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി, രാജ്യം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അനധികൃത കുടിയേറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.
'30 ദിവസത്തിൽ കൂടുതൽ യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ ഫെഡറൽ ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യണം. നിർദേശം ലംഘിക്കുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് എക്സിൽ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് ട്രംപിന്റെ ഓഫീസിനെയും വകുപ്പിന്റെ സെക്രട്ടറി ക്രിസ്റ്റി നോമിനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

നിയമാനുസൃത രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർ 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യതില്ലെങ്കില്‍ പ്രതിദിനം 998 ഡോളർ പിഴ, അല്ലെങ്കില്‍ 1000 മുതൽ 5000 ഡോളർ വരെ അധിക പിഴ, അതും അല്ലെങ്കില്‍ ജയിൽ ശിക്ഷ എന്നിവ നേരിടേണ്ടിവരുമെന്നും വകുപ്പ് വ്യക്തമാക്കി. സ്വയം പുറത്തുപോകാന്‍ ഉദ്ദേശിക്കുന്നവർക്ക് അവർക്ക് സഞ്ചരിക്കേണ്ട വിമാനം തിരഞ്ഞെടുക്കാനും, ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ സമ്പാദിച്ച പണം നിലനിർത്താനും, ഭാവിയിൽ നിയമപരമായ കുടിയേറ്റത്തിന് അവസരം നിലനിർത്താനും സാധിക്കുമെന്നും വകുപ്പ് അറിയിച്ചു.
പുതിയ നിർദ്ദേശം നിലവിൽ നിയമപരമായി താമസിക്കുന്നവർക്കും, വിസാ കാലാവധി കഴിഞ്ഞവർക്കും ബാധകമായിരിക്കും. ഇത്തരം ആളുകള്‍ നിർദേശത്തെ ഗൗരവത്തോടെ പരിഗണിച്ച്, ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള വിദേശികൾ നിയമപരമായ താമസത്തിനുള്ള രേഖകൾ പുതുക്കുന്നതിനോ, രാജ്യം വിടുന്നതിനോ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കേണ്ടി വരും.
2025 ജനുവരിയിൽ അധികാരമേറ്റെടുത്തതിനുശേഷം നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. എച്ച്-1ബി, വിദ്യാർത്ഥി വിസകളിൽ ഉള്ളവരെ ഈ ഉത്തരവ് നേരിട്ട് ബാധിക്കില്ല, എന്നാൽ നിയമാനുസൃത അനുമതിയില്ലാതെ താമസിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. H-1B വിസയിൽ ഉള്ള ഒരാൾക്ക് ജോലി നഷ്ടപ്പെട്ടിട്ടും നിർദ്ദിഷ്ട കാലയളവിനുള്ളിൽ രാജ്യം വിട്ടു പോകാതിരുന്നാൽ, നടപടി നേരിടേണ്ടി വന്നേക്കാം.












Click it and Unblock the Notifications