ഹാർവാർഡിനെതിരെ വീണ്ടും ട്രംപിന്റെ പ്രതികാര നടപടി: വിദേശ വിദ്യാർത്ഥികളെ ചേർക്കാനുള്ള അംഗീകാരം റദ്ദാക്കി
ന്യൂയോർക്ക്: ഹാർവാർഡ് സർവ്വകലാശാലയ്ക്കെതിരെ കൂടുതല്‍ നിയമ നടപടികളുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. പുതുതായി അന്താരാഷ്ട്ര വിദ്യാർഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍ നിന്നും സർവ്വകലാശാലയെ സർക്കാർ വിലക്കിയെന്നാണ് ഏറ്റവും പുതുതായി വരുന്ന വാർത്ത. ഹാർവാഡിന്റെ ആകെ വിദ്യാർത്ഥികളില്‍ 27 ശതമാനത്തോളവും വിദേശികളാണ്. വിദേശ വിദ്യാർത്ഥികള്‍ക്ക് വിലക്ക് വരുന്നതോടെ ഇത് സർവ്വകലാശാലയുടെ വരുമാനത്തെയടക്കം വലിയ രീതിയില്‍ ബാധിക്കും.
അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ രേഖകൾ ഏപ്രിൽ 30- നകം നൽകണമെന്ന് ട്രംപ് ഭരണകൂടം നേരത്തെ സർവ്വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഹാർവാർഡിന്റെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം ( എസ് ഇ വി പി) സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം ക്യാമ്പസിൽ യഹൂദവിരുദ്ധതയും പ്രോ-പലസ്തീൻ പ്രക്ഷോഭങ്ങളും വർധിച്ചുവെന്ന ട്രംപ് ഭരണകൂടത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്തരം ഒരു നടപടി സർക്കാർ സ്വീകരിച്ചത്.

എന്നാല്‍ സർക്കാർ ആവശ്യം അവഗണിച്ച ഹാർവാർഡ്, ഈ ആവശ്യങ്ങളെ "സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും" എതിരായുള്ള ശ്രമം എന്ന് വിമർശിക്കുകയും ചെയ്തു. സർവകലാശാല പ്രസിഡന്റ് അലൻ ഗാർബർ, ഹാർവാർഡിന്റെ അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും ഒപ്പം നിയമപരമായി പാലിക്കേണ്ട കാര്യങ്ങൾ പാലിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് ഹാർവാർഡിന്റെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ റദ്ദാക്കുന്നതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചത്.
ഹാർവാർഡിന്റെ 2.2 ബില്യൺ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യൺ ഡോളറിന്റെ കരാറുകളും ട്രംപ് ഭരണകൂടം നേരത്തെ മരവിപ്പിച്ചിരുന്നു. ഹാർവാർഡിന്റെ ചില പഠനങ്ങൾ "രാജ്യവിരുദ്ധമാണ്" എന്ന് ആരോപിച്ച് 2.7 മില്യൺ ഡോളറിന്റെ രണ്ട് ഡി എച്ച് എസ് ഗ്രാന്റുകളും റദ്ദാക്കി. ഇതിന് പുറമെ ഹാർവാർഡിന്റെ 501(c)(3) നികുതി-ഇളവ് പദവി പിൻവലിക്കാനുള്ള നീക്കങ്ങൾ ആന്തരിക റവന്യൂ സർവീസ് ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം തന്നെ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ ഹാർവാർഡ് ഇതിനോടകം തന്നെ സ്വീകരിച്ച് കഴിഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഹാർവാർഡ് സമൂഹത്തെ നിയന്ത്രിക്കാനുള്ള ശ്രമം എന്നാണ് സർവ്വകലാശാല വിശേഷിപ്പിക്കുന്നത്. 'ഒരു സർക്കാരിനും - ഏത് പാർട്ടിയുടെ ഭരണമായാലും - സ്വകാര്യ സർവകലാശാലകൾ എന്ത് പഠിപ്പിക്കണം, ആരെ പ്രവേശിപ്പിക്കണം, ആരെ നിയമിക്കണം, ഏതൊക്കെ പഠനമേഖലകൾ പിന്തുടരണം എന്ന് നിർദേശിക്കാൻ അവകാശമില്ല' ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ അനുചിതമാണെന്ന് ഹാർവാർഡിന്റെ ഹില്ലെൽ എക്സിക്യൂട്ടീവ് ഡയറക്ടർ റബ്ബി ജേസൺ റൂബൻസ്റ്റൈനും ചൂണ്ടിക്കാട്ടി. യഹൂദ വിദ്യാർഥികളെ സംരക്ഷിക്കാനുള്ള ശ്രമമാണെന്ന് അവകാശപ്പെടുമ്പോൾ തന്നെ ഈ നടപടികൾ അവരെത്തന്നെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണ്. 140 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്ന സർവ്വകലാശാലയാണിത്. ഹാർവേഡിന്റെ പ്രവർത്തനങ്ങൾ അതുപോവെ തന്നെ നിലനിർത്താൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്, വിദേശവിദ്യാർത്ഥിൾ സർവ്വകലാശാലയേയും രാജ്യത്തേയും ഒരുപോലെ സമ്പന്നരാക്കുന്നു', സർവ്വകലാശാല പ്രസ്തവനയിൽ പറഞ്ഞു. ഹാർവേഡ് ഒരു തമാശയാണെന്നായിരുന്നു മുൻപ് ട്രംപിന്റെ പരിഹാസം. യുഎസിലെ നല്ല കോളേജ് എന്ന പട്ടികയിൽ ഉൾപ്പെടാൻ ഹാർവേഡിന് സാധിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.












Click it and Unblock the Notifications