അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍... ആദ്യം ഉപരോധം പിന്‍വലിക്കൂ.... എന്നിട്ടാവാം സംസാരം!!
തെഹറാന്‍: ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത് വീണ്ടുമൊരു യുദ്ധമൊഴിവാക്കാനുള്ള നീക്കമായി വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായിട്ടല്ല ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്. ട്രംപിന്റെ ഭരണത്തോടും അദ്ദേഹമെടുക്കുന്ന തീരുമാനങ്ങളോടും യോജിച്ച് പോകാനാവില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹം സമയം ഗള്‍ഫ് രാജ്യങ്ങളില്‍ ട്രംപ് നടത്തുന്ന ഇടപെടലും തീവ്രവാദ രാജ്യമായി ഇറാനെ ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമങ്ങളും ഹസന്‍ റൂഹാനിയെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം പ്രശ്‌നം തുടരുന്നത് ഗള്‍ഫ് മേഖലയിലടക്കം വന്‍ പ്രശ്‌നങ്ങള്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ ഇറാനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ്. അമേരിക്കയുടെ ഉപരോധം നേരിടാന്‍ റഷ്യയും ചൈനയും ഇറാനെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരസ്യമല്ലാത്ത സഹായങ്ങള്‍ ഇന്ത്യയില്‍ നിന്നുമുണ്ടാവും. എന്നാല്‍ ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളെയും അമേരിക്ക ശരിക്കും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഉപാധികളോടെ ചര്‍ച്ച
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാന്‍ പറയുന്ന സ്ഥലത്ത് വെച്ച് ചര്‍ച്ച നടത്താം. പക്ഷേ അവര്‍ മുന്‍കൈയ്യെടുക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇത് വളരെധികം അമ്പരിപ്പിക്കുന്ന തീരുമാനമായിരുന്നു. ഇറാനിലെ ഭരണകൂടം മാറണമെന്നും അവര്‍ അഴിമതിക്കാരാണെന്നും നിരന്തരം ആരോപിച്ച് കൊണ്ടിരിക്കുന്ന ട്രംപ് ഭരണകൂടം നിലപാട് മാറ്റിയത് മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഒരു ചര്‍ച്ചയും നടക്കില്ല
ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞതിന് പിന്നാലെ അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ് ഇറാന്‍. ട്രംപുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചയും സാധ്യമല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹറം കാസിമി. അമേരിക്ക ഇറാനെ പരമാവധി ദ്രോഹിച്ചിരിക്കുകയാണ്. ആണവക്കരാറില്‍ നിന്ന് പിന്‍മാറി, ഉപരോധം ഏര്‍പ്പെടുത്തി. മറ്റുള്ള രാജ്യങ്ങള്‍ ഇറാനുമായി സഹകരിക്കരുതെന്ന് പറഞ്ഞു. ഇങ്ങനെയുള്ളവരുമായി ചര്‍ച്ച സാധ്യമല്ലെന്നും കാസിമി പറഞ്ഞു.

ട്രംപിന്റെ പ്രകോപനം
ട്രംപിന്റെ പ്രകോപനമാണ് ചര്‍ച്ചയില്‍ നിന്ന് ഇറാനെ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുമായി കളിച്ചാല്‍ ഇറാന്‍ തകര്‍ന്നടിയുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഒബാമയുടെ കാലത്ത് ഇറാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ നയങ്ങള്‍ ഇറാന് ഗുണം ചെയ്യുന്നതല്ല. അതുകൊണ്ട് ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. അമേരിക്ക ആദ്യം തങ്ങള്‍ക്കെതിരായി ചെയ്ത കാര്യങ്ങള്‍ തിരുത്തട്ടെയെന്നും കാസിമി പറഞ്ഞു.

റൂഹാനിയുടെ ഉപദേഷ്ടാവ്
ഹസന്‍ റൂഹാനിയുടെ ഉപദേഷ്ടാവായ ഹമീദ് അബൂതലേബി ട്രംപിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. അമേരിക്ക ആണവക്കരാറിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ തുറന്ന ചര്‍ച്ചകള്‍ സാധ്യമാകുകയുള്ളൂ. ഇറാന്റെ അവകാശങ്ങളെ അമേരിക്ക ബഹുമാനിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപിനെതിരെ ഇറാനില്‍ വലിയ പ്രതിഷേധം കത്തുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് ഇറാന്‍ ഭരണകൂടം.

നിയമവിരുദ്ധമായ പിന്‍മാറ്റം
ട്രംപ് ഏകപക്ഷീയമായാണ് കാര്യങ്ങള്‍ നടത്തുന്നത്. ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങിയ നടപടി നിയമവിരുദ്ധമാണെന്ന് റൂഹാനി ആരോപിച്ചു. ഇറാനുമായി നല്ല ബന്ധം തുടരണമോ, ആണവ കരാര്‍ തുടര്‍ന്നും വേണമോ എന്ന കാര്യങ്ങള്‍ ഇനി യൂറോപ്പ്യന്‍ രാജ്യങ്ങളാണ് തീരുമാനിക്കേണ്ടത്. മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ കുഴപ്പങ്ങളുണ്ടാക്കാനും താല്‍പര്യമില്ല. പക്ഷേ എണ്ണ കയറ്റുമതി ചെയ്യാനുള്ള അവകാശം ഇറാന്‍ വിട്ടുകൊടുക്കില്ലെന്നും റൂഹാനി വ്യക്തമാക്കി.

ഉപാധികളുള്ള ചര്‍ച്ച
ഉപാധികളില്ലാത്ത ചര്‍ച്ചയെന്ന ട്രംപിന്റെ പ്രസ്താവന യുഎസ് സെക്രട്ടറി മൈക്ക് പോമ്പിയോ തള്ളിയിട്ടുണ്ട്. അതൊരിക്കലും സാധ്യമല്ല. ചില ഉപാധികള്‍ മുന്നോട്ടു വച്ചായിരിക്കും യുഎസ് ചര്‍ച്ച നടത്തുക. സ്വന്തം ജനങ്ങളെ സംരക്ഷിക്കാന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടത് ഇറാന് അത്യാവശ്യമാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്ന നിലപാട് അവര്‍ മാറ്റണം. ഇനി ചര്‍ച്ച നടക്കുകയാണെങ്കില്‍ തന്നെ ഉപാധികളുണ്ടാകും. അല്ലാതെയുള്ള ചര്‍ച്ച ഗുണം ചെയ്യില്ലെന്നും പോമ്പിയോ പറഞ്ഞു.

ഉപരോധം പിന്‍വലിക്കില്ല
ഇറാനെതിരെയുള്ള നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ഗാരെറ്റ് മാര്‍ക്വിസ് പറഞ്ഞു. ഉപരോധം പിന്‍വലിക്കാനോ മയപ്പെടുത്താനോ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക സഹകരണവും സാധ്യമല്ല. കാരണം ഇറാന്റെ നയങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് ദോഷം ചെയ്യും. അതുകൊണ്ട് ഉപരോധം കൂടുതല്‍ കര്‍ശനമാക്കാനാണ് യുഎസിന്റെ തീരുമാനം. ഇറാന്‍ തീരുമാനം മയപ്പെടുത്താത്ത കാലത്തോളം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മാര്‍ക്വിസ് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ കളിച്ച് തുടങ്ങി
ട്രംപുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്ന് റൂഹാനി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനാണ് തീരുമാനം. പ്രതിസന്ധി ഘട്ടത്തില്‍ റഷ്യയും ചൈനയും സഹായിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. പ്രധാനമായും എണ്ണയുടെ കയറ്റുമതി ഈ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. അതേസമയം ട്രംപ് ഏകപക്ഷീയമായി ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങിയതിനെ എതിര്‍ക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളെയും ഇറാന്‍ ഒപ്പം കൂട്ടും. ജര്‍മനിയാണ് ഇതില്‍ പ്രധാനം.












Click it and Unblock the Notifications