അമേരിക്കക്ക് പുറമെ തുര്‍ക്കി സൈന്യവും ദോഹയിലേക്ക്; ഖത്തര്‍ ശക്തി പ്രാപിക്കുന്നു, ഗള്‍ഫില്‍ യുദ്ധഭീതി

  • Written By:
Subscribe to Oneindia Malayalam

അങ്കാറ/ദോഹ: അമേരിക്കന്‍ സൈന്യത്തിന് പുറമെ തുര്‍ക്കി സൈന്യവും ഖത്തറിലേക്കെത്തുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് വിദേശ സൈന്യങ്ങള്‍ തുടര്‍ച്ചയായി എത്തുന്നത്. ഖത്തറിനുള്ള തുര്‍ക്കിയുടെ പിന്തുണകൂടിയാണിതെന്ന് വിലയിരുത്തുന്നു.

ഖത്തറില്‍ തുര്‍ക്കി സൈന്യത്തെ വിന്യസിക്കുന്നതിന് തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്‍കി. ഖത്തറിനെ ഒറ്റപ്പെടുത്തിയ സൗദിയുടെയും യുഎഇയുടെയും ബഹ്‌റൈന്റെയും നടപടിയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഖത്തറിനെ കൈവിടില്ലെന്നു തുര്‍ക്കി

ഖത്തറിനെ കൈവിടില്ലെന്നു തുര്‍ക്കി

ഖത്തറിനെ കൈവിടില്ലെന്നും തങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായിച്ച രാജ്യമാണ് ഖത്തറെന്നും എര്‍ദോഗാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തുര്‍ക്കി സൈന്യം ദോഹയിലേക്ക് വരുന്നത്.

നിയമം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി

നിയമം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി

സൈന്യത്തെ ഖത്തറില്‍ വിന്യസിക്കുന്നത് സംബന്ധിച്ച നിയമം തുര്‍ക്കി പാര്‍ലമെന്റില്‍ പാസാക്കി. 240 എംപിമാരുടെ പിന്തുണയോടെയാണ് നിയമം പാസാക്കിയത്. ഭരണകക്ഷിയായ എര്‍ദോഗാന്റെ എകെ പാര്‍ട്ടിയും പ്രതിപക്ഷമായ ദേശീയ വാദികളുടെ എംഎച്ച്പിയും ബില്ലിനെ പിന്തുണച്ചു.

11000 അമേരിക്കന്‍ സൈനികരും

11000 അമേരിക്കന്‍ സൈനികരും

പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന താവളമുള്ളത് ഖത്തറിലാണ്. 11000 അമേരിക്കന്‍ സൈനികരാണ് ഈ താവളത്തിലുള്ളത്. അമേരിക്കയുടെ അടുത്ത സൗഹൃദ രാജ്യങ്ങളില്‍പ്പെട്ട രാജ്യം കൂടിയാണ് ഖത്തര്‍. അമേരിക്കന്‍ സൈന്യം രാജ്യത്ത് നിലയുറപ്പിച്ചിട്ടുള്ളത് ഖത്തര്‍ ഒരു അലങ്കാരമായാണ് വിശേഷിപ്പിക്കാറ്.

ട്രംപ് സൗദിയെ പിന്തുണച്ചു

ട്രംപ് സൗദിയെ പിന്തുണച്ചു

പക്ഷേ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിക്കും യുഎഇക്കും അനുകൂലമായാണ് പ്രതികരിച്ചത്. ഭീകരതയെ തടയുമെന്ന സൗദിയുടെ വാഗ്ദാനം അവര്‍ പാലിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഗള്‍ഫില്‍ അമേരിക്കക്ക് സ്വാധീനം

ഗള്‍ഫില്‍ അമേരിക്കക്ക് സ്വാധീനം

ഖത്തറിനെ പിന്തുണയ്ക്കുന്ന കാര്യം ട്രംപ് പറഞ്ഞതുമില്ല. എന്നാല്‍ ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. ട്രംപ് പക്ഷേ, ഖത്തറിനോട് മുഖം തിരിച്ച സമീപനമാണ് ഈ ഉപരോധ വിഷയത്തില്‍ സ്വീകരിച്ചത്.

ഖത്തറിന് കരുത്ത് വര്‍ധിക്കും

ഖത്തറിന് കരുത്ത് വര്‍ധിക്കും

ഈ പശ്ചാത്തലത്തിലാണ് ഖത്തറിന് കരുത്തേകി തുര്‍ക്കി സൈന്യം ഗള്‍ഫിലേക്കെതുന്നത്. തുര്‍ക്കി സൈന്യത്തിന് ഖത്തറില്‍ താവളം ഒരുക്കിയിട്ടുണ്ട്. ഖത്തറിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ആ രാജ്യത്തെ തുര്‍ക്കി കൈവിടില്ലെന്നും എര്‍ദോഗാന്‍ പറഞ്ഞിട്ടുണ്ട്.

ഭീകരവാദത്തെ പിന്തുണയ്ക്കുന്നു

ഭീകരവാദത്തെ പിന്തുണയ്ക്കുന്നു

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം ഖത്തര്‍ നിഷേധിക്കുന്നു. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച അയല്‍രാജ്യങ്ങള്‍ ഇവിടേക്കുള്ള യാത്രമാര്‍ഗങ്ങളും തടഞ്ഞിട്ടുണ്ട്.

ഏറ്റവും വലിയ അകല്‍ച്ച

ഏറ്റവും വലിയ അകല്‍ച്ച

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ അകല്‍ച്ചയാണിപ്പോള്‍. ഉപരോധം പ്രഖ്യാപിക്കല്‍ നിലവിലെ പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് എര്‍ദോഗാന്‍ പറഞ്ഞത്. സൗദിയും യുഎഇയും ബഹ്‌റൈനും ഉപരോധം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 തുര്‍ക്കിയുടെ ആദ്യ താവളം

തുര്‍ക്കിയുടെ ആദ്യ താവളം

ഗള്‍ഫിലെ ആറ് രാജ്യങ്ങളുമായും തുര്‍ക്കിക്ക് നല്ല ബന്ധമാണുള്ളത്. ഖത്തറില്‍ തുര്‍ക്കിക്ക് സൈനിക താവളമുണ്ട്. പശ്ചിമേഷ്യയിലെ തുര്‍ക്കിയുടെ ആദ്യ സൈനിക താവളം ഖത്തറിലാണ്. 2014ലാണ് ഇതുസംബന്ധിച്ച കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയത്.

3000 തുര്‍ക്കി സൈനികരെത്തും

3000 തുര്‍ക്കി സൈനികരെത്തും

2016ല്‍ തുര്‍ക്കി പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ദാവൂദോഗ്ലു ഖത്തറിലെ സൈനിക താവളം സന്ദര്‍ശശിച്ചിരുന്നു. 150 സൈനികരെ ഇവിടെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. 3000 തുര്‍ക്കി സൈനികരെ ഇവിടെ എത്തിക്കാനാണ് രാജ്യം ആലോചിക്കുന്നത്.

സംയുക്ത സൈനിക അഭ്യാസം

സംയുക്ത സൈനിക അഭ്യാസം

2015ല്‍ തുര്‍ക്കിയുടെ ഖത്തര്‍ അംബാസഡര്‍ ആയിരുന്ന അഹ്മദ് ദിമിറോക്ക് ഖത്തറിലെ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഖത്തര്‍ സൈന്യവുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും സംയുക്ത സൈനിക അഭ്യാസം നടത്താനും തുര്‍ക്കി സൈന്യത്തിന് പദ്ധതിയുണ്ട്.

ഗള്‍ഫില്‍ യുദ്ധഭീതി

ഗള്‍ഫില്‍ യുദ്ധഭീതി

നിലവിലെ സാഹചര്യത്തില്‍ തുര്‍ക്കി സൈന്യം ഗള്‍ഫിലേക്കെത്തുന്നത് മേഖലയില്‍ യുദ്ധഭീതി വളര്‍ത്തിയിട്ടുണ്ട്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത അകല്‍ച്ചയാണിപ്പോള്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍. ഇതില്‍ നിന്നു ലാഭമുണ്ടാക്കാനുള്ള ശ്രമം വിദേശ രാജ്യങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. തുര്‍ക്കിയുടെ ഉദ്ദേശവും അതാണോ എന്നാണ് ഉയരുന്ന സംശയം.

പുതിയ സഖ്യത്തിന്റെ പിറവി

പുതിയ സഖ്യത്തിന്റെ പിറവി

പുതിയ സഖ്യത്തിന്റെ പിറവിക്ക് എല്ലാ സാഹചര്യവും ഒരുങ്ങുകയാണ് ഗള്‍ഫില്‍. നിലവില്‍ സൗദിക്കാണ് മേധാവിത്വം. അത് തകരുകയും തുര്‍ക്കി, ഇറാന്‍, ഇറാഖ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മ വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഈ നിരീക്ഷണത്തിന് ബലമേകുന്ന നടപടിയാണിപ്പോള്‍ തുര്‍ക്കിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

English summary
Turkey's parliament has approved a legislation allowing its troops to be deployed to a Turkish military base in Qatar. The bill, first drafted in May, passed with 240 votes in favour, largely with support from the ruling AK Party and nationalist opposition MHP.
Please Wait while comments are loading...