തുര്‍ക്കി ഭയക്കുന്നു; ഇസ്രായേല്‍ മിസൈല്‍ വീഴുമോ? ഖത്തറിലെ പോലെ, മുന്നറിയിപ്പുമായി ഭരണകൂടം
അങ്കാറ: ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കി ആകുമോ. ഖത്തറിന് പിന്നാലെ തുര്‍ക്കിയും ആക്രമിക്കപ്പെടും എന്ന അഭ്യൂഹം ശക്തം. ഹമാസിന്റെ പേരുപറഞ്ഞ് തങ്ങളെയും ഇസ്രായേല്‍ ആക്രമിച്ചാല്‍ മേഖല ദുരന്തത്തിലേക്ക് തള്ളിവിടപ്പെടും എന്ന് തുര്‍ക്കി ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഖത്തറിനെ ആക്രമിച്ചതോടെയാണ് മേഖലയില്‍ ഭീതിയുടെ നിഴല്‍ വീണത്.
അമേരിക്കയുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് ഖത്തര്‍. അമേരിക്കയുടെ മറ്റൊരു ഉറ്റരാജ്യമായ ഇസ്രായേല്‍ ഖത്തറിനെ ആക്രമിച്ചത് അപ്രതീക്ഷിതമായിരുന്നു. പ്രത്യേകിച്ച് ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തില്‍ സമാധാന ശ്രമങ്ങള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന വേളയില്‍. ഖത്തര്‍ പോലും ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് തുര്‍ക്കിയിലും ഭീതി.

ഹമാസ് നേതാക്കള്‍ വിദേശത്ത് താമസിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഖത്തറും തുര്‍ക്കിയും. ഇസ്താംബൂളില്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി ഹമാസ് നേതാക്കള്‍ എത്താറുണ്ട്. ചില ഹമാസ് നേതാക്കള്‍ ഇവിടെ താമസിക്കുന്നു എന്നും വാര്‍ത്തകളുണ്ട്. മാത്രമല്ല, ഹമാസിന് സാമ്പത്തിക പിന്തുണ തുര്‍ക്കി നല്‍കുന്നു എന്ന് ഇസ്രായേല്‍ ആരോപിക്കുന്നുമുണ്ട്.
മുന്നറിയിപ്പുമായി ഇസ്രായേലും തുര്‍ക്കിയും
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് ഖത്തറിലെ ബോംബിങിന് ഇസ്രായേല്‍ മുന്നോട്ടുവച്ച ന്യായം. ഹമാസ് നേതാക്കള്‍ ഏത് രാജ്യത്താണെങ്കിലും ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുര്‍ക്കിയെ ആക്രമിച്ചാല്‍ ഇസ്രായേല്‍ ഉള്‍പ്പെടെ മേഖല മൊത്തം ദുരന്തത്തിലേക്ക് നീങ്ങുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയ വക്താവ് റിയര്‍ അഡ്മിറല്‍ സെകി അക്തുര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണ് എന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറിനോടാണ് നെതന്യാഹുവിനെ അദ്ദേഹം ഉപമിച്ചത്. ഇസ്രായേലിനെതിരെ കടുത്ത നടപടി വേണം എന്ന് ദോഹയില്‍ നടന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉര്‍ദുഗാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നാറ്റോ അംഗമാണ് തുര്‍ക്കി, മാത്രമല്ല
ഖത്തറിനെ ആക്രമിച്ച അത്ര പ്രയാസം തുര്‍ക്കിയെ ആക്രമിക്കുന്നതില്‍ ഇസ്രായേലിന് ഉണ്ടാകില്ല. ഖത്തറിനേക്കാള്‍ അടുത്താണ് തുര്‍ക്കി. ഖത്തറില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ തുര്‍ക്കിയുടെ സൈന്യവും തമ്പടിക്കുന്നുണ്ട്. എന്നിട്ടും ഖത്തറിനെതിരായ ആക്രമണം മുന്‍കൂട്ടി അറിയാനോ തടയാനോ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ തുര്‍ക്കിയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
നാറ്റോ സൈനിക സഖ്യത്തിന്റെ ഉറ്റരാജ്യമായിട്ടാണ് ഖത്തറിനെ പരിഗണിക്കുന്നത്. എന്നാല്‍ നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സൈനികര്‍ നാറ്റോയിലുള്ളത് തുര്‍ക്കിയില്‍ നിന്നാണ്. അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന രാജ്യവുമാണ് തുര്‍ക്കി. എങ്കിലും പല കാര്യങ്ങളിലും അമേരിക്കയുമായി തുര്‍ക്കി ഉടക്കിലാണ്. നേരത്തെ ഇസ്രായേലുമായി നല്ല ബന്ധമായിരുന്നു തുര്‍ക്കിക്ക്. 2000ത്തില്‍ തുര്‍ക്കി യാത്രാ സംഘത്തെ ഇസ്രായേല്‍ കൊലപ്പെടുത്തിയതോടെയാണ് ബന്ധം വഷളായത്.












Click it and Unblock the Notifications