ഇസ്രായേലിനെ ഞെട്ടിച്ച് യുഎഇ; കടുത്ത തീരുമാനം, സഹായ സഹകരണം നിര്‍ത്തി, ചര്‍ച്ചകള്‍ സജീവം
ടെല്‍ അവീവ്: ഇസ്രായേലിന് കനത്ത തിരിച്ചടിയായി യുഎഇയുടെ പുതിയ തീരുമാനം. ഇസ്രായേലുമായി സഹകരിച്ചുള്ള സഹായ വിതരണ പ്രവര്‍ത്തനങ്ങള്‍ യുഎഇ നിര്‍ത്തി. ഗാസയില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴ് സന്നദ്ധ സഹായ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതാണ് യുഎഇയുടെ കടുത്ത നടപടിക്ക് കാരണം.
യുഎഇയുടെയും ഇസ്രായേലിന്റെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സഹായ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം ഇസ്രായേല്‍ അംബാസഡര്‍ അമിര്‍ ഹയികിനെ യുഎഇ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. സൈപ്രസില്‍ നിന്ന് ഗാസയിലേക്കുള്ള മാനുഷിക സഹായമെത്തിക്കല്‍ യുഎഇ നിര്‍ത്തിവച്ചിരിക്കുകയാണ്.

അറബ് രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നു. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ. ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യവും യുഎഇയാണ്. ഈ സാഹചര്യത്തില്‍ യുഎഇ ഉടക്കുന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയാണ്. ബന്ധത്തില്‍ നിന്ന് യുഎഇ പിന്നാക്കം പോയാല്‍ ഇസ്രായേലിന് അന്തര്‍ദേശീയ തലത്തില്‍ നികത്താന്‍ സാധിക്കാത്ത വിടവായി മാറും.
യുഎഇയുമായി ബന്ധം സ്ഥാപിച്ച പിന്നാലെ ഇസ്രായേല്‍ ബഹ്‌റൈനുമായും ബന്ധം സ്ഥാപിച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയാണ് അബ്രഹാം കരാര്‍ സാധ്യമാക്കിയത്. ഇനി വൈകാതെ സൗദി അറേബ്യയുമായി ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയതും പശ്ചിമേഷ്യന്‍ രാഷ്ട്രീയം മാറിമറിഞ്ഞതും.
ഗാസയിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്ക മുന്‍കൈയ്യെടുത്താണ് സൈപ്രസില്‍ നിന്ന് ഗാസയിലേക്ക് സഹായമെത്തിക്കുന്ന പുതിയ കടല്‍ പാത ഒരുക്കിയത്. ഇങ്ങനെ എത്തിയ സഹായങ്ങള്‍ വിതരണം ചെയ്യുന്നവര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അബദ്ധം പറ്റിയതാണ് എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറയുന്നത്.
കാര്യങ്ങള്‍ കൈവിടുന്നുവെന്ന് മനസിലാക്കിയ ഇസ്രായേല്‍ പരിഹാര ചര്‍ച്ചകള്‍ തുടങ്ങി. വിദേശകാര്യമന്ത്രി ഇസ്രായേല്‍ കറ്റ്‌സ് യുഎഇ വിദേശകാര്യമന്ത്രി അബ്ദുല്ല ബിന്‍ സായിദുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇസ്രായേല്‍ വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ യാക്കോവ് ബ്ലിറ്റ്ഷ്റ്റീന്‍ യുഎഇ അംബാസഡര്‍ മുഹമ്മദ് മഹ്മൂദ് അല്‍ ഖാജയുമായും ചര്‍ച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ കറുത്ത ദിനങ്ങളാണിതെന്ന് ഖാജ പ്രതികരിച്ചു. അമേരിക്കയും വിഷയത്തില്‍ ഇസ്രായേലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സുരക്ഷ ഉറപ്പ് നല്‍കാതെ ഇനി സഹായമെത്തിക്കില്ല എന്നാണ് യുഎഇയുടെ നിലപാട്. യുഎഇ പിണങ്ങി നില്‍ക്കുന്നത് ഇസ്രായേലിന് രാഷ്ട്രീയമായും സാമ്പത്തികമായും വിപരീത ഫലം ചെയ്യും.












Click it and Unblock the Notifications