അഫ്ഗാനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത; ഉക്രൈന്‍ വിമാനം റാഞ്ചി, ഇറാനിലേക്ക് പറന്നു...
കാബൂള്‍: ഉക്രൈന്റെ വിമാനം അഫ്ഗാനില്‍ നിന്ന് റാഞ്ചിയെന്ന് റിപ്പോര്‍ട്ട്. ഒരു സംഘം ആളുകള്‍ വിമാനത്തിലേക്ക് കയറി പിടിച്ചടക്കുകയായിരുന്നുവത്രെ. ശേഷം വിമാനം ഇറാനിലേക്ക് പറത്തി എന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉക്രൈനിലെ പൗരന്‍മാരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് കാബൂളിലെത്തിയതായിരുന്നു വിമാനം എന്ന് ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്ജനി യെനിന്‍ പറഞ്ഞു.
Recommended Video
ഞായറാഴ്ചയാണ് ചിലയാളുകള്‍ വിമാനം നിയന്ത്രണത്തിലാക്കിയത്. ചൊവ്വാഴ്ച വിമാനം ഇറാനിലേക്ക് പറന്നു. ഉക്രൈന്‍കാരെ നാട്ടിലെത്തിക്കാന്‍ കാബൂളിലെത്തിയ വേളയിലാണ് ചിലര്‍ വിമാനം കൈയ്യടക്കിയത്. ഒരു കൂട്ടം യാത്രക്കാരാണ് ഇതിന് പിന്നില്‍. ഉക്രൈന്‍കാര്‍ക്ക് കാബൂള്‍ വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കുന്നില്ല. അതിനിടെയാണ് മറ്റു ചില യാത്രക്കാര്‍ വിമാനത്തില്‍ കടന്നതെന്നും ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തില്‍ അനധികൃതമായി കയറിയവര്‍ ആയുധ ധാരികളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് കാബൂളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന് മന്ത്രി പറഞ്ഞില്ല. എത്ര ഉക്രൈന്‍കാര്‍ അഫ്ഗാനിലുണ്ട്, അവരെ എങ്ങനെ നാട്ടിലെത്തിക്കും, റാഞ്ചിയ സാഹചര്യത്തില്‍ വേറെ വിമാനം കാബൂളിലേക്ക് അയക്കുമോ, റാഞ്ചിയ വിമാനം വിട്ടുകിട്ടാന്‍ നടപടിയെടുക്കുമോ തുടങ്ങിയ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, വാര്‍ത്ത നിഷേധിച്ച ഉക്രൈനും ഇറാനും രംഗത്തുവന്നു. വിമാനം തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഇന്ധനം നിറയ്ക്കാന്‍ മഷ്ഹദില്‍ ഇറങ്ങുകയും പിന്നീട് ഉക്രൈനിലേക്ക് പോകുകയും ചെയ്തുവെന്ന് ഇറാന്‍ സിവില്‍ വ്യോമയാന അതോറിറ്റി അറിയിച്ചു. ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയ വക്താവും വാര്‍ത്ത തള്ളി. ചില മാധ്യമങ്ങള്‍ അസത്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഒലിജ് നികോലെങ്കോ പറഞ്ഞു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി കൊടുക്കുകയാണ് ചെയ്തത്. അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ നേരിടുന്ന പ്രയാസമാണ് അദ്ദേഹം സൂചിപ്പിച്ചത്. വിമാനം റാഞ്ചി എന്ന് അദ്ദേഹം പറഞ്ഞോ എന്നറിയില്ലെന്നും നികോലെങ്കോ പ്രതികരിച്ചു.
ഉക്രൈനും ഇറാനുമിടയിലെ ഒരു വിമാനം യാത്രയ്ക്കിടെ വെടിവച്ചിട്ട സംഭവം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്ന വേളയിലായിരുന്നു ഇത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം വന്‍ പൊട്ടിത്തെറിയോടെ നിലംപതിക്കുകയായിരുന്നു. ഇറാന്‍ സൈന്യത്തിന് പറ്റിയ അബദ്ധമാണ് സംഭവത്തിലേക്ക് നയിച്ചത് എന്ന് പിന്നീട് കണ്ടെത്തി. നഷ്ടപരിഹാരം ഇറാന്‍ നല്‍കിയേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ശമിച്ചിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ വന്നത്.












Click it and Unblock the Notifications