സൗദി ആദ്യമെ പറഞ്ഞു, പിന്നാലെ ട്രംപിനെതിരെ കടുത്ത വിമർശനവുമായി യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്
ന്യൂയോർക്ക്: ഗാസ ഏറ്റെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഗാസ വിഷയത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ സാഹചര്യം കൂടുതല്‍ വഷളാക്കുന്ന പ്രസ്താവനകള്‍ പാടില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കേണ്ടതാണ്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള പലസ്തീന്‍ നിവാസികളുടെ അവകാശം അകന്നുകൊണ്ടിരിക്കുകയാണ്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്' അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ന്യൂയോർക്കിലെ യു എൻ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. യുദ്ധത്തില്‍ തകർന്ന ഗാസ ഏറ്റെടുക്കാന്‍ അമേരിക്ക തയ്യാറായാണ്. മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കും. അവശേഷിക്കുന്ന ബോംബുകളെല്ലാം നിർവീര്യമാക്കുമെന്നും ട്രംപ് പറഞ്ഞു.
ഗാസയില്‍ വലയി വികസനം കൊണ്ടുവരും. തൊഴിലുകളും പുതിയ ഭവനങ്ങളും നിർമ്മിക്കുകയും മിഡിൽ ഈസ്റ്റിലെ കടർത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുകയും ചെയ്യും. ആവശ്യപ്പെട്ടാല്‍ ഗാസയിലെ സുരക്ഷക്കായി അമേരിക്കന്‍ സൈന്യത്തെ അയക്കാനും തയ്യാറാണ്. ഗാസ മരണത്തിന്‍റെയും നാശത്തിന്‍റെയും പ്രതീകമായി മാറി. ഗാസയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും ഇവിടെ താമസിക്കുന്നവര്‍ക്കും ഇത് ദുരിതപൂര്‍ണമാണ്. ദീർഘകാലമായി പ്രദേശം ഭാഗ്യമില്ലാത്ത സ്ഥലമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ സൗദി അറേബ്യ ഉള്‍പ്പെടേയുള്ള രാഷ്ട്രങ്ങളും ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. സ്വതന്ത്ര പലസ്തീന്‍ രാജ്യമില്ലാതെ ഇസ്രായേലുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. 'പലസ്തീന്‍കാരെ അവരുടെ മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെ അനുകൂലിക്കില്ല. ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ചയുടെയും ആവശ്യവുമില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18ന് നടന്ന ശൂറ കൗണ്‍സിലിലും നവംബര്‍ 11ലെ അറബ് ഇസ്ലാമിക് ഉച്ചകോടിയിലും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലപാട് വ്യക്തമാക്കിയതാണ്.' സൗദി അറേബ്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications