ഡൊണാൾഡ് ട്രംപോ കമല ഹാരിസോ? ഇന്ത്യയുടെ ഭാഗം വിശദീകരിച്ച് ജയശങ്കർ, 'ബന്ധം വളരുന്നത് തുടരും'
ന്യൂഡൽഹി: യുഎസിൽ നിർണായകമായ വോട്ടെടുപ്പ് പുരോഗമിക്കവേ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യയുടെ ഭാഗം വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യയും യുഎസുമായുള്ള ബന്ധത്തിൽ നല്ല പുരോഗതിയുണ്ടായി എന്ന കാര്യം ചൂണ്ടിക്കാണിച്ച എസ് ജയശങ്കർ തിരഞ്ഞെടുപ്പ് ഫലം അതിനെ സ്വാധീനിക്കില്ലെന്നാണ് പ്രതികരിച്ചത്. യുഎസുമായുള്ള ബന്ധം വളരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയിലെ കാൻബറയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിനൊപ്പം സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ക്വാഡ് കൂട്ടായ്‌മ മികച്ച രീതിയിൽ മുന്നോട്ട് പോവുമെന്ന ശുഭാപ്‌തി വിശ്വാസവും എസ് ജയശങ്കർ പ്രകടിപ്പിച്ചു.

'നേരത്തെ ട്രംപ് ഭരിച്ചപ്പോൾ ഉൾപ്പെടെ കഴിഞ്ഞ അഞ്ച് പ്രസിഡൻസികളിൽ യുഎസുമായുള്ള ഞങ്ങളുടെ ബന്ധത്തിൽ സ്ഥിരമായ പുരോഗതി കാണാമായിരുന്നു. അതിനാൽ തന്നെ അമേരിക്കൻ തിരഞ്ഞെടുപ്പ് നോക്കുമ്പോൾ, വിധി എന്തായാലും അമേരിക്കയുമായുള്ള ഞങ്ങളുടെ ബന്ധം വളരുകയേ ഉള്ളൂ എന്ന് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്.' അദ്ദേഹം വ്യക്തമാക്കി.
ക്വാഡ് കൂട്ടായ്‌മ കൂടുതൽ മെച്ചപ്പെട്ടത് ട്രംപ് ഭരണത്തിൽ ഇരിക്കുമ്പോൾ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'ക്വാഡിന്റെ കാര്യം പറയുകയാണെങ്കിൽ, 2017-ൽ ട്രംപിൻറെ ഭരണത്തിന് കീഴിലാണ് ഇത് പുനരുജ്ജീവിപ്പിച്ചതെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. പിന്നീട് ഇത് ഒരു സ്ഥിരം സെക്രട്ടറിയുടെ തലത്തിൽ നിന്ന് ഒരു മന്ത്രി തലത്തിലേക്ക് മാറി, അതും ട്രംപിന്റെ കാലത്തായിരുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവ 2017ൽ രൂപം നൽകിയ കൂട്ടായ്‌മയാണ് ക്വാഡ്. ഇന്തോ പസിഫിക് മേഖലയിലെ ചൈനയുടെ ഭീഷണി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്‌മക്ക് രൂപം നൽകിയത്. ഇതിന് ശേഷം കഴിഞ്ഞ വർഷങ്ങളിൽ കൂട്ടായ്‌മ വളരെ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
അതേസമയം,ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസും മത്സര രംഗത്തുണ്ട്. നിലവിലെ വൈസ് പ്രസിഡന്റായ കമല ജോ ബൈഡന്റെ പിൻഗാമിയായാണ് ഇക്കുറി എത്തിയത്. മറുവശത്ത് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപാണ് ജനവിധി തേടുന്നത്.
ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് എട്ടരയോടെയാണ് ഒട്ടുമിക്ക യുഎസ് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചത്. എന്നാൽ പലയിടത്തും പല സമയത്താണ് വോട്ടിംഗ് അവസാനിക്കുക. ഇക്കുറി ആദ്യ ഫല സൂചനകൾ വരാൻ വൈകുമെന്നാണ് ലഭ്യമായ വിവരം, കമല ഹാരിസും ഡൊണാൾഡും ട്രംപും പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്‌ച വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ഫലം വരുന്നത് ദിവസങ്ങൾ നീണ്ടേക്കാമെന്നാണ് വിവരം.












Click it and Unblock the Notifications