യുഎസില്‍ പലസ്തീന്‍ അനുകൂല പ്രകടനം അനുവദിക്കില്ല: വിദ്യാർത്ഥിയെ പിടികൂടി; നാടു കടത്തുമെന്ന് ട്രംപ്
ന്യൂയോർക്ക്: അമേരിക്കയില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം നടത്തുന്നവർക്കെതിരായ നടപടികള്‍ ശക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകൾക്കെതിരെ നടപടി ശക്തമാക്കുമെന്നും അവരെ നാടുകടത്തും' എന്നും ട്രംപ് വ്യക്തമാക്കി. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ശനിയാഴ്ച പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തുടനീളമുള്ള ക്യാമ്പസുകളില്‍ ഇത്തരത്തിലുള്ള യാതൊരുവിധ പ്രതിഷേധവും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'മുമ്പ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളുടെ പശ്ചാത്തലത്തില്‍, കൊളംബിയ യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ച് ഹമാസ് അനുകൂല പ്രകടനം നടത്തിയ മഹ്മൂദ് ഖലീല്‍ എന്ന വിദ്യാർത്ഥിയെ ഐ സി ഇ അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നവർക്കെതിരെ സമാനമായ നടപടികള്‍ തുടർന്നു സ്വീകരിക്കും' ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

കൊളംബിയയിലും അമേരിക്കയിലെ മറ്റ് സർവകലാശാലകളിലും 'ഭീകരവാദ അനുകൂല, സെമിറ്റിക് വിരുദ്ധ, അമേരിക്കൻ വിരുദ്ധ പ്രവർത്തനങ്ങളിൽ' ഏർപ്പെട്ടിരുന്ന കൂടുതൽ വിദ്യാർത്ഥികളെക്കുറിച്ച് ഭരണകൂടത്തിന് അറിയാമെന്നും അത്തരം പ്രവർത്തനം ഒരു വിധത്തിലും അനുവദിക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിരവധി പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല, മറിച്ച് രാജ്യത്തിന്റെ ആഭ്യന്തര, വിദേശ നയ താൽപ്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന 'ശമ്പളം വാങ്ങുന്ന പ്രക്ഷോഭകരാണ്" എന്നും അദ്ദേഹം അവകാശപ്പെട്ടു.
'ഈ തീവ്രവാദ അനുഭാവികളെ രാജ്യത്ത് നിന്ന് കണ്ടെത്തി പിടികൂടി നാടുകടത്തും. ഇനി ഒരിക്കലും അവർക്കൊരു തിരിച്ചുവരവുണ്ടാകില്ല. നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുന്നതുൾപ്പെടെയുള്ള തീവ്രവാദത്തെ നിങ്ങൾ പിന്തുണയ്ക്കുകയാണെങ്കിൽ, നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ദേശീയ, വിദേശ നയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്, നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. അമേരിക്കയിലെ എല്ലാ കോളേജുകളും സർവകലാശാലകളും ഇത് പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി' ട്രംപ് കൂട്ടിച്ചേർത്തു.
സെമിറ്റിക് വിരുദ്ധമെന്ന് കരുതപ്പെടുന്ന ഇത്തരം പ്രതിഷേധങ്ങൾ തുടരാൻ അനുവദിച്ചാൽ ഫെഡറൽ ഫണ്ടിംഗ് നഷ്ടപ്പെടുമെന്ന് ഹാർവാർഡ്, കോർണൽ എന്നിവയുൾപ്പെടെ ഏകദേശം 60 കോളേജുകൾക്ക് യുഎസ് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖലീലിന്റെ അറസ്റ്റിനെത്തുടർന്ന് ട്രംപ് ഭരണകൂടം കൊളംബിയ സർവകലാശാലക്ക് നല്‍കിയ 400 മില്യൺ ഡോളർ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതിനാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജൻസിയും പറഞ്ഞു.












Click it and Unblock the Notifications