സംഘർഷ സാധ്യത, അമേരിക്കയിൽ സുരക്ഷ ശക്തം, വൈറ്റ് ഹൗസിന് ചുറ്റും ഇരുമ്പ് വേലി കെട്ടി മുന്നൊരുക്കം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസിനും രാജ്യത്തെ പ്രധാനപ്പെട്ട വ്യാവസായിക കേന്ദ്രങ്ങള്‍ക്കുമടക്കം സുരക്ഷ ശക്തമാക്കി. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ സംഘര്‍ഷത്തിന് സാധ്യതയുളള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
വൈറ്റ് ഹൗസിന് ചുറ്റുമായി ഇരുമ്പ് വേലി കെട്ടി സുരക്ഷ തീര്‍ത്തിരിക്കുകയാണ്. നിലവില്‍ വൈറ്റ് ഹൗസിന് സുരക്ഷാ ഭീഷണിയൊന്നും ഇല്ലെന്നും അതേസമയം മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇതെന്നും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. എട്ടടി ഉയരവും നാല് അടി വീതിയും ഉളള ഇരുമ്പ് വേലികളാണ് വൈറ്റ് ഹൗസിന് ചുറ്റും സ്ഥാപിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിന് ചുറ്റുമുളള 52 ഏക്കര്‍ സ്ഥലത്താണ് ഇരുമ്പ് വേലി കെട്ടി തിരിച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.

ഏകദേശം 600ഓളം നാഷണല്‍ ഗാര്‍ഡ് സംഘങ്ങളെ രാജ്യത്തെമ്പാടും സുരക്ഷാ ചുമതലയില്‍ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധമോ മറ്റ് സംഘര്‍ഷങ്ങളൊ സംഭവിക്കുകയാണെങ്കില്‍ നേരിടുന്നതിന് വേണ്ടിയാണിത്. തിരഞ്ഞെടുപ്പ് ദിവസം അക്രമവും കൊള്ളയും ഏറ്റുമുട്ടലുകളുമുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് വ്യാപാരികളും തെരുവ് കച്ചവടക്കാരും അടക്കമുളളവരെല്ലാം കച്ചവടം അവസാനിപ്പിച്ചിരിക്കുകയാണ്.
നേരത്തെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ അമേരിക്കന്‍ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വന്‍ കലാപവും കൊളളയും കൊള്ളിവെയ്പ്പും അരങ്ങേറിയിരുന്നു. നിലവില്‍ എവിടെയും പ്രത്യേകമായുളള സുരക്ഷാ ഭീഷണികളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ അറിയിച്ചു. അതേസമയം വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കയില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ വന്‍ ഒഴുക്ക് ആണ് ദൃശ്യമാകുന്നത്. റെക്കോര്‍ഡ് പോളിംഗ് ആണ് രാജ്യത്ത് ഇത്തവണ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications