ഫെബ്രുവരിയില്‍ വെനസ്വേലൻ പെട്രോള്‍ ഇന്ത്യയിലെത്തും, അതും വന്‍വിലക്കുറവില്‍, റഷ്യക്കും സൗദിക്കും വന്‍ അടി
വെനസ്വേലൻ ക്രൂഡ് ഓയിൽ അടുത്ത മാസം മുതല്‍ ഇന്ത്യയിലേക്ക് എത്തി തുടങ്ങും. മൂന്ന് വർഷത്തിന് ശേഷമാണ് വില കുറഞ്ഞ വെനസ്വേലന്‍ ക്രൂഡ് ഓയില്‍ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വരവ് കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ലാഭകരമായ വെനസ്വേലന്‍ ക്രൂഡിലേക്ക് മാറാനുള്ള താല്‍പര്യം ഇന്ത്യന്‍ കമ്പനികള്‍ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഒക്‌ടോബർ പകുതിയോടെ അമേരിക്ക രാജ്യത്തിനെതിരായ ഉപരോധം ലഘൂകരിച്ചതോടെ വെനസ്വേലൻ ക്രൂഡ് ബാരലിന് ഏകദേശം 8-10 ഡോളർ വരെ കിഴിവോടെ വാങ്ങാം എന്നതാണ് ശ്രദ്ധേയം. രാജ്യത്തിന്റെ വർധിച്ച് വരുന്ന ഊർജ ആവശ്യങ്ങൾ സുരക്ഷിതമാക്കാൻ ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിധ്യവത്കരിക്കുക മാത്രമല്ല, വെനസ്വേല പോലുള്ള പഴയ വിതരണക്കാരിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത് വരികയായിരുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവായ ഇന്ത്യ അതിന്റെ ആവശ്യകതയുടെ 87 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യന്‍ റിഫൈനർമാർക്ക് വാണിജ്യപരമായ പരിഗണനകൾ മാത്രമാണുള്ളത്. 2020 ൽ യുഎസ് ഉപരോധം നിലവില്‍ വരുന്നതിന് മുമ്പ് വെനസ്വേല ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരിൽ ഒരാളായിരുന്നു.
2012-ൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായും വെനസ്വേല മാറിയിരുന്നു. ഇന്ത്യയുടെ പുതിയ റിഫൈനറികൾ, വിലകുറഞ്ഞ വെനിസ്വേലൻ ക്രൂഡ് സംസ്ക്കരിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇറക്കുമതികള്‍ പ്രതീക്ഷിക്കാമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്.
നേരത്തെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗർ പ്ലാന്റുകളും എസ്സാറും (ഇപ്പോൾ നയാര) വെനസ്വേലൻ ക്രൂഡിന്റെ രണ്ട് പ്രധാന വാങ്ങലുകാരായിരുന്നു. പിന്നീട് ചില സർക്കാർ റിഫൈനർമാർ വെനസ്വേലൻ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പിഡിവിഎസ്എയുമായി ദീർഘകാല ക്രൂഡ് വിതരണ കരാറുകളില്‍ ഏർപ്പെടുകയും ചെയ്തിരുന്നു.
2017 ജൂലൈ 31-ന് ലോക്‌സഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 2014-15ൽ 11,729.89 ബില്യൺ ഡോളറായിരുന്നു.
യുഎസ് ഉപരോധം കാരണം, വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി (90% ക്രൂഡ് സപ്ലൈസ്) 2019-20 ൽ 6.05 ബില്യൺ ഡോളറിൽ നിന്ന് 2020-21 ൽ 714 മില്യൺ ഡോളറായി കുറഞ്ഞു. 2021-22, 2022-23 വർഷങ്ങളിൽ ഇത് യഥാക്രമം 334 മില്യൺ ഡോളറായും 178 മില്യൺ ഡോളറായും ഇടിഞ്ഞു. ക്രൂഡ് ഓയിൽ കൂടാതെ, ഇന്ത്യ ലാറ്റിനമേരിക്കൻ രാജ്യത്ത് നിന്ന് ഡൈ ഇന്റർമീഡിയറ്റുകൾ, ഇരുമ്പ്, ചെമ്പ്, ലെഡ് എന്നിവയും ഇറക്കുമതി ചെയ്യാറുണ്ട്. .
ഇന്ത്യയുടെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും റിഫൈനർമാർ വെനസ്വേലയുമായി ദീർഘകാല, വലിയ അളവിലുള്ള കരാറുകൾ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ചിലരുടെ ക്രൂഡ് ഓയില്‍ ഉടന്‍ തന്നെ രാജ്യത്തേക്ക് വരികയും ചെയ്യും.
വലിയ കിഴിവുകൾ കാരണം, റഷ്യൻ ക്രൂഡിനെ അപേക്ഷിച്ച് റിഫൈനർമാർ വെനസ്വേലൻ ക്രൂഡിന് മുൻഗണന നൽകും. 2023 ൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 35% റഷ്യയായിരുന്നു സംഭാവന ചെയ്തത്.
ഡിസംബറിലെ മാത്രം കണക്ക് എടുക്കുമ്പോള്‍ റഷ്യൻ അസംസ്‌കൃത എണ്ണയുടെ ഇന്ത്യൻ ഇറക്കുമതി പ്രതിദിനം ശരാശരി 1.43 ദശലക്ഷം ബാരലായിരുന്നു, ഇത് നവംബറിനെ അപേക്ഷിച്ച് പ്രതിദിനം 150,000 ബാരലിന്റെ കുറവാണ്. വെനസ്വേലന്‍ ക്രൂഡ് വരുന്നതോടെ റഷ്യയുടെ മാത്രമല്ല, സൌദി, ഇറാഖ് എന്നിവരുടെ വിഹിതവും വലിയ തോതില്‍ കുറഞ്ഞേക്കും












Click it and Unblock the Notifications