'കരുതലാണവള്‍; കുഞ്ഞനുജന്റെ തലയില്‍ മണ്ണു വീഴാതിരിക്കാന്‍ അവള്‍ ഉറങ്ങാതിരുന്നത് 17 മണിക്കൂര്‍'

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിന്റെ വാര്‍ത്തകള്‍ ലോകജനതയെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രം എല്ലാവരുടെയും കണ്ണുനിറയ്ക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ തന്റെ ഇളയ സഹോദരന്റെ ജീവന്‍ സംരക്ഷിക്കുന്ന ഏഴുവയസ്സുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കുന്നത്. 17 മണിക്കൂറോളമാണ് ഇരുവരും അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനും മുറുകെ പിടിച്ച് കിടന്നത്.
യു എന്‍ പ്രതിനിധി മുഹമ്മദ് സഫയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 17 മണിക്കൂറോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്നപ്പോള്‍ തന്റെ അനുജനെ രക്ഷിക്കാന്‍ തലയില്‍ കൈവെച്ച 7 വയസ്സുകാരി. ആരും പങ്കിടുന്നില്ലെന്ന് ഞാന്‍ കരുതുന്നു. അവള്‍ മരിച്ചിരുന്നെങ്കില്‍, എല്ലാവരും പങ്കിടും! പോസിറ്റിവിറ്റി പങ്കിടുക- എന്നാണ് മുഹമ്മദ് സഫ ട്വിറ്ററില്‍ കുറിച്ചത്.

ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ച് കൊണ്ട് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്, കരുതലാണവള്‍ പ്രിയ സോദരി! തകര്‍ന്ന് വീണ വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കുഞ്ഞനുജന്റെ തലയില്‍ മണ്ണു വീഴാതിരിക്കാന്‍ കുടുങ്ങിപ്പോയ അവള്‍ ഉറങ്ങാതിരുന്നത് 17 മണിക്കൂര്‍. അവള്‍ക്ക് പ്രായം ഏഴ് മാത്രം. അവന് മൂന്നും. ഇരുവരെയും ഇപ്പോള്‍ രക്ഷിച്ചെടുത്തു. ദുരന്തഭൂമിയായ സിറിയയില്‍ നിന്നുള്ള ഈ പ്രത്യാശാ ചിത്രം പങ്ക് വച്ചത് ഐക്യരാഷ്ട്രസഭാ പ്രതിനിധി മുഹമ്മദ് സഫ.
അതേസമയം, തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂചലനത്തില്‍ ചൊവ്വാഴ്ച വരെ 5,103 പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കിയുടെ തെക്കന്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച 7.6, 6.0 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളും തുടര്‍ന്ന് ചൊവ്വാഴ്ച 5.6 രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി.












Click it and Unblock the Notifications