ഷെയ്ഖ് ഹസീന എവിടെ? നാലിടത്ത് എത്തുമെന്ന് പ്രചാരണം... പ്രതിമകള്‍ തകര്‍ത്ത് സമരക്കാര്‍
ധാക്ക: സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തിപ്പെട്ട ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എവിടെ? സൈനിക ഹെലികോപ്റ്ററില്‍ ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ വീഡിയോ ബംഗ്ലാദേശി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുമായി വളരെ അടുപ്പം നിലനിര്‍ത്തുന്നതിനാല്‍ ഹസീന ഇന്ത്യയിലേക്ക് പോകുന്നു എന്ന രീതിയിലും വാര്‍ത്തകളുണ്ട്. അവര്‍ എത്താന്‍ സാധ്യതയുള്ള നാലിടങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.
സംവരണ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഹസീന സര്‍ക്കാരിന്റെ ശ്രമമാണ് രാജ്യവ്യാപകമായ സമരമായി മാറിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ഥി സമരം ഏറ്റെടുത്തതോടെ ഇവരെ നേരിടാന്‍ സൈന്യത്തെ സര്‍ക്കാര്‍ ഉപയോഗിച്ചു. മാത്രമല്ല, ഭരണകക്ഷിയായ അവാമി ലീഗ് സമരക്കാര്‍ക്കെതിരെ തെരുവിലിറങ്ങിയതോടെ ആഭ്യന്തര കലഹമായി മാറി.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സമരക്കാര്‍ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായതോടെയാണ് ഹസീന രാജ്യം വിട്ടത്. ബംഗ്ലാദേശില്‍ മരണം 300 കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലായിടത്തും സംഘര്‍ഷം നടക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. ആദ്യം ഒമ്പത് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹസീന രാജിവയ്ക്കാതെ തങ്ങള്‍ പിന്മാറില്ല എന്ന നിലപാടിലേക്ക് അവരെത്തി.
ബംഗ്ലാദേശ് സൈന്യം ഇടപെട്ടു
ഇതോടെ സൈന്യം ഹസീനയോട് രാജി വയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. 45 മിനുട്ടിനകം രാജിവച്ച് രാജ്യം വിടണമെന്ന് സൈന്യം ആവശ്യപ്പെട്ടു. സൈനിക ഹെലികോപ്റ്റര്‍ രക്ഷപ്പെടാന്‍ തരപ്പെടുത്തി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹസീന രാജ്യം വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സൈനിക ഹെലികോപ്റ്റര്‍ പോകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ഹസീനയും സോഹദരി രിഹാനയും പശ്ചിമ ബംഗാളിലേക്ക് പോയി എന്നാണ് ചില ബംഗ്ലാദേശി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അവര്‍ ത്രിപുരയിലേക്കാണ് പോയതെന്നും പ്രചാരണമുണ്ട്. ഒരു പക്ഷേ, ഡല്‍ഹിയോ ലണ്ടനോ അവര്‍ അഭയം തേടാന്‍ തിരഞ്ഞെടുക്കുമെന്നും വാര്‍ത്തകളില്‍ വിശദീകരിക്കുന്നു. ഇതോടെയാണ് ഹസീന രക്ഷപ്പെട്ടത് എങ്ങോട്ട് എന്ന ചോദ്യം ശക്തമായത്.ഇന്ത്യ വഴി ലണ്ടനിലേക്ക് പോകാനാണ് സാധ്യത എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ നിരീക്ഷിക്കുന്നു
ഇന്ത്യയോട് അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവാണ് ഹസീന. അതേസമയം, പാകിസ്താനുമായി അടുപ്പം പുലര്‍ത്തുന്നവരാണ് സമരത്തിന് പിന്നില്‍ എന്ന് വിമര്‍ശനമുണ്ട്. ഹസീനയുടെ പിതാവും ബംഗ്ലാദേശ് രാഷ്ട്രപിതാവുമായ മുജീബുര്‍ റഹ്മാന്റെ ധാക്കയിലെ പ്രതിമ സമരക്കാര്‍ തകര്‍ത്തു. പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലേക്ക് സമരക്കാര്‍ ഇരച്ചുകയറി. അവാമി ലീഗിന്റെ ഓഫീസ് തകര്‍ത്തു. സമരക്കാര്‍ ശാന്തരാകണമെന്ന് സൈന്യം ആവശ്യപ്പെട്ടു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് ബംഗ്ലാദേശിലെ മാറ്റങ്ങള്‍. ഹസീനയ്ക്ക് പകരം ആര് അധികാരത്തിലെത്തുമെന്നത് ഇന്ത്യ ഉറ്റുനോക്കുകയാണ്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജിവച്ച ഹസീന രാജ്യം വിട്ടുവെന്ന് സൈന്യം അറിയിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അറിയിച്ച സൈന്യം സമരം അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications