റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുമോ? ഫോണിൽ വിളിച്ച് സെലൻസ്കിയും ജിൻപിങ്ങും
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്. റഷ്യ - യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്. ദൈർഘ്യമേറിയതും അർഥവത്തായതുമായ സംഭാഷണമാണ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ഉണ്ടായതെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തു.
ഈ ഫോൺ കോളും ചൈനയിലെ യുക്രെയ്ന്റെ അംബാസഡറുടെ നിയമനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും സെലൻസ്കി ട്വീറ്റിൽ കുറിച്ചു. ഇരു നേതാക്കളും ഏകദേശം ഒരു മണിക്കൂറോളം ടെലിഫോൺ സംഭാഷണം നടത്തിയതായി സെലൻസ്‌കിയുടെ വക്താവ് സെർജി നൈകിഫോറോവ് ഫേസ്ബുക്കിൽ കുറിച്ചു.

യുദ്ധത്തിൽ നിന്ന് പുറത്ത് കടക്കാൻ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ സാധിക്കൂവെന്ന് ജിൻപിങ് സെലൻസ്കിയോട് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ വിഷയത്തിൽ ചൈന എപ്പോഴും സമാധാനത്തിന്റെ പക്ഷത്താ
മെന്നും സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചൈനയുടെ നിലപാടെന്നും ഷീ ജിൻപിങിനെ ഉദ്ധരിച്ച് സിസിടിവി റിപ്പോർട്ടിൽ പറഞ്ഞു. തീ പുറത്ത് നിന്ന് നോക്കികാണാനോ എരിതീയിലേക്ക് എണ്ണ ഒഴിക്കാനോ ചൈന ശ്രമിക്കില്ലെന്നും ഷീ പറഞ്ഞു.
സംഘർഷത്തിന് "രാഷ്ട്രീയ ഒത്തുതീർപ്പ്" കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യുക്രെയ്നിലേക്ക് ഒരു പ്രതിനിധി സംഘത്തെയും സർക്കാരിന്റെ പ്രത്യേക പ്രതിനിധിയെയും അയക്കുമെന്നും ചൈന അറിയിച്ചു.ചൈനയുമായി എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ടെന്നും ബുധനാഴ്ചത്തെ ഫോൺ വിളി യുക്രൈന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്നും ചൈന പറഞ്ഞു.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് നേരത്തേ പുടിൻ വ്യക്തമാക്കിയിരുന്നു.യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ 12 നിർദ്ദേശങ്ങൾ ചൈന റഷ്യക്ക് മുൻപിൽ വെച്ചിരുന്നു. നേരത്തേ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ ചൈന സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം യുക്രൈൻ മുന്നോട്ട് വെച്ചിരുന്നു. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ബെയ്ജിംഗ് മോസ്കോയിലെ സ്വാധീനം ഉപയോഗിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നായിരുന്നു യുക്രേനിയൻ വക്താവ് ഒലെഗ് നിക്കോലെങ്കോ മുൻപ് പറഞ്ഞത്.
അതിനിടെ ഷീ ജിൻപിങ്-സെലൻസ്കി ഫോൺ സംഭാഷണം നല്ല നീക്കമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തുമെന്ന് മുൻകൂട്ടി അറിയുമായിരുന്നില്ലെന്നും നീക്കം യുക്രൈനിൽ സമാധാനം കൊണ്ടുവരാൻ ഉതകുന്നത് ആകുമോയെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.












Click it and Unblock the Notifications