ബിഷപുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ട് ചെയ്യാം; സുപ്രധാന പ്രഖ്യാപനവുമായി പോപ് ഫ്രാൻസിസ്
വത്തിക്കാൻ: ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള തീരുമാനവുമായി പോപ് ഫ്രാൻസിസ്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രധാന്യവും പങ്കാളത്തിവും ഉറപ്പാക്കാൻ ലക്ഷ്യവെച്ചുള്ളതാണ് തീരുമാനം.
ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡിൽ
സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്ന ആവശ്യം വർഷങ്ങളായി ശക്തമാണ്.
പുരോഹിതന്മാർക്കും ബിഷപ്പുമാർക്കും കർദ്ദിനാൾമാർക്കും മാത്രമായി അധികാരം ഉണ്ടായിരുന്ന സഭാ കാര്യങ്ങളിൽ അൽമായ വിശ്വാസികൾക്കും പങ്കാളിത്തം ഉണ്ടാകണമെന്ന പോപിന്റെ കാഴ്ചപാടാണ് പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് വത്തിക്കാൻ അറിയിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, സഭയെ നവീകരിച്ച 1960-കളിലെ യോഗങ്ങൾ മുതൽ പ്രത്യേക വിഷയങ്ങളിൽ ചർച്ച നടത്താനായി ബിഷപ്പുമാരുടെ യോഗം റോമിൽ നടക്കാറുണ്ട്. ചർച്ചകളുടേയും യോഗങ്ങളുടേയും അവസാനം ബിഷപ്പുമാർ നിർദ്ദിഷ്ട നിർദ്ദേശങ്ങളിൽ വോട്ട് ചെയ്യുകയും മാർപ്പാപ്പയുടെ മുമ്പിൽ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്യും. ബിഷപ്പുമാരുടെ കാഴ്ചപ്പാടുകൾ പരിഗണിച്ച് പോപ് ഒരു ഡോക്യുമെന്റ് അവതരിപ്പിക്കും. ഒക്ടോബർ 20 നാണ് അടുത്ത സിനഡ് യോഗം.
ഇതുവരെ ഈ വോട്ടെടുപ്പിൽ പുരുഷൻമാർ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ പുതിയ മാറ്റങ്ങൾ അനുസരിച്ച്, അഞ്ച് കന്യാസ്ത്രീകൾക്ക് വൈദികർക്കൊപ്പം മതപരമായ ഉത്തരവുകൾക്കായി വോട്ടിംഗിൽ പങ്കെടുക്കാൻ സാധിക്കും.
ഇതുകൂടാതെ 70 നോൺ ബിഷപ്പ് അംഗങ്ങളെ സിനഡിൽ നിയമിക്കാനും പോപ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അതിൽ പകുതിയും സ്ത്രീകളായിരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. . അവർക്കും വോട്ട് ഉണ്ടാകും.












Click it and Unblock the Notifications