ഖത്തര്‍ വന്‍ പ്രഖ്യാപനത്തിന്; മൊസാദ്, സിഐഎ നേതാക്കള്‍ ദോഹയില്‍... കാത്തിരിപ്പ് ഹമാസ് നിലപാടിന്
ദോഹ: ഒന്നര മാസത്തിലധികം നീണ്ട ഇസ്രായേലിന്റെ ഗാസ ആക്രമണം നിലച്ചത് ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നു. ആദ്യം നാല് ദിവസവും പിന്നീട് രണ്ട് ദിവസവും കൂടി വെടിനിര്‍ത്തല്‍ നീട്ടിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ നിശ്ചിത തടവുകാരുടെ കൈമാറ്റം ഇരുഭാഗവും നടത്തുന്നുണ്ട്. എന്നാല്‍ ധാരണകള്‍ ഇന്ന് അവസാനിക്കുകയാണ്.
ബുധനാഴ്ച വൈകീട്ടോടെ വെടിനിര്‍ത്തല്‍ സമയപരിധി തീരും. ചര്‍ച്ചകളിലൂടെ വെടിനിര്‍ത്തല്‍ നീട്ടാനുള്ള ശ്രമത്തിലാണ് ഖത്തര്‍. ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഖത്തറിലാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. ഹമാസുമായും അമേരിക്കയുമായും നേരിട്ട് ബന്ധമുള്ള ഏകരാജ്യം ഖത്തറാണ്. അമേരിക്കന്‍ ചാര സംഘടനയായ സിഐഎ, ഇസ്രായേല്‍ ചാര സംഘടന മൊസാദ് എന്നിവയുടെ തലവന്മാര്‍ ദോഹയില്‍ തമ്പടിക്കുകയാണ്.

ഇതുവരെ ഹമാസ് വിട്ടയച്ചത് സ്ത്രീകളെയും കുട്ടികളെയും മാത്രമാണ്. 50ലധികം ഇസ്രായേലുകാര്‍ ഇതിനകം മോചിതനായി. 150 പലസ്തീന്‍കാരും മോചിപ്പിക്കപ്പെട്ടു. ഇനി ഹമാസിന്റെ തടവിലുള്ള കൂടുതല്‍ പേരും പുരുഷന്മാരും ഇസ്രായേലി സൈനികരുമാണ്. ഇവരുടെ മോചനമാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഹമാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
ഗാസ സിറ്റിയില്‍ നിന്ന് ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കി എന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഇവിടെയുള്ള അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ പതാക നാട്ടുകയും ചെയ്തിരുന്നു. ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ ഇപ്പോഴും ഗാസ സിറ്റിയിലുണ്ട്. എന്നാല്‍ അവിടെ തന്നെയാണ് ഹമാസിന്റെ വാഹനത്തില്‍ തടവുകാരെ കൊണ്ടുവന്ന് റെഡ് ക്രോസിന് കൈമാറിയതും. ഇതോടെ ഇസ്രായേല്‍ വാദം പൊള്ളയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
വിട്ടുവീഴ്ചയ്ക്ക് ഇരുഭാഗവും തയ്യാറാകണം എന്നാണ് ഖത്തര്‍ ആവശ്യപ്പെടുന്നത്. ഇസ്രായേല്‍, അമേരിക്ക, ഹമാസ് എന്നിവരുമായി ഖത്തര്‍ പ്രതിനിധികള്‍ പ്രത്യേകം ചര്‍ച്ച നടത്തി. ഇതുവരെ ഹമാസ് 69 പേരെയാണ് വിട്ടയച്ചത്. 51 ഇസ്രായേല്‍ സ്ത്രീകളും കുട്ടികളും 18 വിദേശ പൗരന്മാരും ഇതില്‍പ്പെടും. അതേസമയം, ഇസ്രായേല്‍ വിട്ടയച്ച 150 പലസ്തീന്‍കാരില്‍ 117 കുട്ടികളും 33 സ്ത്രീകളുമാണുള്ളത്.
സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ്, മൊസാദ് അധ്യക്ഷന്‍ ഡേവിഡ് ബര്‍ണിയ എന്നിവര്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി. ഈജിപ്തിന്റെ പ്രതിനിധികളും ചര്‍ച്ചയുടെ ഭാഗമായി. ആറ് ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കുമ്പോള്‍ ഖത്തറിന്റെ സുപ്രധാന പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് ലോകം.
സൈനികരെയും പുരുഷന്മാരെയും വിട്ടയക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഹമാസ് എടുത്തിട്ടില്ല. നേരത്തെ ഗിലാദ് ഷാലിത്ത് എന്ന സൈനികനെ മോചിപ്പിക്കാന്‍ ആയിരത്തിലധികം പലസ്തീന്‍കാരെ ഇസ്രായേല്‍ വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അതേ സമ്മര്‍ദ്ദ തന്ത്രം ഹമാസ് പ്രയോഗിച്ചേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications