'കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോ'; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ കമന്റ്
നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലും.. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച കേസില്‍ സി പി എം നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി പങ്കുവച്ച ഫേസ്ബുക്ക് കമന്റ് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ കൊലവിളി പരാമര്‍ശങ്ങള്‍ തുടരുകയാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍. ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചാല്‍ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ്.
ഷുഹൈബ് വധത്തെ ന്യായീകരിച്ചുകൊണ്ട് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം തുടരുന്നു എന്നതിന് വ്യക്തമായ തെളിവാണിത്. ഇതിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവര്‍ക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി കമന്റിട്ടത്. സി പി എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നുമായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.
'ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലും.. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ, തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോള്‍ തുറന്നു പറയുന്നത് എന്നുമാണ് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത്.
അതേസമയം, വെളിപ്പെടുത്തലിന് പിന്നാലെ ഡി വൈ എഫ് ഐ ജില്ലാ നേതൃത്വവും ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കമ്മിറ്റ്ി അറിയിച്ചു.
ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 12പേര്‍ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്നും ഉര്‍ജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.
സ്വര്‍ണ്ണ കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘഗങ്ങളുമാണ് ഡി.വൈ.എഫ്.ഐ യെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമദ്ധ്യത്തില്‍ തുറന്നുകാണിക്കുകയും ചെയ്തത് ഡി.വൈ.എഫ്.ഐ ആയിരുന്നു.
ശക്തമായ നിലപാടാണ് ഇന്നും ഡി.വൈ.എഫ്.ഐ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഇതോടെ ഡി.വൈ.എഫ്.ഐ യെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാര്‍ഗമാണ് ഇവര്‍ സ്വീകരിക്കുന്നത്.
സാമുഹ്യ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടര്‍ കരുതുന്നതെന്നും ഡി വൈ എഫ് ഐ ജില്ലാ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.












Click it and Unblock the Notifications