കണ്ണൂരിൽ പിപി മുകുന്ദന്റെ സ്‌മരണ നിലനിർത്താൻ എൻഡോവ്മെന്റ് രൂപീകരിക്കണം; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കണ്ണൂർ: പിപി മുകുന്ദന്റെ സ്‌മരണ എന്നും നിലനിർത്തുന്നതിനായി കണ്ണൂർ ജില്ല കേന്ദ്രികരിച്ചു ട്രസ്‌റ്റ് രൂപീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. ബിജെപി ദക്ഷിണ ക്ഷേത്രിയ സംഘടനാ സെക്രട്ടറിയായിരുന്ന പിപി മുകുന്ദൻ ഒന്നാം വാർഷിക അനുസ്‌മരണ സമ്മേളനം കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 20,000 രൂപ വെച്ചു 10 വർഷത്തേക്കുള്ള തുക മുൻകൂറായി തരാൻ താൻ തയ്യാറാണ്.
തന്റെ മകളുടെ ചാരിറ്റബിൾ ട്രസ്‌റ്റിൽ നിന്നും ആ തുക നൽകാൻ തയ്യാറാണ്. തനിക്കൊഴികെ മറ്റാർക്കും രാഷ്ട്രീയ ഭേദമന്യേപുരസ്‌കാരം നൽകാം. കക്ഷി രാഷ്ട്രീയത്തിനതീതമായി സമൂഹ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആർക്കും പുരസ്‌കാരം നൽകാമെന്നും സുരേഷ് ഗോപി പറഞ്ഞു. പിപി മുകുന്ദനാണ് വർഷങ്ങൾക്ക് മുൻപെ തന്നിൽ രാഷ്ട്രീയ താൽപര്യം ജനിപ്പിച്ച നേതാവ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെയുള്ള ഏറ്റവും വലിയ നേതാവായിരുന്നു അദ്ദേഹം. എൺപതുകളിൽ തന്റെ വാടക വീട്ടിൽ സന്ദർശകനായിരുന്നു മുകുന്ദേട്ടൻ ഏട്ടൻ്റെയോ അച്ഛന്റെയോ സ്ഥാനത്തു നിന്ന് അദ്ദേഹം പലകാര്യങ്ങളിലും ഇടപ്പെട്ടു.

നല്ലതും മോശവുമായ കാര്യങ്ങളിലെല്ലാം ഒരു കുടുംബാംഗത്തെപ്പോലെ ഇടപ്പെട്ടു. ഒരിക്കലും തന്റെ സംഘടനയിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും തന്റെ സംഘടനയിലെ ഒരാളായാണ് കണ്ടിരുന്നതെന്നും സംഘപ്രസ്ഥാനത്തിലേക്ക് വഴികാട്ടിയായത് അദ്ദേഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാനൂരിൽ രാഷ്ട്രീയ കലാപം ശക്തമായപ്പോൾ അതിനെ ഇല്ലാതാക്കിയത് പിപി മുകുന്ദനും നായനാർ സഖാവും തമ്മിൽ കൂടിയാലോചിച്ചു ഒരുമിച്ചു നടത്തിയ ഇടപെടലുകളായിരുന്നു. അന്ന് തന്റെ നേതൃത്വത്തിലുള്ള ചലച്ചിത പ്രവർത്തകർ അവിടെ ഉപവാസം നടത്തി.
സംവിധായകൻ 'ജോഷി ഉൾപ്പെടെയുള്ളവർ പരിപാടി നടത്താൻ ശ്രമിച്ചു. എന്നാൽ പരിപാടി തകർക്കാൻ പല ഭാഗങ്ങളിൽ നിന്നും ഇടപെടലുണ്ടായി. ഈ നീക്കങ്ങളെ തച്ചുതകർത്തുകൊണ്ടാണ് പിപി മുകുന്ദൻ പരിപാടി നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിൽ തനിക്ക് ആദ്യമായുണ്ടായിരുന്ന ബന്ധം പിപി മുകുന്ദനുമായിരുന്നു. കൊട്ടിയൂർ പെരുമാളിനെ കാണാൻ പന്ത്രണ്ട് തവണ വന്നപ്പോഴും മുകുന്ദേട്ടൻ്റെ വീട്ടിലെത്തി അദ്ദേഹം നൽകിയ ഭക്ഷണം കഴിച്ച് കുളിച്ചു മാറിയാണ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു.
കണ്ണൂരിന്റെ സംഘർഷ രാഷ്ട്രീയത്തിൽ സമാധാനത്തിന്റെ വലിയ സാധ്യതകൾ കണ്ടു എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ പിപി മുകുന്ദന് സാധിച്ചു. ആശയപരമായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കുമ്പോഴും സമാധാനപരമായ ജീവിത സാഹചര്യം നിലനിർത്താനുള്ള സാധ്യതകളാണ് അദ്ദേഹം എപ്പോഴും തേടിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പിപി മുകുന്ദൻ്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണ്. 2024ലെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ഇല്ലല്ലോയെന്ന് ഓർക്കുമ്പോൾ തനിക്ക് വിഷമം തോന്നാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
പരിപാടിയിൽ ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ സമിതി അംഗങ്ങളായ പി കെ വേലായുധൻ, എ ദാമോദരൻ, സി രഘുനാഥ് സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി, ആർഎസ്എസ് പ്രാന്തസംഘചാലക് അഡ്വക്കേറ്റ് കെ കെ ബാലറാം, ബിജെപി സംസ്ഥാന സമിതി അംഗം കെ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications