ക്രൈസ്തവ പെണ്‍കുട്ടികളുടെ കാര്യം നോക്കാന്‍ സഭയ്ക്കറിയാം: തലശേരി ആര്‍ച്ച് ബിഷപ്പ്
തലശേരി: മതങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി തലശേരി രൂപതാ ബിഷപ്പ് കണ്ണൂരില്‍ രംഗത്തെത്തി. കേരള സ്റ്റോറി, ലൗ ജിഹാദ് വിവാദങ്ങളുടെ അലയൊലികള്‍ സഭയ്ക്കുള്ളിലും പുറത്തും അണയാതെ കനല്‍ പോലെ അടിത്തട്ടില്‍ കിടക്കുമ്പോഴാണ് മതസൗഹാര്‍ദ്ദ നിലപാടുമായി തലശേരി അതിരൂപത രംഗത്തു വന്നത്.
ലൗ ജിഹാദ് പ്രചാരണത്തിനെതിരെ അതിശക്തമായ പ്രതികരണവുമായി തലശേരി അതിരൂപത രംഗത്തെത്തിയതോടെ വീണ്ടും ഇത്തരം പ്രചാരണങ്ങള്‍ ശക്തമായിരിക്കുകയാണ്. ക്രൈസ്തവ യുവതികളെ പ്രണയക്കെണിയില്‍ കുടുക്കുന്നുവെന്ന് പറഞ്ഞ് ആരും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കണ്ണൂരില്‍ തുറന്നടിച്ചു.

പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും പാംപ്ലാനി മുന്നറിയിപ്പു നല്‍കി. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ് ബിഷപ്പ് ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കിയത്.കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാര്‍ പാംപ്ലാനിയുടെ പ്രസംഗം.
നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയ ശക്തികളും ഇവിടെ വര്‍ഗീയ വിഷം വിതക്കാന്‍ പരിശ്രമിക്കേണ്ട. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും അനുവദിക്കില്ലെന്ന് ബിഷപ് പറഞ്ഞു. ക്രൈസ്തവ യുവതികളെ ലവ് ജിഹാദില്‍പ്പെടുത്തി മതം മാറ്റുന്നുവെന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികള്‍ ആത്മാഭിമാനമുള്ളവരും വിവേകമുള്ളവരുമാണെന്നും തലശ്ശേരി രൂപതയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും പ്രണയക്കുരുക്കിലോ ചതിയിലോ പെടുത്താനാകില്ല, ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണ്. നമ്മുടെ പെണ്‍മക്കളുടെ പേരുപറഞ്ഞ് വര്‍ഗീയ ശക്തികള്‍ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. നമ്മുടെ സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിനു വില പറയാന്‍ ഒരാളെ പോലും അനുവദിക്കില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
നേരത്തെ ലൗജിഹാദ് മുഖ്യ പ്രമേയമാക്കിയുള്ള കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍ തലശേരി അതിരൂപത വിട്ടു നിന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി ലൗ ജിഹാദും കേരള സ്റ്റോറിയും ചര്‍ച്ചയാക്കിയിരുന്നു. ഇതിനെതിരെയുള്ള പരോക്ഷ പ്രതികരണമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി കണ്ണൂരില്‍ നടത്തിയത്.












Click it and Unblock the Notifications